
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഉയര്‍ന്ന നീല ട്രോളി ബാഗ് വിവാദത്തില്‍ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. കോൺഗ്രസ് നേതാക്കൾ ട്രോളി ബാഗിൽ പണം എത്തിച്ചെന്ന പരാതിയിൽ തെളിവ് കണ്ടെത്താനായില്ലെന്ന അന്വേഷണ റിപ്പോർട്ടാണ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി പാലക്കാട് എസ്പിക്ക് നൽകിയത്.
വിവാദത്തില്‍ തുടർ നടപടി ആവശ്യമില്ലെന്നും കേസ് അവസാനിപ്പിക്കുമെന്നും എസ്പി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിസിടിവിയിൽ നീല ട്രോളി ബാഗ് ഉണ്ട്, എന്നതിനപ്പുറം പണം ഉണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. കള്ളപ്പണം കൊണ്ടുവന്നു എന്ന ആരോപണത്തിന് തെളിവില്ല. നീല ട്രോളി ബാഗ് എടുത്തുപോകുന്നയാൾക്ക് പരിഭ്രമമടക്കം കണ്ടിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. കൃത്യമായി തെളിവുകൾ ഇല്ലാത്തതിനാൽ തുടർ നടപടി വേണ്ടെന്നാണ് തീരുമാനം
അതേസമയം, പൊലീസ് അന്വേഷണം അവസാനിപ്പിച്ചാലും യുഡിഎഫ് നിയമ പോരാട്ടം തുടരുമെന്ന് നിയുക്ത എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. പെട്ടി നാടകം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. മന്ത്രി എം ബി രാജേഷും അളിയനും നടത്തിയ നാടകമാണിത്. എം ബി രാജേഷ് പൊതുജനത്തോട് മാപ്പ് പറയണമെന്നും വി ഡി സതീശൻ പറഞ്ഞു.
സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റം എന്നായിരുന്നു വിഷയത്തിൽ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാന്റെ പ്രതികരണം. പൊലീസിന് ഈ സംഭവത്തിൽ നിന്ന് രക്ഷപ്പെട്ട് പോകാനാകില്ലെന്നും ഷാനിമോൾ ഉസ്മാൻ പറഞ്ഞു. ആരാണ് എസ്പിക്ക് നിർദേശം നൽകിയതെന്ന് എംബി രാജേഷ് മറുപടി പറയണമെന്നും ഷാനിമോൾ ഉസ്മാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
നവംബര്‍ ആറിന് പുലര്‍ച്ചെയാണ് കെപിഎം ഹോട്ടലിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന മുറികളില്‍ പൊലീസ് സംഘമെത്തി പരിശോധന നടത്തിയത്. പാതിരാത്രി 12 മണിയാണ് റെയ്ഡ് തുടങ്ങിയത്. കോൺഗ്രസ് വനിതാ നേതാക്കളടക്കം താമസിച്ച 12 മുറികളിൽ പൊലീസ് സംഘം പരിശോധന നടത്തി.
പരാതി ലഭിച്ചിട്ടില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയതെന്നുമായിരുന്നു റെയ്ഡ് നടന്ന വേളയിൽ പൊലീസിന്റെ ആദ്യ വിശദീകരണം. എന്നാൽ പരിശോധന വിവാദമായതോടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയതെന്ന് വിശദീകരിച്ച് പൊലീസ് പിന്നീട് മലക്കംമറിഞ്ഞു. ഒടുവിൽ മുറി പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് എഴുതി നൽകിയാണ് പാലക്കാട്ടെ ഹോട്ടലിൽ നിന്നും പൊലീസ് മടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam