സ്വപ്നയുടെ മൊഴി ആയുധമാക്കി പ്രതിപക്ഷം, പിണറായിയുടെ രാജി ആവശ്യം ശക്തമാക്കി യുഡിഎഫും ബിജെപിയും

By Web TeamFirst Published Oct 12, 2020, 5:38 PM IST
Highlights

കുറ്റാരോപിതയായ സ്വപ്നയുടെ മൊഴിയിൽ എന്തിരിക്കുന്നുവെന്ന ചോദ്യം കൊണ്ട് പ്രതിരോധിക്കുന്ന സിപിഎമ്മിനു മുന്നിലേക്ക് പ്രതിപക്ഷം വെക്കുന്നത് സോളാർ കാലത്തെ കുറ്റാരോപിത സരിതയുടെ മൊഴിയാണ്.  

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള അടുപ്പത്തെക്കുറിച്ച് സ്വപ്ന സുരേഷ് നൽകിയ മൊഴി പുറത്തായോതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കി യുഡിഎഫും ബിജെപിയും. തന്‍റെ നിയമനം മുഖ്യമന്ത്രിക്ക് അറിവുള്ളതാണെന്നും ശിവശങ്കറിനെ പരിചയപ്പെട്ടത് ക്ലിഫ് ഹൗസിൽ വച്ചാണെന്നും സ്വപ്ന ഇഡിക്ക് നൽകിയ മൊഴിയാണ് ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ വജ്രായുധം. 

കുറ്റാരോപിതയായ സ്വപ്നയുടെ മൊഴിയിൽ എന്തിരിക്കുന്നുവെന്ന ചോദ്യം കൊണ്ട് പ്രതിരോധിക്കുന്ന സിപിഎമ്മിനു മുന്നിലേക്ക് പ്രതിപക്ഷം വെക്കുന്നത് സോളാർ കാലത്തെ കുറ്റാരോപിത സരിതയുടെ മൊഴിയാണ്.  ഉമ്മൻചാണ്ടിക്കെതിരെ ആയുധമാക്കിയ പഴയ നീക്കം മറന്നോയെന്നാണ് യുഡിഎഫ് ചോദ്യം.  ക്ലീഫ് ഹൗസ് വീണ്ടും വിവാദകേന്ദ്രമാകുന്നത് മറ്റൊരു കാവ്യനീതി.

ജലീലിലും ലൈഫ് തട്ടിപ്പിലും കേന്ദ്രീകരിച്ച തുടർവിവാദങ്ങൾ ഒടുവിൽ ക്ലിഫ് ഹൗസിൽ ചെന്നെത്തി നിൽക്കുന്നു. വീണ്ടും പരസ്യ പ്രതിഷേധങ്ങൾ ശക്തമാക്കാനാണ് യുഡിഎഫ് പദ്ധതി. സമരങ്ങളിൽ ഇടവേളയെടുക്കാതിരുന്ന ബിജെപി ഇനി സമരകേന്ദ്രം ക്ലിഫ് ഹൗസാകുമെന്നും വ്യക്തമാക്കുന്നു.

സ്വപ്നയുടെ വാക്കുകൾ യുഡിഎഫിനും ബിജെപിക്കും വേദവാക്യമെന്ന പരിഹാസവുമായാണ് സിപിഎം സംസ്ഥാന സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ വിവാദങ്ങളെ പ്രതിരോധിക്കുന്നത്. പ്രതിയുടെ മൊഴി അടിസ്ഥാനമാക്കി മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെടുന്നത് ഒരു രാഷ്ട്രീയ പാർട്ടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയെന്ന് കോടിയേരി കുറ്റപ്പെടുത്തി. സ്വർണ്ണക്കടത്ത് വിവാദങ്ങളെ രാഷ്ട്രീയമായി പ്രതിരോധിച്ച സിപിഎം മുഖ്യമന്ത്രിയിലേക്ക് വിവാദങ്ങൾ എത്തുമ്പോഴും കേന്ദ്ര ഏജൻസികളുടെ അന്വേഷണ ഗതിയെന്താകുമെന്നതിൽ ആശങ്കയുണ്ട്. 

click me!