'സമരാഗ്നി' വി ഡി സതീശനും കെ സുധാകരനും ഒരുമിച്ച് നയിക്കും; ജനുവരി 21 ന് കാസര്‍കോട് നിന്ന് ജാഥയ്ക്ക് തുടക്കം

Published : Dec 31, 2023, 07:45 AM ISTUpdated : Dec 31, 2023, 08:39 AM IST
'സമരാഗ്നി' വി ഡി സതീശനും കെ സുധാകരനും ഒരുമിച്ച് നയിക്കും; ജനുവരി 21 ന് കാസര്‍കോട് നിന്ന് ജാഥയ്ക്ക് തുടക്കം

Synopsis

കെപിസിസി പ്രസി‍ഡന്‍റ് കെ സുധാകരന്‍ നയിക്കുന്ന യാത്രയെന്നായിരുന്നു. അവസാനം പോസ്റ്ററിലിപ്പോള്‍ പ്രതിപക്ഷനേതാവും നായകനാണ്.

തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് നയിക്കുമെന്ന് പ്രഖ്യാപിച്ച കേരളയാത്രയില്‍ ഒടുവില്‍ പ്രതിപക്ഷ നേതാവ് ക്യാപ്റ്റന്‍. കെ സുധാകരന്‍ പക്ഷം കെപിസിസിയില്‍ പിടിമുറുക്കുന്നുവെന്ന സാഹചര്യം വന്നതോടെയാണ് പ്രതിപക്ഷ നേതാവിനെയും ഇറക്കിയുള്ള എതിര്‍പക്ഷത്തിന്‍റെ കടുംവെട്ട്. നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ പ്രതിപക്ഷ നേതാവിന്‍റെ സൗകര്യം പോലും കണക്കിലെടുക്കാതെയാണ് ഇരുനേതാക്കളെ നായകരാക്കിയുള്ള യാത്രാ പ്രഖ്യാപനം. 

ഇങ്ങനെയല്ല ആദ്യം പറഞ്ഞത്. കെപിസിസി പ്രസി‍ഡന്‍റ് കെ സുധാകരന്‍ നയിക്കുന്ന യാത്രയെന്നായിരുന്നു. അവസാനം പോസ്റ്ററിലിപ്പോള്‍ പ്രതിപക്ഷനേതാവും നായകനാണ്. മാറ്റം വന്നത് പാര്‍ട്ടിയിലെ പോരിന്‍റെ ഭാഗമായി. കെ സുധാകരന്‍ പക്ഷം കെപിസിസി കയ്യടക്കിവച്ചിരിക്കുന്നുവെന്ന പരാതി എ,ഐ ഗ്രൂപ്പുകള്‍ക്കും വി‍ഡി സതീശന്‍ പക്ഷത്തിനുമെല്ലാം ഉണ്ട്. കെ സുധാകരന്‍ യാത്രയുടെ ക്യാപ്റ്റനായാലും കാര്യങ്ങള്‍ കൈകാര്യം ചെയ്യുക അനുയായി സംഘമാണെന്ന് ഗ്രൂപ്പ് നേതൃത്വങ്ങള്‍ക്ക് നന്നായറിയാം.

ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവും ചേര്‍ന്ന് യാത്ര നയിക്കട്ടെയെന്ന അഭിപ്രായം ഉയര്‍ന്നത്. കേന്ദ്രനേതൃത്വവും അങ്ങനെയാവട്ടെയെന്ന് നിലപാടെടുത്തു. എന്നാല്‍ നേതാക്കളുടെ സൗകര്യം പോലും നോക്കാതെയാണ് തീരുമാനവും പ്രഖ്യാപനവുമെന്നത് വ്യക്തം. ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്ന കെ സുധാകരന്‍ രണ്ടാഴ്ച സമയമാണ് അവധി പറഞ്ഞത്. ഡോക്ടര്‍മാരുടെ നിര്‍ദേശംകൂടി കണക്കിലെടുത്താവും യാത്ര ഉള്‍പ്പടെ സാധ്യമാണോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വരിക. 

എന്നിട്ടും നേരത്തെ തന്നെ സമരാഗ്നി എന്നപേരില്‍ യാത്ര പ്രഖ്യാപിച്ചത് കെ സുധാകരന് പകരക്കാരെ തിരയുന്നവരെ തടയാനുള്ള അനുയായികളുടെ നീക്കത്തിന്‍റെ ഭാ​ഗം. യാത്ര തുടങ്ങുന്നത് അടുത്തമാസം 21 ന് കാസര്‍കോട് ആണ്. നിയമസഭാ ബജറ്റ് സമ്മേളനവും പിന്നാലെ തുടങ്ങും. പ്രതിപക്ഷനേതാവ് യാത്രയില്‍ തുടരുമോ നിയമസഭയില്‍ എത്തുമോ എന്ന ചോദ്യം അപ്പോഴും പ്രധാനം. 140 നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തുന്ന ജാഥയുടെ ക്രമീകരണങ്ങള്‍ക്കായി 3,4,5 തീയതികളില്‍ ജില്ലാതല നേതൃയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. കെ സുധാകരന്‍ പക്ഷത്തെ കെപിസിസി ടീമിനാണ് മേല്‍നോട്ടം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

നിലയ്ക്കൽ - പമ്പ റോഡിൽ അപകടം; ശബരിമല തീർത്ഥാടകരുമായി പോയ രണ്ട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരിക്കേറ്റു
കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത