പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടെന്ന ​ഗുരുതര ആരോപണവുമായി സ്പീക്കർ ഓംബിർള

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടെന്ന ​ഗുരുതര ആരോപണവുമായി സ്പീക്കർ ഓംബിർള. നന്ദി പ്രമേയ ചർച്ചയിൽ പ്രസം​ഗിക്കാൻ ലോക്സഭയിൽ എത്തിയാൽ ആക്രമിക്കാനുള്ള പദ്ധതിയറിഞ്ഞ് താനാണ് മാറി നില്‍ക്കാൻ മോദിയോട് നിർദ്ദേശിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. സ്പീക്കറുടെ പരാമർശത്തിൽ വസ്തുതയില്ലെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. രാഹുൽ ​ഗാന്ധിക്ക് പ്രസം​ഗിക്കാൻ അവസരം നിഷേധിച്ചതിൽ ഇന്ത്യ സഖ്യം രാജ്യസഭയിലും വൻ പ്രതിഷേധമുയർത്തി. നന്ദി പ്രമേയ ചർച്ചയ്ക്ക് ഇന്നലെ വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി മറുപടി നല്കും എന്നാണ് സർക്കാർ അറിയിപ്പ് നല്കിയിരുന്നത്. 

Add Asianetnews as a Preferred SourcegooglePreferred

എന്നാൽ അഞ്ചു മണിക്ക് നരേന്ദ്ര മോദി എത്തിയില്ല. നന്ദിപ്രമേയം മറുപടിയില്ലാതെ ഇന്ന് ബഹളത്തിനിടെ പാസ്സാക്കി. നരേന്ദ്ര മോദി അധികാരമേറ്റ ശേഷം ഇതാദ്യമായാണ് നന്ദിപ്രമേയം മറുപടിയില്ലാതെ പാസ്സാക്കേണ്ടി വന്നത്. പ്രധാനമന്ത്രിയെ ആക്രമിക്കാൻ പ്രതിപക്ഷം പദ്ധതിയിട്ടിരുന്നു എന്ന് സ്പീക്കർ തന്നെ ആരോപിച്ചതോടെ വിഷയത്തിന്‍റെ മാനം മാറുകയാണ്. പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് അടുത്തേക്ക് വനിതാ എംപിമാർ നീങ്ങിയത് കണ്ടപ്പോൾ താനറിഞ്ഞത് സത്യമാണെന്ന് മനസ്സിലായെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. ജ്യോതിമണി, ആർ സുധ, വർഷ ഗെയ്തവാദ് തുടങ്ങി ആറ് വനിത എംപിമാ‍ർ പ്രധാനമന്ത്രി ഇരിക്കുന്നിടത്തേക്ക് എത്തിയിരുന്നു. ഇന്ദിര ഗാന്ധിയേയും സോണിയ ഗാന്ധിയേയും അപമാനിച്ച നിഷികാന്ത് ദുബെക്കെതിരെയാണ് എംപിമാർ പ്രതിഷേധിച്ചതെന്നാണ് കോൺഗ്രസ് വിശദീകരണം. മോദി സ്പീക്കർക്ക് പിന്നിൽ ഒളിക്കുകയാണെന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രണ്ടു സ്തീകൾ മുന്നിൽ വന്ന് നിന്നതു കൊണ്ട് പ്രധാനമന്ത്രി ഭയന്ന് മാറി നില്‍ക്കുമോ എന്നും പ്രിയങ്ക ​ഗാന്ധി ചോദിച്ചു.

ജനറല്‍ എംഎം നരവനെയുടെ പുസ്തകത്തിലെ വിവരങ്ങൾ ഉയർത്താൻ രാഹുൽ ഗാന്ധിയെ അനുവദിക്കാത്തതിനു ശേഷമുള്ള സ്തംഭനാവവസ്ഥ അതേ പടി തുടരുകയാണ്. രാജ്യസഭയിൽ മല്ലികാർജ്ജുൻ ഖർഗെയും ജോൺ ബ്രിട്ടാസും അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കൾ വിശയം ഉയർത്തി. കോൺഗ്രസ് ബോധമില്ലാത്ത ബാലന്‍റെ തടവറയിലെന്ന് ജെപി നദ്ദ പറഞ്ഞതോടെ പ്രതിപക്ഷം ഇറങ്ങി പോയി. കോൺ​ഗ്രസിനെ നേരിട്ട ധനമന്ത്രി നിർമല സീതാരാമൻ പ്രൊഫ ജോസഫിന്‍റെ കൈ വെട്ടിയ കേസും, രാജസ്ഥാനിൽ തയ്യൽകാരനെ വെട്ടികൊലപ്പെടുത്തിയ കേസും പരാമർശിച്ചു. ലോക്സഭയിൽനിന്ന് സസ്പെൻഷൻ നേരിട്ട എട്ട് എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ തുടരുകയാണ്. പ്രധാനമന്ത്രിയെ ആക്രമിക്കാൻ നോക്കി എന്ന ആരോപണം തന്നെ ഭരണപക്ഷം ഉയർത്തിയതോടെ പാർലമെൻറിലെ ഏറ്റുമുട്ടൽ ശക്തമാകുകയാണ്.

YouTube video player