സ്വർണക്കടത്ത് കേസ് ഒത്തുതീർത്തവർ സിൽവർ ലൈനിലും; സിപിഎം-ബിജെപി ഒത്തുതീര്‍പ്പിന് ദില്ലിയിൽ ഇടനിലക്കാരെന്ന് സതീശൻ

Web Desk   | Asianet News
Published : Mar 24, 2022, 11:34 PM IST
സ്വർണക്കടത്ത് കേസ് ഒത്തുതീർത്തവർ സിൽവർ ലൈനിലും; സിപിഎം-ബിജെപി ഒത്തുതീര്‍പ്പിന് ദില്ലിയിൽ ഇടനിലക്കാരെന്ന് സതീശൻ

Synopsis

'പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണ്. ജനാധിപത്യം പാര്‍ലമെന്റിന് മുന്നില്‍ കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്'

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് നടത്തിയ ക്രൂര ആക്രമണത്തിന് പിന്നില്‍ ഇതേ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ

പാര്‍ലമെന്റിന് മുന്നില്‍ എം.പിമാര്‍ക്ക് എതിരെ നടന്ന ആക്രമണം ക്രൂരവും ദൗര്‍ഭാഗ്യകരവുമാണ്. ജനാധിപത്യം പാര്‍ലമെന്റിന് മുന്നില്‍ കൊല ചെയ്യപ്പെട്ടിരിക്കുകയാണ്. ഈ ആക്രമണത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ട്. അതേക്കുറിച്ച് അന്വേഷിക്കണം. ഒരു പ്രകോപനവുമില്ലാതെ ക്രൂരമായ ആക്രമണമാണ് എം.പിമാര്‍ക്കെതിരെ ഉണ്ടായത്. പൊലീസിനുണ്ടായ ചേതോവികാരം എന്താണെന്ന് അറിയാനുള്ള അവകാശം രാജ്യത്തിനുണ്ട്. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന ദിവസമാണ് എം.പിമാര്‍ക്കെതിരെ ആക്രമണമുണ്ടായത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ സില്‍വര്‍ ലൈനില്‍ ഒരു ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞ ഒരാഴ്ചയായി ചിലര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരു സുപ്രഭാതത്തില്‍ അവസാനിപ്പിക്കാന്‍ കാരണക്കാരായ അതേ ഇടനിലക്കാര്‍ തന്നെയാണ് ഈ രണ്ടു സര്‍ക്കാരുകളെയും രണ്ടു പ്രസ്ഥാനങ്ങളെയും തമ്മില്‍ സില്‍വര്‍ ലൈനിന്റെ കാര്യത്തിലും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പൊലീസ് നടത്തിയ ക്രൂര ആക്രമണത്തിന് പിന്നില്‍ ഇതേ ഇടനിലക്കാരുണ്ടോയെന്ന് അന്വേഷിക്കണം. 

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രതികരണത്തില്‍ പുതിയതായി ഒന്നുമില്ല. സില്‍വര്‍ ലൈന്‍ വന്ന കാലത്തുള്ള അതേ കാര്യങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേന്ദ്രവും റെയില്‍വെയും അഞ്ച് പൈസ തരില്ലെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. എന്നിട്ടും പഴയ കടലാസുകളാണ് മുഖ്യമന്ത്രി വായിക്കുന്നത്. പൗരപ്രമുഖരുമായി നടത്തിയ ചര്‍ച്ചയിലും നിയമസഭയിലും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞത്. പാരിസ്ഥിതി ലോലമായ കേരളത്തെ തകര്‍ക്കുന്ന പദ്ധതിയെ കുറിച്ചാണ് പ്രതിപക്ഷം ചോദിക്കുന്നത്. ഡി.പി.ആര്‍ അബദ്ധ പഞ്ചാംഗമാണ്. കെ- റെയില്‍ തുടങ്ങാനോ സ്ഥലം ഏറ്റെടുക്കാനോ അനുമതി നല്‍കിയിട്ടില്ലെന്ന് റെയില്‍വെ മന്ത്രി പാര്‍ലമെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുപ്പുമായി മുന്നോട്ടു പോകില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിലാണ് പരിസ്ഥിതി ആഘാത പഠനത്തിന് കല്ലിടാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. 64000 കോടി രൂപയാണ് പദ്ധതി ചെലവെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് ഈ കണക്ക് കിട്ടിയത്? സര്‍വെയോ ജിയോളജിക്കല്‍ പഠനമോ നടത്തിയിട്ടില്ല. എസ്റ്റിമേറ്റ് ഇല്ലാതെ എങ്ങനെയാണ് 64000 കോടി ചെലവാകുമെന്ന് പറയുന്നത്. ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം കോടിയാകുമെന്നാണ് 2018 -ല്‍ നീതി ആയോഗ് പറഞ്ഞത്. അതനുസരിച്ച് 2022 -ല്‍ ഒരു ലക്ഷത്തി അറുപതിനായിരം കോടിയാകും. അഞ്ച് വര്‍ഷമോ പത്ത് വര്‍ഷമോ കൊണ്ട് പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ട് ലക്ഷം കോടിയോ രണ്ടര ലക്ഷം കോടിയോ പദ്ധതിക്ക് വേണ്ടിവരും. 64000 കോടിയുടെ കണക്ക് മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയത്. ചെലവ് കുറച്ച് കാണിക്കാന്‍ വേണ്ടി രേഖകളില്‍ കൃത്രിമം കാട്ടിയിരിക്കുകയാണ്. പ്രാഥമിക, അന്തിമ സാധ്യതാ പഠനം, വിശദ പദ്ധതി രേഖ എന്നിവയില്‍ ഡാറ്റാ കൃത്രിമം നടത്തിയിരിക്കുകയാണ്. കള്ളക്കണക്കുകളാണ് മുഖ്യമന്ത്രി വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നത്. 

530 കിലോ മീറ്റര്‍ ദൂരമുള്ള റെയിലില്‍ 328 കിലോമീറ്റര്‍ 35 മുതല്‍ 40 അടി ഉയരത്തില്‍ എംബാങ്ക്‌മെന്റ് പണിയുമെന്നും ബാക്കിയുള്ള സ്ഥലത്ത്, ഭൂമിയിലൂടെ പോകുമ്പോള്‍ ഇരുവശത്തും മതില്‍ കെട്ടിവയ്ക്കുമെന്നുമാണ് ഡി.പി.ആറില്‍ പറയുന്നത്. ബഫര്‍ സോണ്‍ ഇല്ലാതെ ഈ പദ്ധതി കൊണ്ടു പോകാന്‍ പറ്റുമോ? സാധാരണ റെയിലിന് രണ്ടു വശത്തേക്ക് 30 മീറ്ററാണ് ബഫര്‍ സോണ്‍. സില്‍വര്‍ ലൈനിന് റെയില്‍വെയുടെ നിബന്ധന പ്രകാരം ഇപ്പോള്‍ ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ രണ്ടു വശത്തേക്ക് 20 മീറ്റര്‍ ബഫര്‍ സോണ്‍ വേണ്ടി വരും. അതിവേഗ ട്രെയിനിന് കൂടുതല്‍ ബഫര്‍ സോണ്‍ വേണം. ഇങ്ങനെയുള്ള ബഫര്‍ സോണിന് നഷ്ടപരിഹാരം നല്‍കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. 

50 സെന്റുള്ള ഒരാളുടെ സ്ഥലത്തിന്റെ മധ്യഭാഗത്തെ 20 സെന്റ് ഏറ്റെടുത്ത് കഴിഞ്ഞാല്‍ ബാക്കിയുള്ള 30 സെന്റിന് ഒരു നഷ്ടപരിഹാരവും ലഭിക്കില്ല. സ്ഥലം നഷ്ടപ്പെടുന്നവര്‍ മാത്രമല്ല കേരളം മുഴുവന്‍ സില്‍വര്‍ ലൈനിന്റെ ഇരകളായി മാറും. പദ്ധതിക്ക് പിന്നിലെ അഴിമതി മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ജെയ്ക്കയുമായി ചേര്‍ന്ന് സാങ്കേതികവിദ്യ വരെ മാറ്റി. കേരളമാണോ വായ്പ നല്‍കുന്ന ജപ്പാനിലെ ജെയ്ക്കയാണോ സില്‍വര്‍ ലൈനിന്റെ സാങ്കേതികവിദ്യ തീരുമാനിക്കുന്നത്?  ജപ്പാനില്‍ നിന്നും തുരുമ്പെടുത്ത  സ്റ്റാന്‍ഡേര്‍ഡ് ഗേജ് കേരളത്തിലേക്ക് കയറ്റി അയയ്ക്കാനാണ് പദ്ധതി. ഇതിന് പിന്നില്‍ വന്‍ അഴിമതിയാണ്. ഈ അഴിമതിക്ക് വേണ്ടിയാണ് കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും സാമൂഹികമായും തകര്‍ക്കുന്നത്. 

ജനങ്ങള്‍ നടത്തുന്ന സമരത്തിനാണ് യു.ഡി.എഫ് പിന്തുണ നല്‍കുന്നത്. കല്ല് പിഴുതെടുക്കുന്നവരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുമെന്നാണ് ഭീഷണി. പാവങ്ങളെ ജയിലിലേക്ക് അയയ്ക്കില്ല. യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും ജയിലിലേക്ക് പോകും. തൃശൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും ചോറ്റാനിക്കരയില്‍ ഡി.സി.സി അധ്യക്ഷന്‍ ഷിയാസിനും മുന്‍ മന്ത്രി അനൂപ് ജേക്കബ്ബിനും എതിരെ കേസെടുത്തു. ഏത് യു.ഡി.എഫ് നേതാവും ജയിലില്‍ പോകാന്‍ തയാറാണ്. മുഖ്യമന്ത്രി ഞങ്ങളെ വിരട്ടേണ്ട. സമരത്തില്‍ വര്‍ഗീയതയും തീവ്രവാദവും ആരോപിക്കേണ്ട. നരേന്ദ്ര മോദിയുടെ ഭാഷയില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെ വിരട്ടാന്‍ വരേണ്ട. യു.ഡി.എഫ് സമരം ചെയ്യുന്നത് സാധാരണക്കാര്‍ക്കൊപ്പമാണ്. സമര സമിതിക്ക് യു.ഡി.എഫ് പിന്തുണ നല്‍കിയിട്ടുണ്ട്. ആ സമരത്തെ സര്‍ക്കാരിന് ഭയമാണ്. അതുകൊണ്ടാണ് വര്‍ഗീയത ആരോപിക്കുന്നത്. 

ചോദിക്കുന്ന ചോദ്യങ്ങള്‍ ഉത്തരം നല്‍കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. അഴിമതിക്ക് കേരളത്തെ വിട്ടു കൊടുക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ല. മിണ്ടാതിരുന്നാല്‍ നാളെകളില്‍ പ്രതിപക്ഷം വിചാരണ ചെയ്യപ്പെടും. ഈ സമരവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യും. 


ഡി.പി.ആറിനെ ഓരോ ദിവസവും മുഖ്യമന്ത്രിയും മന്ത്രിമാരും തള്ളിപ്പറയുകയാണ.് ഡാറ്റാ കൃത്രിമം കാട്ടിയതിലൂടെ ഗുരുതര കുറ്റകൃത്യമാണ് നടത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ കേസെടുക്കേണ്ടതാണ്. ജനങ്ങളെയും നാടിനെയും കബളിപ്പിക്കാനുള്ള ഗൂഡാലോചനയാണ് നടന്നിരിക്കുന്നത്. ഡി.പി.ആര്‍ തയാറാക്കിയ സിസ്ട്ര തലവന്‍ തന്നെ തട്ടിക്കൂട്ടിയ റിപ്പോര്‍ട്ടാണെന്ന് പറഞ്ഞിട്ടുണ്ട്. 2017 മുതല്‍ പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന ദുര്‍ബല പ്രദേശമാണ് കേരളം. ഭാവിയില്‍ കൊച്ചിവരെ മുങ്ങിപ്പോകാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടുണ്ട്. 165 ജല സ്രോതസുകള്‍ ഇല്ലാതാകുമെന്ന് സര്‍ക്കാര്‍ നടത്തിയ പഠനത്തില്‍ തന്നെ പറഞ്ഞിട്ടുണ്ട്. വിഴിഞ്ഞം തുറമുഖത്തിന് ഇടാന്‍ ആവശ്യമായ കല്ലുകള്‍ കിട്ടാനില്ലെന്ന് പറയുന്നവര്‍ സില്‍വര്‍ ലൈനിന് ആവശ്യമായ പ്രകൃതി വഭിവങ്ങള്‍ എവിടെ നിന്ന് കണ്ടെത്തും? ഈ ചോദ്യങ്ങള്‍ക്കൊന്നും മറുപടിയില്ല. ആറു മാസം മുന്‍പുള്ള കടലാസാണ് മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലും വായിച്ചത്. 

മന്ത്രി സജി ചെറിയാന്‍ വീട് ഒഴിവാക്കാന്‍ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയെന്നത് ഗുരുതരമായ ആരോപണമാണ്. തെളിവ് സഹിതമാണ് തിരുവഞ്ചൂര്‍ ആരോപണം ഉന്നയിച്ചത്. ഇതിന് മന്ത്രി ഒരു മറുപടിയും പറഞ്ഞില്ല. തന്റെ സ്വത്തിനെ കുറിച്ചും പാലിയേറ്റീവ് കെയറിനെ കുറിച്ചുമാണ് മന്ത്രി പറഞ്ഞത്. ആദ്യ അലൈന്‍മെന്റ് എന്തുകൊണ്ട് മാറ്റിയെന്നു മാത്രം പറയുന്നില്ല. വേറെ പലര്‍ക്ക് വേണ്ടിയും അലൈന്‍മെന്റ് മാറ്റിയതും ഉടന്‍ പുറത്ത് വരും. 

കേരളത്തില്‍ കെ റെയിലിന് എതിരെ നടന്ന സ്ഥലങ്ങളിലെല്ലാം യു.ഡി.എഫ് സാന്നിധ്യമുണ്ടായിരുന്നു. കേരളത്തില്‍ മുഴുവന്‍ വേരുകളുള്ള പ്രസ്ഥാനമാണ് യു.ഡി.എഫും കോണ്‍ഗ്രസും. യു.ഡി.എഫിന് സമരം ചെയ്യാന്‍ മറ്റാരുടെയും സഹായം വേണ്ട. സമര സമിതിയുമായി സഹകരിക്കും. അല്ലാതെയുള്ള ഒരു കൂട്ടുകെട്ടുമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തദ്ദേശതെരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിൽ മികച്ച പോളിം​ഗ്, എല്ലാ ജില്ലകളിലും 70ശതമാനത്തിലധികം, കൂടുതൽ വയനാട്, കുറവ് തൃശ്ശൂർ
അടിയേറ്റ് ചിത്രപ്രിയ ബോധമറ്റതോടെ അലൻ ഓടിരക്ഷപെട്ടു; മൃതദേഹത്തിനരികിൽ കണ്ട വാച്ചിൽ ദുരൂഹത, കൂടുതൽ തെളിവ് ശേഖരിക്കുന്നുവെന്ന് പൊലീസ്