
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെയും അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വാസു കുടുങ്ങുന്നതോടെ സ്വർണ്ണക്കൊള്ളയിൽ പങ്കുള്ള മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങും. നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് കൊണ്ടു പോകുന്നതില്‍ ദേവസ്വം ബോര്‍ഡ് അനാവശ്യ തിടുക്കം കാട്ടിയെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതുതന്നെയാണ് പ്രതിപക്ഷവും നിരന്തരമായി പറഞ്ഞുകൊണ്ടിരുന്നത്. ശബരിമലയിലെ പരമാധികാരി ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നെന്ന പ്രതിപക്ഷ ആരോപണത്തിനും ഹൈക്കോടതി അടിവരയിട്ടു. 2019 മുതലാണ് സ്വർണക്കൊളള തുടങ്ങിയതെങ്കിലും 2018 മുതൽ 2025 വരെയുളള തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നടപടികൾ കൂടി അന്വേഷണ പരിധിലേക്ക് കൊണ്ടുവരണമെന്നാണ് നിലവിൽ ഹൈക്കോടതി നിർദേശം. അതുകൊണ്ടുതന്നെ നിലവിലെ ദേവസ്വം ബോർഡിന്റെ കാലാവധി നീട്ടി നൽകാൻ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
സ്വര്‍ണം പൊതിഞ്ഞ കട്ടിളപ്പാളികള്‍ രേഖകളില്‍ ചെമ്പാക്കിയത് എന്‍. വാസു ദേവസ്വം കമ്മിഷണറായിരുന്ന കാലത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു തവണ ദേവസ്വം കമ്മിഷണറും സ്വര്‍ണക്കൊള്ള നടന്ന് മാസങ്ങള്‍ക്കു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ വ്യക്തിയാണ് എന്‍ വാസു. വാസു കമ്മിഷണറായിരുന്ന കാലത്താണ് യുവതീ പ്രവേശനം ഉള്‍പ്പെടെ നടന്നത്. കമ്മിഷണര്‍ സ്ഥാനത്ത് നിന്നിറങ്ങി ഏതാനും മാസത്തിനുള്ളില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി വാസു മടങ്ങിയെത്തിയത് അദ്ദേഹത്തിന് സിപിഎമ്മിലും സര്‍ക്കാരിലുമുള്ള സ്വാധീനം വ്യക്തമാക്കുന്നതാണെന്നും വാസു കുടുങ്ങിയാല്‍ മന്ത്രിമാരും സിപിഎം നേതാക്കളും കുടുങ്ങുമെന്നും വിഡി സതീശൻ പറഞ്ഞു.