
കൊച്ചി: പെരുമഴയുടെ ഭീതിയിൽ ദുരിതാശ്വാസ ക്യാംപുകളിലെത്തിയ മനുഷ്യർക്കുമുണ്ടാകും കൊച്ചു കൊച്ചു ആഗ്രഹങ്ങൾ. എളന്തിക്കരയിലെ ഒരു എട്ട് വയസ്സുകാരന്‍റെ ആഗ്രഹം പ്രദേശത്തെ എംഎൽഎ കൂടിയായ പ്രതിപക്ഷ നേതാവ് കണ്ടറിഞ്ഞ് നടത്തി.
എളന്തിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു വി ഡി സതീശൻ എത്തിയത്. ഓരോരുത്തരെയും കണ്ട് കാര്യങ്ങൾ ചോദിച്ചു. ഇതിനിടെയാണ് അമ്മയുടെ ഓരം ചേർന്നിരുന്ന എട്ട് വയസ്സുകാരൻ വാടിയ മുഖത്തോടെ സ്ഥലം എംഎൽഎ യോട് തന്‍റെ സങ്കടം പറഞ്ഞത്. പേര് ജയപ്രസാദ്. പെരുമഴപെയ്ത്തിൽ തന്‍റെ ഒരു ചെരുപ്പ് ഒഴുകിപ്പോയി. വിഷമിക്കേണ്ട ചെരുപ്പ് റെഡിയാക്കാമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പ്രവർത്തകരോട് ചെരിപ്പ് വാങ്ങി നൽകാൻ നിർദ്ദേശിച്ചു.
എന്നാൽ തനിക്ക് പിന്നിൽ ഒട്ടിപ്പുള്ള ചെരിപ്പ് തന്നെ വേണമെന്ന് ജയപ്രസാദിന് ഒരു കുഞ്ഞു ആഗ്രഹം. എന്നാൽ താൻ തന്നെ ചെരിപ്പ് റെഡിയാക്കാമെന്ന് എംഎൽഎയുടെ ഉറപ്പ്. പ്രദേശത്തുള്ള കടയിലേക്ക് ജയപ്രസാദുമായി എത്തി. ചെരിപ്പ് വാങ്ങി നൽകി. ഒരുമിച്ചൊരു ചായയും കുടിച്ചാണ് പിരിഞ്ഞത്.
പിഞ്ചു കുഞ്ഞും അമ്മയും ഒഴുക്കിൽ പെട്ടു, രക്ഷകനായി മരംവെട്ട് തൊഴിലാളി
ആലപ്പുഴ: തോട്ടിലെ കുത്തൊഴുക്കിൽ പിഞ്ചു കുഞ്ഞും അമ്മയും വീണു, രക്ഷകനായി എത്തിയത് മരംവെട്ട് തൊഴിലാളി. തലവടി പഞ്ചായത്ത് 11-ാം വാർഡിൽ ദേവസ്വംചിറ വീട്ടിൽ ഷാജിയാണ് (സലി) പിഞ്ചുകുഞ്ഞിനും അമ്മയെയും രക്ഷപ്പെടുത്തിയത്.
ഷാജിയുടെ വീടിന് സമീപം താമസിക്കുന്ന കുരുമ്പാക്കളം ശ്രീലക്ഷ്മിയും ഒന്നര വയസ്സുള്ള മകൻ അദ്രിനാഥുമാണ് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. മുറ്റത്ത് കളിച്ചു നിന്നിരുന്ന കുട്ടി വീടിന് മുൻവശത്തെ തോട്ടിൽ വീഴുകയായിരുന്നു.
കുട്ടി തോട്ടിലേക്ക് വീഴുന്നതുകണ്ട മുത്തശ്ശി അലമുറയിട്ട് കരഞ്ഞു. കരച്ചിൽ കേട്ട് ഓടിയെത്തിയ ശ്രീലക്ഷ്മി തോട്ടിലേക്ക് എടുത്തുചാടി. കുട്ടിയെ പിടികിട്ടിയെങ്കിലും നീന്തലറിയാത്ത ശ്രീലക്ഷ്മിയും മകനും ഒഴുക്കിൽപ്പെട്ടു. വീട്ടിനുള്ളിൽ ടിവി കണ്ടിരുന്ന ഷാജി അലമുറകേട്ട് ഓടിയെത്തിയപ്പോൾ തോട്ടിലൂടെ ഒഴുക്കിപ്പോകുന്ന അമ്മയേയും മകനേയും കണ്ടു. ഇതോടെ ഷാജി തോട്ടിലേക്ക് എടുത്ത് ചാടി ഇരുവരേയും കരയ്ക്ക് എത്തിക്കുകയായിരുന്നു. അദ്രിനാഥും ശ്രീലക്ഷ്മിയും പ്രാഥമിക ശുശ്രൂഷ തേടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam