
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെട്ടി നാടകം പൊളിഞ്ഞെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് മന്ത്രി എംബി രാജേഷും അളിയനും നടത്തിയ നാടകമാണിതെന്ന് രൂക്ഷഭാഷയിൽ പ്രതികരിച്ചു. എംബി രാജേഷ് പൊതുജനത്തോട് മാപ്പ് പറയണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നായിരുന്നു വിഷയത്തിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. പൊലീസിന് ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട് പോകാനാകില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആരാണ് എസ്പിക്ക് നിർദേശം നൽകിയതെന്ന് എംബി രാജേഷ് മറുപടി പറയണമെന്നും ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
പൊലിസ് അന്വേഷണം നിർത്തിയാലും പെട്ടി വിടില്ലെന്ന് ട്രോളി വിവാദത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. തന്നെ കള്ളപ്പണക്കാരനായി ചിത്രീകരിച്ചെന്നും മാനനഷ്ടകേസുമായി മുന്നോട്ടുപോകാൻ തന്നെയാണ് തീരുമാനമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി. നടന്നത് വലിയ ഗൂഢാലോചനയാണ്. മന്ത്രി, മന്ത്രിയുടെ ഭാര്യ സഹോദരൻ, മുൻ മാധ്യമപ്രവർത്തകൻ, മറ്റൊരു മാധ്യമപ്രവർത്തകൻ എന്നിവരാണ് ഇതിനു പിന്നിലെന്നും രാഹുല്‍ ആരോപിച്ചു. സിപിഎം-ബിജെപി നാടകമെന്ന് അന്നേ തെളിഞ്ഞതാണ്. തിരഞ്ഞെടുപ്പ് ഫലം മറിച്ചായിരുന്നുവെങ്കിൽ സ്ഥിതി എന്താകുമായിരുന്നു എന്നും രാഹുല്‍ ചോദിച്ചു. ചില മാധ്യമങ്ങൾ അമിതാവേശം കാട്ടിയെന്നും രാഹുല്‍ വിമര്‍ശിച്ചു.