
ദില്ലി: പെഗാസസ് ഫോൺ ചോർത്തലിൽ അമിത് ഷാ വിശദീകരണം നല്കണം എന്ന ആവശ്യം സർക്കാർ തള്ളിയതോടെ പ്രതിപക്ഷ പ്രതിഷേധവും പാർലമെന്റ് സ്തംഭനവും തുടരുമെന്ന് ഉറപ്പായി. പാർലമെൻറ് ബജറ്റ് സമ്മേളനത്തിന്റെ ഇതുവരെയുള്ള 9 ദിനവും പെഗാസസ് ഫോൺ ചോർത്തലിനെ ചൊല്ലിയുള്ള ബഹളത്തിൽ മുങ്ങിയിരുന്നു. പ്രധാനമന്ത്രി മറുപടി നല്കണം എന്ന നിലപാടിലായിരുന്നു ആദ്യം പ്രതിപക്ഷം. എന്നാൽ ഇത് മയപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശദീകരണമാണ് ഇപ്പോൾ പ്രതിപക്ഷം തേടുന്നത്. എന്നാൽ ഈയാവശ്യവും അംഗീകരിക്കേണ്ടതില്ലെന്ന് ബിജെപി തീരുമാനിച്ചു.
പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളെ കാണും എന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇത് റദ്ദാക്കിയതോടെ ഒത്തുതീർപ്പ് നീക്കങ്ങൾക്ക് തിരിച്ചടിയേറ്റു. ഇനിയുള്ള പത്തു ദിവസവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രതിപക്ഷനേതാക്കൾ പറയുന്നു. രാഷ്ട്രപതിയെ കണ്ട് നിലപാട് കർശനമാക്കാനാണ് പതിനഞ്ച് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പെഗാസസ് ഫോൺ ചോർത്തലിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഒന്നിലധികം ഹർജികൾ സുപ്രീംകോടതിയിൽ എത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസ് സൂര്യകാന്ത് എന്നിവർ ഉൾപ്പെട്ട ബഞ്ചാവും വ്യാഴാഴ്ച കേസ് കേൾക്കുക. ഫോൺ ചോർത്തലിന് ഫോറൻസിക് പരിശോധന ഫലം മാത്രം കോടതിക്ക് തെളിവായി സ്വീകരിക്കാനാകുമോ എന്ന സംശയം നിയമവൃത്തങ്ങൾക്കുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam