സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും വര്‍ഗ്ഗീയതക്കെതിരെയും പോരാടും: വി ഡി സതീശന്‍

By Web TeamFirst Published May 23, 2021, 3:29 PM IST
Highlights

'ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും  മുന്നോട്ടു കൊണ്ടുപോവുക.' 

തിരുവനന്തപുരം: പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഉണ്ടാവുകയെന്നും സംഘപരിവാറിന്‍റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും വര്‍ഗ്ഗീയതക്കെതിരെയുമായിരിക്കും തന്‍റെ പോരാട്ടമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും മുന്നോട്ടു കൊണ്ടുപോവുകയെന്ന് സതീശന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രതിപക്ഷ നേതാവ് തന്‍റെ നിലപാട് വ്യക്തമാക്കിയത്. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണനയെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ പദവി ഏറ്റെടുക്കുന്നത്. എന്നെ ഇതിനായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാന്റിനോടും കേരളത്തിലെ മുതിർന്ന നേതാക്കന്മാരോടുമുള്ള നന്ദി ഞാൻ അറിയിക്കട്ടെ.  

പുതിയ തലമുറയെയും പുതിയ രാഷ്ട്രീയത്തെയും അഡ്രസ് ചെയ്യുന്ന ഒരു പ്രതിപക്ഷ പ്രവർത്തനമാണ് ഇന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത്.  കാലാനുസൃതമായ മാറ്റം എല്ലാ രംഗത്തും ഉണ്ടാകണം എല്ലാ ഘടകക്ഷികളെയും ജനവിഭാഗങ്ങളെയും ഒരുമിച്ചു ചേർത്ത് ഈ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അവരുടെ ആഗ്രഹത്തോടൊപ്പം നിന്നു ക്രിയാത്മകമായ ഒരു പ്രതിപക്ഷമായി നിയമസഭയിലും പുറത്തും പ്രവർത്തിക്കുമെന്ന് ഉറപ്പു നൽകുന്നു.

സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ആണ് കേരളത്തിന്റെ പൊതുബോധം. ആശയപരമായ പോരാട്ടത്തിലൂടെ ഈ മണ്ണിൽ വർഗീയതയുടെ രാഷ്ട്രീയത്തെ കുഴിച്ചു മൂടുക എന്നതാവും യു.ഡി.എഫിന്റെ പ്രഥമ പരിഗണന. ഞാൻ എന്നും പറഞ്ഞിട്ടുള്ളത് പോലെ വർഗീയതയോടു സന്ധിയില്ലാത്ത സമരം ആണ് എന്റെ രാഷ്ട്രീയം. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയെയും ഒരു പോലെ എതിർത്തു തോൽപ്പിക്കുന്ന പോരാട്ടം ആവണം നമ്മൾ നടത്തേണ്ടത്. 

ഒരു സമുദായ സംഘടനയ്ക്കും കീഴ്പ്പെടാതെ നെഹ്രുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചു വരവിനുള്ള പ്രവർത്തനമാവും നമ്മൾ മുന്നോട്ടു കൊണ്ടുപോവുക.  ഓരോ യു ഡി എഫ് പ്രവർത്തകനും ഈ പോരാട്ടത്തിന് തയ്യാറെടുക്കണം. ഒരു സംശയവും വേണ്ട നമ്മൾ ഒരു കൊടുങ്കാറ്റു പോലെ തിരിച്ചു വരും!!
എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും ഉണ്ടാവണം എന്ന് പ്രാർത്ഥിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!