
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് (Silver Line) ഹൈക്കോടതി അനുമതി നൽകിയെന്ന മട്ടിൽ കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടുള്ള പ്രചരണങ്ങൾക്കെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ (V D Satheesan). സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സർവ്വേ നടത്താൻ മാത്രമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് (Division Bench of the High Court) സർക്കാരിന് അനുമതി നൽകിയതെന്ന് സതീശൻ ചൂണ്ടികാട്ടി. സർവേ തുടരാമെന്ന ഹൈക്കോടതി വിധിയെ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കുന്നുണ്ടെന്നും ഇത് ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷനേതാവ് (Opposition Leader Of Kerala) ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.
പ്രതിപക്ഷ നേതാവിന്‍റെ കുറിപ്പ് പൂർണരൂപത്തിൽ
സിൽവർ ലൈൻ പദ്ധതിക്ക് ഹൈക്കോടതി അനുമതി നൽകിയെന്ന മട്ടിൽ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണ്. സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സർവ്വേ നടത്താൻ മാത്രമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന് അനുമതി നൽകിയത്. നിലവിലെ അലൈൻമെന്റിനു കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സർക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള സർവേ ആൻഡ് ബൗണ്ടറീസ് ആക്ട്, 1961, ലെ ആറാം വകുപ്പ് പ്രകാരം സർക്കാറിനു ഏതെങ്കിലും പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കാൻ സർവ്വേ നടത്തുന്നതിന് അധികാരമുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസ്തുത നിയമത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കുക മാത്രമാണ് ഈ കേസിൽ കോടതി ചെയ്തിരിക്കുന്നത്. സിൽവർ ലൈൻ പദ്ധതിക്കുള്ള അംഗീകാരമോ നിർമ്മാണ അനുമതിയോ ഒരു ഘട്ടത്തിലും കോടതിയുടെ പരിഗണനാ വിഷയമായിരുന്നില്ല. ഭൂമി ഏറ്റെടുക്കൽ നടപടികളും അതിന്റെ പ്രത്യാഘാതങ്ങളും അറിയാനുള്ള അവകാശം ജനങ്ങൾക്കുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോടും പ്രതിപക്ഷത്തിന് യോജിപ്പാണ്. സർവേ തുടരാമെന്ന ഹൈക്കോടതി വിധിയെ സിൽവർ ലൈൻ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയിൽ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.
കെ റെയിലിനെതിരെ വീട് കയറിയുള്ള പ്രചാരണവുമായി എറണാകുളത്തെ സമര സമിതി
കെ റെയിലിനെ എതിര്‍ക്കുന്നവർക്ക് മുഖ്യമന്ത്രിയുടെ വിമർശനം
സിൽവർ ലൈൻ പദ്ധതിയെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കഴിഞ്ഞ ദിവസവും രംഗത്തെത്തിയിരുന്നു. നാടിന്റെ വികസനത്തെ പിന്തുണക്കാത്ത ചില മനസുകൾ ഉണ്ട്. അവരുടെ വാക്കുകൾ നാടിനെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. തങ്ങളുടെ നിലനിൽപ്പ് തകിടം മറിയമോ എന്ന് ഭയക്കുന്നവരാണ് കെ റെയിൽ ഉൾപ്പടെ പദ്ധതികളെ എതിർക്കുന്നതെന്ന അഭിപ്രായവും മുഖ്യമന്ത്രി അന്ന് പങ്കുവച്ചു.
കെ റെയിലിനെ എതിര്‍ക്കുന്നതിന് പിന്നില്‍ സ്വന്തം നിലനില്‍പ്പിനെ ഭയക്കുന്നവര്‍; വിമര്‍ശിച്ച് പിണറായി