സിഎഎ; കോൺ​ഗ്രസിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി, പ്രക്ഷോഭം ആളിപ്പടര്‍ന്ന 2019ൽ രാഹുൽ എവിടെയായിരുന്നു? മറുപടി

Published : Mar 16, 2024, 02:26 PM ISTUpdated : Mar 16, 2024, 02:40 PM IST
സിഎഎ; കോൺ​ഗ്രസിനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി, പ്രക്ഷോഭം ആളിപ്പടര്‍ന്ന 2019ൽ രാഹുൽ എവിടെയായിരുന്നു? മറുപടി

Synopsis

പിണറായി വിജയന്‍ ബി.ജെ.പിക്ക് വേണ്ടിയാണോ സംസാരിക്കുന്നതെന്നു സംശയിച്ചു പോകുകയാണ് എന്നായിരുന്നു രാഹുൽ എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള സതീശന്റെ മറുപടി. ബി.ജെ.പി പോലും ഉയര്‍ത്താത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. 

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ത്യയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടര്‍ന്ന 2019 ഡിസംബറില്‍ രാഹുല്‍ ഗാന്ധി എവിടെയായിരുന്നു എന്ന ചോദ്യമുൾപ്പെടെ ഏറെ രാഷ്ട്രീയ  പ്രാധാന്യമുള്ള ചോദ്യങ്ങൾക്കാണ് സതീശൻ മറുപടി നൽകിയത്. 

പിണറായി വിജയന്‍ ബി.ജെ.പിക്ക് വേണ്ടിയാണോ സംസാരിക്കുന്നതെന്നു സംശയിച്ചു പോകുകയാണ് എന്നായിരുന്നു രാഹുൽ എവിടെയായിരുന്നു എന്ന ചോദ്യത്തിനുള്ള സതീശന്റെ മറുപടി. ബി.ജെ.പി പോലും ഉയര്‍ത്താത്ത ആരോപണങ്ങളാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. ഇത് ആരെ പ്രീണിപിക്കാനാണെന്നത് വ്യക്തമാണ്. കോണ്‍ഗ്രസ് നടത്തിയ സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളിലെല്ലാം രാഹുല്‍ ഗാന്ധി മുന്‍പന്തിയിലുണ്ടായിരുന്നു. ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ പോലും ഈ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ദേശീയ മാധ്യമങ്ങളിലെ വാര്‍ത്തകളും ചിത്രങ്ങളും ലഭ്യമാണെന്നും സതീശൻ പറഞ്ഞു. 

പൗരത്വ നിയമ ഭേദഗതി ഭരണഘടനയ്ക്ക് നേരെയുള്ള ആക്രമണമാണെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം 2019 ഡിസംബര്‍ പത്തിന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ സിഎഎ. നടപ്പാക്കില്ലെന്ന്, പൗരത്വ ഭേദഗതി നിയമം ഏറെ ദോഷകരമായി ബാധിക്കുന്ന അസമില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചത് മുഖ്യമന്ത്രി കേട്ടില്ലേ? രാഹുല്‍ ഗാന്ധിക്കെതിരെ നുണ പടച്ചുവിടാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് ഇറങ്ങിയിരിക്കുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്നത് നല്ല ബോധ്യമുണ്ട്. -സതീശൻ പറഞ്ഞു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോണ്‍ഗ്രസ് പ്രതികരിച്ചില്ലെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും കേരളത്തിലെ സിപിഎമ്മിന്റേയും മാത്രം നരേറ്റീവാണെന്ന് സതീശൻ പ്രതികരിച്ചു. പരാജയ ഭീതിയിലായ സിപിഎമ്മിന്റെ രാഷ്ട്രീയ ദുഷ്ടലാക്കാണ് ഇത്തരമൊരു ചോദ്യത്തിന് പിന്നില്‍. പാര്‍ട്ടി സെക്രട്ടറിയോ ബിജെപിക്ക് വേണ്ടി നാവ് വാടകയ്ക്ക് നല്‍കിയിരിക്കുന്ന നിങ്ങളുടെ കണ്‍വീനറോ ഇത്തരമൊരു ചോദ്യം ചോദിച്ചാല്‍ ഞങ്ങള്‍ അദ്ഭുതപ്പെടില്ല. പക്ഷെ മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്നു കൊണ്ട് പിണറായി വിജയന്‍ നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നത് അപമാനകരമാണെന്നും സതീശൻ പറഞ്ഞു. എഐസിസി മാധ്യമവിഭാഗത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജയ്‌റാം രമേഷ് സിഎഎ വിഷയത്തിലുള്ള കോണ്‍ഗ്രസിന്റെ പ്രതികരണം വ്യക്തമാക്കിയിട്ടുണ്ടെന്നും സതീശൻ കൂട്ടിച്ചേർത്തു. 

