
കണ്ണൂർ: അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കാൻ രാജ്യത്ത് ബോധപൂർവം ശ്രമം നടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ തെരെഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ പ്രവർത്തിക്കേണ്ടത് നിഷ്പക്ഷ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനാണെന്നും പിണറായി പറഞ്ഞു. ചില വിഭാഗങ്ങൾക്ക് വോട്ട് നിഷേധിച്ചാലെ അധികാരം നിലനിർത്താൻ കഴിയൂവെന്ന് അധികാരത്തിലുള്ളവർ വിചാരിക്കുകയാണ്. ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് ഗ്യാനേഷ്കുമാർ ഒരുമ്പിട്ടിറങ്ങിയത്. ഗ്യാനേഷ് കുമാറിന്റെ നടപടികൾ ചോദ്യം ചെയ്യാനുള്ള എല്ലാവരെയും ഒരുമിപ്പിക്കുക എന്നത് പ്രധാനമാണെന്നും പിണറായി പറഞ്ഞു. സിപിഎം കണ്ണൂർ വിപുലീകൃത ജില്ലാ കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
ഓരോരുത്തർക്കും ഓരോ തരത്തിൽ ശക്തിയുണ്ടാവും. എല്ലാവരെയും കൂട്ടിയാൽ വലിയ ശക്തിയുണ്ടാകും. ഇത് സിപിഎം തിരിച്ചറിഞ്ഞു. ജനപ്രതിനിധികൾ പ്രക്ഷോഭത്തിൽ ആക്രമിക്കപ്പെടുന്നുണ്ട്. ചോദ്യം ചെയ്യൽ ശക്തിപ്പെട്ടു വരികയാണ്. അതിന്റെ മുന്നിൽ ഇടതു വിദ്യാർത്ഥി യുവജന സംഘടനകൾ വരുന്നു. എത്ര സംരക്ഷിക്കാൻ ശ്രമിച്ചാലും ബിജെപി സർക്കാരിന് ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ കഴിയില്ലെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ തെരഞ്ഞെടുപ്പു പരാജയത്തിൽ സിപിഎമ്മിനെ തകർക്കുന്നതിനു വേണ്ടി ഇറങ്ങുന്ന വലതു പക്ഷം മതി മറന്നു ആഹ്ലാദിച്ചു. സിപിഎം പൂർണമായി തകരുന്നതിന്റെ തുടക്കമാണ് ഈ പരാജയമെന്നാണ് പ്രചാരണം. തെരഞ്ഞെടുപ്പ് വിജയത്തിൽ മതി മറന്നു ആഹ്ലാദിക്കുകയോ, പരിജയത്തിൽ നിരാശയിലാകുകയോ ഇല്ല. തെറ്റു തിരുത്തി മുന്നോട്ട് പോകാനാണ് എപ്പോഴും ശ്രമിച്ചിട്ടുള്ളത്. തിരിച്ചടി മറി കടന്നു പോകുമെന്ന ആത്മവിശ്വാസമാണ് പാർട്ടിക്ക്. സിപിഎമ്മിനെ എഴുതിത്തള്ളാറായി എന്ന് കരുതിയവർക്ക് തന്നെ തിരുത്തേണ്ടി വരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പ് നടന്നപ്പോൾ അതിന്റെ ഫലം വലതു ശക്തികളെ അമ്പരപ്പിച്ചു. കേരളത്തിൽ മാത്രമല്ല രാജ്യത്താകെ സിപിഎം ഇന്നത്തെ സാഹചര്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്നു. രാജ്യത്തെ മഹാശക്തിയല്ല സിപിഎം. കൂടുതൽ കരുത്തോടെ സിപിഎം, വിഷയങ്ങളിൽ ഇടപെടുന്നുണ്ട്. പാർട്ടിയുടെ ഇടപെടൽ ശേഷിയെ എല്ലാവരും അംഗീകരിക്കുന്നുവെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായെന്നും ആർഎസ്എസ് അജണ്ട നടപ്പാക്കാനാണ് യുഡിഎഫ് സർക്കാരിന് താല്പര്യമെന്നും പിണറായി വിജയൻ. യുവ തലമുറയെ കാവി വത്കരിക്കാൻ പൊതു വിദ്യാഭ്യാസ മേഖലയെ ഉപയോഗിക്കണമെന്ന് ആർഎസ്എസ് കരുതുകയാണ്. പിഎം ശ്രീ നടപ്പാക്കുന്നതിനാണ് യുഡിഎഫ് സർക്കാരിന് മുൻഗണന. യുഡിഎഫ് അണികളിൽ നിന്നും ഇതിൽ ചോദ്യം ഉയരുന്നു. ഇപ്പോഴും നടപ്പാക്കാനാണ് ശ്രമം. ഗവർണർ തോന്നിയ പോലെ പ്രവർത്തിക്കുകയാണ്. എൽഡിഎഫ് കാലത്ത് ഇത് പ്രതിരോധിച്ചിരുന്നു. ഗവർണർക്കെതിരെ സംസാരിച്ചു കൂടാ എന്ന നിലയിലാണ് യുഡിഎഫ് നീങ്ങുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
കിഫ്ബിക്കെതിരെ യുഡിഎഫ് സർക്കാർ രൂപീകരിച്ച സമിതി റിപ്പോർട്ട് നൽകി. കണ്ണൂരിലാണ് കിഫ്ബി ഫണ്ട് അധികവും ചിലവഴിച്ചതെന്ന് പറയുന്നു. ഒരുലക്ഷം കോടിയാണ് സംസ്ഥാനത്തു വകയിരുത്തിയത്. നാൽപതിനായിരം കോടിയുടെ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മെട്രോ എറണാകുളത്ത് വന്നപ്പോൾ അത് അവിടെയാണ് എന്ന് ആരെങ്കിലും ചിന്തിച്ചോ. സ്മാർട്ട് സിറ്റി എറണാകുളത്ത് അല്ലെ വന്നേ. ഇത് ഏതെങ്കിലും ഒരു പ്രദേശത്തിന്റെ ആണെന്ന് ആരെങ്കിലും കണ്ടിരുന്നോ. നാലു വിമാനത്താവളങ്ങളിൽ കണ്ണൂരിൽ മാത്രമാണ് ആവശ്യമായ സ്ഥലം കിട്ടുന്ന അവസ്ഥ ഉള്ളത്. ഇന്നത്തെയോ നാളത്തെയോ കാര്യം മാത്രമല്ല സർക്കാർ ചിന്തിക്കുക. അടുത്ത് വർഷത്തേക്ക് ചിന്തിക്കും. സർക്കാരിന്റെ ആകെ കാര്യങ്ങൾക്ക് ഉതകുന്ന സ്ഥലമാണ് എടുത്തു വെക്കുന്നത്. അതിനെ തെറ്റായി ചിത്രീകരിക്കാൻ ശ്രമിച്ചു. സർക്കാർ താല്പര്യം അനുസരിച്ചായിരിക്കും കമ്മീഷൻ റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് മഹത്തായ കാര്യം എന്നാണ് സി എം പറയുന്നത്. അഞ്ചിരട്ടി പണം ഭൂമിക്ക് നൽകിയെന്നു സിഎം പറയുന്നു. ഇതിനു കടുത്ത വാക്കുകളിലാണ് മറുപടി പറയേണ്ടത്. മാധ്യമങ്ങൾ ഇതിനെ ചോദ്യം ചെയ്തോ. ഏതെങ്കിലും ഒരു നിഷ്പക്ഷ മാധ്യമം ഇത് ചോദിച്ചോ. അവരുടെ മഷി ഇല്ലാഞ്ഞിട്ടാണോ.
കിഫ്ബിയുടെ മേശ വലിപ്പിൽ നിന്നും പണമെടുത്തല്ല കൊടുത്തത്. ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമാണ്. വിലയിൽ കുറവുണ്ടായാൽ കോടതിയിൽ ചോദ്യം ചെയ്ത് അർഹതപ്പെട്ടത് നേടിയെടുക്കാൻ കഴിയും. ഇവിടെ സ്ഥലം എടുക്കാൻ ഉണ്ട്. കണ്ണൂർ എന്ന് കേട്ടപ്പോൾ എന്താണ് വല്ലാത്ത വിഷമമാണ്. കണ്ണൂർ കേരളത്തിന്റെ ഭാഗമല്ലേ. പാലക്കാട് ആണ് സ്ഥലം കിട്ടാൻ ഉള്ളത്. അവിടെ സ്ഥലം എടുത്തു. ഒരു സർക്കാരിന് ചേരാത്ത രീതിയിൽ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. പശ്ചാത്തല സൗകര്യ വികസനത്തിൽ മുന്നേറ്റം ഉണ്ടാക്കിയത് കിഫ്ബി ഇടപെടൽ വഴിയാണെന്നും പിണറായി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam