നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതൽ; സ്വ‍‍ര്‍ണക്കടത്തിൽ സ‍ര്‍ക്കാരിനെതിരെ ചോദ്യശരങ്ങളുമായി പ്രതിപക്ഷം

By Web TeamFirst Published Jun 23, 2022, 8:47 AM IST
Highlights

സഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം ചോദ്യങ്ങളും സ്വപ്നയുടെ രഹസ്യമൊഴിയെ കുറിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്ത് തീർപ്പ് ശ്രമങ്ങളെ കുറിച്ചുമാണ്.

തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ സ്വപ്ന സുരേഷിൻ്റെ (Swapna Suresh) വെളിപ്പെടുത്തൽ തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളത്തെ ഇളക്കിമറിക്കും. സഭാ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയോടുള്ള പ്രതിപക്ഷത്തിന്റെ ഭൂരിപക്ഷം ചോദ്യങ്ങളും സ്വപ്നയുടെ രഹസ്യമൊഴിയെ കുറിച്ചും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്ത് തീർപ്പ് ശ്രമങ്ങളെ കുറിച്ചുമാണ്.

സ്വപ്നയുടെ രഹസ്യമൊഴി ഉണ്ടാക്കിയ പ്രകമ്പനങ്ങൾ ഇനി നിയമസഭയിലേക്ക്.... പ്രതിപക്ഷത്തിൻറെ ചോദ്യമുന മുഴുവൻ മുഖ്യമന്ത്രിക്ക് നേരെയാണ്. 2016-ൽ മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിനിടെ കറൻസി കടത്തിയെന്ന സ്വർണ്ണക്കടത്ത് കേസ് പ്രതിയുടെ ആരോപണം ശ്രദ്ധയിൽപ്പെട്ടോ, എന്ത് നടപടി എടുത്തു കോടതിയിൽ മൊഴി നൽകിയ സ്വർണ്ണക്കടത്ത് കേസിലെ പ്രതിയെ സ്വാധീനീച്ച് മൊഴിമാറ്റാൻ ഒരു മുൻ മാധ്യമപ്രവർത്തകൻ ഇടനിലക്കാരനായോ, ഇടനിലക്കാരനും മുൻ വിജിലൻസ് മേധാവിയും നിരവധി തവണ സംസാരിച്ചോ, സംസാരിച്ചെന്ന് കണ്ടെത്തിയ ഇൻറലിജൻസ് റിപ്പോർട്ട് കിട്ടിയോ, സ്വർണ്ണക്കടത്ത് കേസിലെ ഒരു പ്രതിയെ പാലക്കാട് നിന്നും വിജിലൻസ് പിടിച്ചുകൊണ്ടുപോയത് എന്തിനാണ് , വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ എൽഡിഎഫ് കൺവീനർ ആക്രമിച്ചതായി പരാതി കിട്ടിയോ എന്നിങ്ങിനെ നക്ഷത്രചിഹ്നമിട്ടതും നക്ഷത്രിചിഹ്നമിടാത്തതുമായ പ്രതിപക്ഷത്തിൻറെ ചോദ്യങ്ങളേറെയും സ്വർണ്ണക്കടത്തിൽ ചുറ്റിയാണ്.

രഹസ്യമൊഴിയെ ഗൂഡാലോചന വെച്ചു നേരിടുന്ന ഇടത് പ്രതിരോധമാണ് സഭയിലും ആവർത്തിക്കുക എന്ന് കാണിക്കുന്നതാണ് ഭരണപക്ഷചോദ്യങ്ങൾ. സ്വർണ്ണക്കടത്ത് കേസിലെ പ്രതിയുടെ രഹസ്യമൊഴിക്ക് പിന്നിൽ ഗൂഡാലോചനയുണ്ടോ, മൊഴിക്ക് പിന്നാലെ സംഘടനകൾ അക്രമസമരത്തിനും കലാപത്തിനും ശ്രമിച്ചിരുന്നോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധം ഇതിൻറെ ഭാഗമാണോ എന്നിങ്ങനെയാണ് പിണറായിയോടുള്ള ഭരണപക്ഷ ചോദ്യങ്ങൾ.

പ്രമാദവിഷയങ്ങളിലെ പല ചോദ്യങ്ങൾക്കും സർക്കാർ പലപ്പോഴും ഉത്തരം കൃത്യസമയത്ത് നൽകാതെ നീട്ടിക്കൊണ്ട് പോകുന്ന പതിവ് സ്വർണ്ണക്കടത്തിലും പ്രതീക്ഷിക്കാനും സാധ്യതയേറെ. ചോദ്യങ്ങൾക്കപ്പുറം അടിയന്തിരപ്രമേയമായും സബ് മിഷനുമായും സ്വർണ്ണക്കടത്ത് വരും. മുഖ്യമന്ത്രിയെ ഉന്നമിട്ടുള്ള നീക്കങ്ങളിൽ പ്രധാന നാവായിരുന്ന പിടി തോമസിൻറെ അസാന്നിധ്യം പ്രതിപക്ഷനിരയിലുണ്ട്. പിടിക്ക് പകരം ഭാര്യ ഉമാ തോമസ് എത്തുന്ന സമ്മേളനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പും സ്വർണ്ണക്കടത്തിനൊപ്പം ചർച്ചയാകും.

click me!