സ്വർണ്ണക്കടത്ത്: കേരള പൊലീസും എഫ്ഐആർ രജിസ്റ്റർ ചെയ്യണം, ഡിജിപിക്ക് കത്ത് നൽകി ചെന്നിത്തല

By Web TeamFirst Published Jul 11, 2020, 10:45 AM IST
Highlights

മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം. ഡിജിപിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. 

തിരുവനന്തപരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്ത് കേസിൽ  കേരള പൊലീസും കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം വ്യക്തമാക്കി ഡിജിപിക്ക് പ്രതിപക്ഷ നേതാവ് കത്ത് നൽകി. സ്വർണ്ണക്കള്ളക്കടത്തും അതുമായി ബന്ധപ്പെട്ട ഭീകരവാദവും അടങ്ങുന്ന രാജ്യദ്രോഹകുറ്റവുമാണ് എന്‍ഐഎ അന്വേഷണത്തിൽ അടങ്ങിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണപരിധിയിൽ ഉൾപ്പെടുത്തണം.

സർക്കാർ എംബ്ലം പതിപ്പിച്ച വ്യാജ വിസിറ്റിംഗ് കാർഡ് ഉപയോഗിച്ചത് സംബന്ധിച്ചും വ്യാജ സർട്ടിഫിക്കേറ്റ് നൽകി ജോലി നേടിയത് സംബന്ധിച്ചും ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിച്ച് കള്ളക്കടത്തും ഇക്കാര്യങ്ങളിൽ, മുഖ്യമന്ത്രിയുടെ ഓഫീസിലെ അടക്കമുള്ള ഉന്നത സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കൊന്നും തന്നെ ഇപ്പോഴത്തെ എൻ ഐ എ അന്വേഷണത്തിന്റെ പരിധിയിൽ വരുന്നില്ല. അതുകൊണ്ട് അടിയന്തരമായി ഈ വിഷയങ്ങൾ ഉൾപ്പെടുത്തി കേരള പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 

അതിനിടെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രതികളായ സരിത്, സന്ദീപ് എന്നിവരുടെ ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാൻ നീക്കം നടക്കുന്നുണ്ട്. സ്വർണ്ണക്കടത്തിൽ സ്വപ്നയുൾപ്പെടെയുള്ളവരുടെ പങ്കാളിത്തം സംബന്ധിച്ച് ഇവർ കസ്റ്റംസിന് മൊഴി നൽകിയിരുന്നു. ഇത് പിന്നീട് മാറ്റി പറയാതിരിക്കാനാണ് രഹസ്യ മൊഴിയെടുക്കുന്നതിന് തീരുമാനിച്ചത്. അടുത്തയാഴ്ച ഇതിനായി കസ്റ്റംസ് അപേക്ഷ നൽകും. 

click me!