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിഭജനം ഇല്ലാതാക്കി രാജ്യത്തെ ഒന്നാക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തുന്നത്. ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിഭാഗീയതയും വളര്‍ത്തുന്ന സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ തന്നെയാണ് അദ്ദേഹം യാത്രയില്‍ ഉടനീളെ സംസാരിക്കുന്നതും. രാജ്യത്തെ ബാധിക്കുന്ന എല്ലാ വിഷയങ്ങളെ സംബന്ധിച്ചും അദ്ദേഹം ജനങ്ങളുമായി ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നുവെന്ന ചോദ്യത്തോട് സതീശൻ പ്രതികരിച്ചു. സിഎഎക്കെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിരവധി സമരങ്ങളാണ് രാജ്യത്ത് നടന്നത്. ഇന്ത്യ ഗേറ്റിന് മുന്‍പിലും പാര്‍ലമെന്റ് വളപ്പിലും കോണ്‍ഗ്രസ് നടത്തിയ പ്രക്ഷോഭം ഉള്‍പ്പെടെയുള്ളവ പിണറായി മറന്നു പോയോ? ഇതിന്റെ വാര്‍ത്തകളും ചിത്രങ്ങളുടെ അങ്ങയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ അങ്ങേയ്ക്ക് കൈമാറാം.-സതീശൻ പറഞ്ഞു. 

കോണ്‍ഗ്രസിനും യുഡിഎഫിനും പ്രക്ഷോഭങ്ങള്‍ നയിക്കാനും വിജയത്തില്‍ എത്തിക്കാനുമുള്ള കരുത്തും ആര്‍ജ്ജവവുമുണ്ട്. ഏതായാലും ഈ വിഷയത്തില്‍ അങ്ങയുടെ പാര്‍ട്ടിക്കും മുന്നണിക്കും ഒപ്പമുള്ള ഒരു സമരത്തിനും ഇല്ലെന്നത് യുഡിഎഫ് നിലപാടാണ്. പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭത്തിനെതിരായ 835 കേസുകളില്‍ 69 കേസുകള്‍ മാത്രമാണ് പിന്‍വലിച്ചതെന്ന് 2023 സെപ്തംബര്‍ 13-ന് പിടിഎ റഹീം എംഎല്‍എയ്ക്ക് നിയമസഭയില്‍ മുഖ്യമന്ത്രി തന്നെ നല്‍കിയ മറുപടിയുണ്ട്. ഇതാണ് സര്‍ക്കാരിന്റെ ഇരട്ടത്താപ്പ്. കേസുകള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് വേണ്ടി ഇരുളിന്റെ മറവില്‍ സംഘപരിവാറുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നവർ, പകല്‍ വെളിച്ചത്തില്‍ അതേ സംഘപരിവാറിനെതിരെ സമരത്തിന് പുറപ്പെടുന്നത് ജനങ്ങളെ കബളിപ്പിക്കല്‍ മാത്രമല്ലേ? 

ഡല്‍ഹിയിലെ സിഎഎ വിരുദ്ധ സമരത്തില്‍ കോണ്‍ഗ്രസ്- എഎഎപി ഗൂഡാലോചനുണ്ടെന്നാണ് രാജ്യസഭയിലും ലോക്‌സഭയിലും ബിജെപി ആരോപിച്ചത്. കേരളത്തിലെ യുഡിഎഫ് നേതാക്കള്‍ അടക്കം ഷെഹീന്‍ ബാഗില്‍ പോയത് മുഖ്യമന്ത്രിക്ക് ഓര്‍മ്മയില്ലേ? ‌എന്‍ഐഎ ബില്‍ 2008-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അതിന്റെ തുടര്‍ച്ചയായാണ് 2019-ല്‍ ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടുന്നതാണ് പ്രശ്‌നം. അതിനെതിരെ പാര്‍ലമെന്റിന്റെ ഇരുസഭകളിലും കടുത്ത വിയോജിപ്പ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ഉന്നയിച്ചതാണ്. എന്‍ഐഎ ഭേദഗതി നിയമം ഉപയോഗിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടാനാണ് ബിജെപി സര്‍ക്കാരിന്റെ ഉദ്ദേശ്യമെങ്കില്‍ അതിനെ ചെറുക്കുമെന്നത് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമാണ്. എസ്എഫ്ഐക്കാരായിരുന്ന അലനെയും താഹയെയും യുഎപിഎയില്‍ പെടുത്തിയപ്പോള്‍ അതിനെയും യുഡിഎഫ് പ്രതിരോധിച്ചത് അങ്ങ് മറന്നു കാണില്ലല്ലോ. അന്ന് വേട്ടക്കാരന്റെ റോളിലായിരുന്നില്ലേ നിങ്ങള്‍?-വിഡി സതീശൻ പറഞ്ഞു. 

ഗുഡ് ടച്ചും ബാഡ് ടച്ചും സ്കൂളിൽ നിന്ന് പഠിച്ച 12കാരി കൂട്ടുകാരോട് ദുരനുഭവം പറഞ്ഞു, പിന്നാലെ അച്ഛൻ അറസ്റ്റിൽ

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സുപ്രീംകോടതിയുടെ സുപ്രധാന ചോദ്യം, എസ്ഐആർ ജുഡീഷ്യൽ റിവ്യൂവിനും അതിതമോ? പരിഷ്കരണം ന്യായയുക്തമായിരിക്കണമെന്നും നിർദ്ദേശം; നാടുകടത്താനല്ലെന്ന് കമ്മീഷൻ
'ഇത് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗവർണർക്ക് പരാതി നൽകും', മുൻ ഉപലോകയുക്തയുടെ പുതിയ പദവിയിൽ വിമർശനവുമായി സിഎംഡിആർഎഫ് കേസിലെ പരാതിക്കാരൻ