
പാലക്കാട്: യുഡിഎഫ് സർക്കാരിന് സംഘപരിവാർ അനുകൂല നയമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. മണ്ണാർക്കാട്ടെ സിപിഎം ബഹുജനറാലിയിൽ പ്രസംഗിക്കവെയാണ് പിണറായി യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം നടത്തിയത്. യുവ മോർച്ചക്കാരോടും എബിവിപിക്കാരോടും ചോദിച്ചാൽ കേരളത്തിൽ ഞങ്ങളുടെ ഭരണമാണെന്നു പറയും. വന്ദേമാതരം വിഷയത്തിൽ കോൺഗ്രസിന്റെ നിലപാടല്ല കേരളത്തിലെ സർക്കാരിനെന്നും പിണറായി കുറ്റപ്പെടുത്തി. സംഘപരിവാർ നയമാണ് യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പാക്കുന്നത്. വിദ്യാഭ്യാസ മേഖലയിലും അതിന് ശ്രമിക്കുന്നതിന്റെ ഭാഗമാണ് പിഎംശ്രീയെന്നും അദ്ദേഹം പറഞ്ഞു.
പിഎംശ്രീ പദ്ധതി എൽഡിഎഫ് സർക്കാർ നടപ്പാക്കേണ്ട എന്ന് തീരുമാനിച്ചതാണ്. എന്നാൽ യുഡിഎഫ് സർക്കാർ പിഎംശ്രീക്ക് അനുകൂല നിലപാടെടുത്തു, സവർക്കറെ പ്രകീർത്തിക്കുന്ന നിലയുണ്ടാവുന്നു, ബാലഗോകുലത്തിന്റെ മയിൽപ്പീലി സ്കോളർഷിപ്പ് വരുന്നു. എങ്ങനെ വന്നു ഈ നിലപാടുകൾ? ഇത് പ്രബുദ്ധകേരളം ചോദ്യം ചെയ്യുമെന്നും പിണറായി വിജയൻ പാലക്കാട് പ്രതികരിച്ചു. തുടർച്ചയായ ശിശുമരണങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് അട്ടപ്പാടിയിൽ പിണറായി വിജയൻ സന്ദർശനം നടത്തി. കുഞ്ഞുങ്ങളെ നഷ്ടമായ കുടുംബങ്ങളെ പിണറായി നേരിൽ കണ്ടു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നല്ല രീതിയിൽ മുന്നോട്ട് പോയ പല ആദിവാസി ക്ഷേമപദ്ധതികളും ഇപ്പോൾ അവതാളത്തിലാണെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങൾക്ക് സർക്കാർ 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും പിണറായി ആവശ്യപ്പെട്ടു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവിച്ച് ഒരു മണിക്കൂറിനകം കുഞ്ഞ് മരിച്ച അട്ടപ്പാടി മുക്കാലിയിലെ രാജിയുടെ വീട്ടിലായിരുന്നു സന്ദർശനത്തിന്റെ തുടക്കം. ചികിത്സാപ്പിഴവ് ആരോപണം ഉയർന്ന കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിയ പ്രതിപക്ഷ നേതാവ് ചികിത്സാ സൗകര്യങ്ങൾ വിലയിരുത്തി. ആദിവാസി ക്ഷേമത്തിനായി എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പദ്ധതികൾ പലതും ഇപ്പോൾ നിലച്ച മട്ടാണെന്ന് വിമർശനം. ഒരു പതിറ്റാണ്ടിനിടെ ശിശുമരണങ്ങൾ കുറഞ്ഞ അട്ടപ്പാടിയിൽ, കഴിഞ്ഞ അഞ്ച് മാസത്തിനിടെ പത്ത് കുഞ്ഞുങ്ങൾ മരിച്ചത് ഗുരുതര സാഹചര്യമാണെന്ന് പ്രതിപക്ഷം പറയുന്നു. ചികിത്സാ പിഴവും പോഷകാഹാരക്കുറവും വീണ്ടും തലപൊക്കുമ്പോൾ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam