
തിരുവനന്തപുരം: നിലമ്പൂരിൽ സർക്കാരിന് വോട്ട് കുത്തനെ കുറഞ്ഞത് ഭരണ വിരുദ്ധ വികാരത്തിൻ്റെ വ്യക്തമായ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ടീം യുഡിഎഫാണ് നിലമ്പൂരിൽ ജയത്തിന് കാരണം. തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫ് വിപുലീകരിക്കും. വിലപേശൽ രാഷ്ട്രീയത്തിന് മുന്നിൽ തലകുനിക്കില്ല. പിവി അൻവറിനെ മുന്നണിയിലെടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നും വിഡി സതീശൻ പറഞ്ഞു.
ജനങ്ങൾക്ക് സർക്കാരിനെ താഴെയിറക്കണമെന്ന് ഉണ്ടായിരുന്നു. പിണറായി 3 എന്ന് കേൾക്കുന്നത് ജനത്തിന് പേടിയായി മാറിയെന്നും പ്രതിപക്ഷ നേതാവ് ഏഷ്യാനെറ്റ് ന്യൂസിൽ അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഡിറ്റർ വിനു വി ജോണുമായുള്ള തത്സമയ അഭിമുഖത്തിൽ പറഞ്ഞു.
ജനകീയ വിഷയങ്ങളിൽ ശ്രദ്ധ തിരിക്കാൻ നിലമ്പൂരിൽ ശ്രമമുണ്ടായി. മന്ത്രിമാർ അതിനായി നിലമ്പൂരിൽ ക്യാമ്പ് ചെയ്തു. നിലമ്പൂർ യുഡിഎഫ് മണ്ഡലമെന്ന സിപിഎം വിലയിരുത്തൽ ശരിയല്ല. നിലമ്പൂരിൽ മണ്ഡല പുനർ നിർണയം വന്നപ്പോൾ യുഡിഎഫിന് മികച്ച ഭൂരിപക്ഷം നൽകിയിരുന്ന രണ്ട് പഞ്ചായത്തുകൾ വണ്ടൂർ മണ്ഡലത്തിൻ്റെ ഭാഗമായി.
കടുത്ത വെല്ലുവിളിയാണ് നിലമ്പൂരിൽ നേരിട്ടത്. ടീം യുഡിഎഫാണ് വിജയത്തിൻ്റെ പ്രധാന ഘടകം. യുഡിഎഫിൻ്റെ മികച്ച രണ്ടാം നിര നേതൃത്വം ചെറുപ്പക്കാരെ വലിയ തോതിൽ സ്വാധീനിച്ചു. മുതിർന്ന നേതാക്കളുടെ സാന്നിധ്യമാണ് വിജയത്തിലേക്ക് നയിച്ച മറ്റൊരു ഘടകമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മിഷൻ 63 എന്ന നിലയിലല്ല, 90 സീറ്റോളം സംസ്ഥാനത്ത് യുഡിഎഫ് മത്സരിക്കുന്നുണ്ട്. അതിനകത്ത് ജയിക്കാനൊരു ടാർജറ്റ് എന്ന നിലയിലാണ് 63 വെച്ചത്. അതൊരു റഫ് കണക്കാണ്. അത് കോൺഗ്രസിന് 2001 ന് ശേഷം കിട്ടിയിട്ടില്ല. എകെ ആൻ്റണി, കരുണാകരൻ എന്നിവരുടെ നേതൃത്വത്തിൽ വലിയ മുന്നൊരുക്കം 2001 ലെ തെരഞ്ഞെടുപ്പിൽ നടന്നിരുന്നു. അങ്ങനെ വന്നാൽ നിലമ്പൂരിലുണ്ടായ 14000 വോട്ടിൻ്റെ മാറ്റമുണ്ടായത് പോലെ വലിയ മുന്നേറ്റം സാധ്യമാണ്. 15000 വരെ വോട്ട് വ്യത്യാസത്തിൽ തോറ്റ മണ്ഡലങ്ങളിൽ ജയിക്കാൻ ഇതിലൂടെ സാധിക്കും.
തെരഞ്ഞെടുപ്പിന് മുൻപ് മുന്നൊരുക്കം നടത്തിയില്ലെങ്കിൽ എത്ര മികച്ച സ്ഥാനാർത്ഥിയാണെങ്കിലും ജയിക്കാനാവില്ല. പല രീതിയിലാണ് ഈ പ്രവർത്തനം നടക്കുന്നത്. അത് പല രീതിയിൽ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. പലർക്കും പല നിലയിൽ അതിൻ്റെ ചുമതല കൊടുത്തിട്ടുണ്ട്. സംഘടനാപരമായ കാര്യങ്ങളടക്കം ചർച്ച നടക്കുന്നുണ്ട്.
പുതിയ കെപിസിസി നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്. കെ സുധാകരനുമായി ഒരു തവണ പോലും വഴക്കുണ്ടായിട്ടില്ല. വിഷ്ണുവും ഷാഫിയും അനിലുമായി അടുത്ത ബന്ധമാണ്. അവരുമായി ഒരുമിച്ച് യാത്ര പോകുന്നു. വളരെ പെട്ടെന്ന് ആ ബന്ധം ശക്തമായി. നിലമ്പൂരിലെ പകുതിയോളം ജോലിയും ഈ ടീമാണ് ചെയ്തതെന്നും സതീശൻ പറഞ്ഞു.
യുഡിഎഫ് പഴയത് പോലെയല്ല. ഘടക കക്ഷികളുമായി ഹൃദയബന്ധമുണ്ട് ഇപ്പോൾ. എല്ലാ മാസവും യോഗം ചേരുന്നു. ഒരു തീരുമാനവും ഒറ്റയ്ക്ക് എടുക്കാറില്ല. കൂട്ടായ തീരുമാനങ്ങളാണ് എടുക്കുന്നത്. പാർട്ടികൾ ചെറുതോ വലുതോ എന്നതല്ല. അവർക്ക് യുഡിഎഫിൽ വലിയ റോളുണ്ട്. നിലമ്പൂരിൽ യുഡിഎഫ് നേതാക്കളെല്ലാം ക്യാംപ് ചെയ്താണ് പ്രവർത്തിച്ചത്. ടീം യുഡിഎഫ് കേരള രാഷ്ട്രീയത്തിൽ വിസ്മയം തീർക്കുമെന്നും അദ്ദേഹം പറഞ്ഞു.
അൻവറിന് മുന്നിൽ വാതിലടച്ചത് കൂട്ടായ തീരുമാന പ്രകാരമാണ്. ആ വാതിൽ തുറക്കേണ്ടതായ സാഹചര്യം നിലവിലില്ല. ഇനി തീരുമാനം റിവ്യൂ കമ്മിറ്റിയാണ് എടുക്കേണ്ടത്. വിലപേശൽ രാഷ്ട്രീയത്തിന് വഴങ്ങില്ല. ആരുടെ മുന്നിലും കീഴടങ്ങാൻ പറ്റില്ല. പ്രശംസകളിൽ വീഴില്ല. അൻവറിനോട് നോ പറഞ്ഞത് ബോധപൂർവം എടുത്ത തീരുമാനമാണ്.
ജമാഅത്തെ ഇസ്ലാമി വെൽഫെയർ പാർട്ടി ഉണ്ടാക്കുന്നതിന് മുൻപ് പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എസ്‌ഡിപിഐ പിന്തുണ വേണ്ടെന്ന യുഡിഎഫ് തീരുമാനം ആരും ചർച്ചയാക്കിയില്ല. ജമാ അത്തെ ഇസ്ലാമി പിന്തുണ അഭിമാനകരമെന്ന് മുൻപ് പറഞ്ഞത് പിണറായി വിജയനാണ്. അവർ നൽകിയ പുറത്ത് നിന്നുള്ള പിന്തുണയാണ് സ്വീകരിച്ചതെന്നും വിഡി സതീശൻ പറഞ്ഞു.