മുല്ലപ്പെരിയാ‍ർ സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം: തമിഴ്നാടുമായുള്ള സമവായത്തിലൂടെ മാത്രം പരിഹാരമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Nov 1, 2021, 11:49 AM IST
Highlights

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്തു വരികയാണ്.  പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം കേന്ദ്രത്തേയും സുപ്രീം കോടതിയേയും അറിയിച്ചിട്ടുണ്ട്. 

കൊച്ചി: മുല്ലപ്പെരിയാർ വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുല്ലപ്പെരിയാർ വിഷയം സഭ നിർത്തി വച്ച് ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് എന്ന ആവശ്യം സുപ്രീം കോടതിയിൽ ഉന്നയിക്കുന്നതിൽ സർക്കാർ പരാജയപെട്ടെന്ന് ചെന്നിത്തലയുടെ നോട്ടീസിൽ ആരോപിച്ചു. 

ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ്റെ പറഞ്ഞത് - 

മുല്ലപ്പെരിയാർ വിഷയത്തിൽ സർക്കാരിന് സാധ്യമായതെല്ലാം ചെയ്തു വരികയാണ്.  പുതിയ അണക്കെട്ട് എന്ന ആവശ്യം കേരളം കേന്ദ്രത്തേയും സുപ്രീം കോടതിയേയും അറിയിച്ചിട്ടുണ്ട്. ഐഐടി റൂർക്കി, ഐഐടി ദില്ലി എന്നിവരുടെ പഠന റിപോർട്ടുകളും ഇതിൻ്റെ ഭാഗമായി സമർപ്പിച്ചിട്ടുണ്ട്. ഇതേ വിഷയത്തിൽ നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. റൂൾ കർവ് സംബന്ധിച്ച് അന്തിമ വിധി ഇതുവരെ വന്നിട്ടില്ല. കോടതിയിൽ ശക്തമായ ഇടപെടൽ സർക്കാർ നടത്തിയിട്ടുണ്ട്. ഇപ്പോൾ ആശങ്കയുടെ സാഹചര്യം ഉണ്ടാക്കരുത്. എല്ലാവരും ഒരുമിച്ച് നിൽക്കണം. 

ചെന്നിത്തലയുടെ വാക്കുകൾ  -

അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ആശങ്കയാണിത്. റോഷി കേരളത്തിന്റെ താത്പര്യം സംരക്ഷിക്കുന്ന നിലയിലേക്ക് ഉയരണം. തമിഴ്നാടിന്റെ നിയമസഭയിൽ സംസാരിച്ചതു പോലെയാണ് തോന്നുന്നത്. ജലനിരപ്പ് 142 അടി വരെയാക്കാൻ മേൽനോട്ട സമിതിയിൽ കേരളം സമ്മതിച്ചെന്ന് രേഖയുണ്ട്. 139.5 എന്ന റൂൾ കർവ് കോടതി അംഗീകരിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്.  ഈ സർക്കാരിന് മുല്ലപെരിയാറിൽ നയമില്ല,നിലപാടുമില്ല. അതിനെ സ്വാഗതം ചെയ്തത് കേരളത്തിൻ്റെ താത്പര്യത്തിന് വിരുദ്ധമാണ്. മുല്ലപ്പെരിയാറിൽ ഭീഷണിയില്ലെങ്കിൽ എന്തിനാണ് പുതിയ ഡാം? പ്രതിപക്ഷത്തിരുന്ന കാലത്ത് എൽഡിഎഫ് മനുഷ്യ ചങ്ങല പിടിച്ചത് 120 അടിക്ക് വേണ്ടിയായിരുന്നു. മേൽനോട്ട സമിതി വർഷത്തിലൊരിക്കൽ മാത്രമാണ് ചേരുന്നത്. മുല്ലപ്പെരിയാർ സെൽ എന്തിനാണ് പിരിച്ചു വിട്ടത്. രൂപരേഖ തയ്യാറാക്കിയാലും തമിഴ്നാടിന്റെ അംഗികാരമില്ലാതെ പുതിയ അണക്കെട്ട് നിർമ്മിക്കാനാകില്ല. ഇരു സംസ്ഥാനത്തേയും സർവ്വകക്ഷി സംഘം ഒരുമിച്ച് വിഷയം ചർച്ച ചെയ്യണം. ഇക്കാര്യത്തിൽ സർവ്വകക്ഷി യോഗം വിളിക്കണം. 


റോഷിയുടെ മറുപടി -
ഇവിടെ വസ്തുതകളെ വളച്ചൊടിക്കരുത്. ഇടുക്കി ഡാമിൻ്റെ ഓപ്പറേഷനെക്കുറിച്ച് യുഡിഎഫിനോ എൽഡിഎഫിനോ പരാതിയുണ്ടായിട്ടില്ല. ഡാം തുറന്ന് വിട്ടത് കൊണ്ട് ഇടുക്കി ഡാമിൻ്റെ പരിസരത്ത് അന്ന് ഒരപകടവും ഉണ്ടായിട്ടില്ല. താൻ ജനങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി നിലപാടെടുത്തു എന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയാം. ഡാം തുറന്നു വിട്ടതിൻ്റെ ഭാഗമായി ഒരു അപകടവും ഉണ്ടായിട്ടില്ല. കേരളത്തിൻ്റെ വാദം കേൾക്കാൻ സുപ്രീം കോടതി തയ്യാറായത് സർക്കാർ വിയോജന കുറിപ്പ് നൽകിയതിനാലാണ്. മുല്ലപ്പെരിയാറിൽ ഒരു സെൻ്റീമീറ്റർ വെള്ളം ഒഴിവാക്കിയാലും കേരളം അതറിയും. അത് സർക്കാറിൻ്റെ നിലപാട് മൂലമുണ്ടായ നിലയാണ്. ഇപ്പോൾ മുല്ലപ്പെരിയാർ തുറന്നപ്പോൾ എല്ലാ ഒരുക്കങ്ങളും നടത്തി. ഒരു ബുദ്ധിമുട്ടും ആർക്കും ഉണ്ടായില്ല. നമ്മളിൽ ഒരു അപസ്വരം ഉണ്ടെന്ന് പുറം ലോകം അറിയരുത്. പുതിയ ഡാമിനുള്ള പരിശ്രമം തുടരും.

മുഖ്യമന്ത്രി പിണറായി വിജയൻ - 
മുല്ലപെരിയാർ വിഷയം യോജിപ്പോടെയാണ് സഭ കൈകാര്യം ചെയ്തിട്ടുള്ളത്. അതിൽ നിന്ന് മാറ്റം വരികയാണോ എന്ന് പ്രതിപക്ഷം ആലോചിക്കണം. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടി ആക്കിയത് കേരളത്തിന്റെ വീഴ്ചയല്ല. മൂന്ന് റിവ്യൂ പെറ്റീഷൻ കേരളം നൽകി. എല്ലാം തള്ളി‌. തമിഴ് നാടിന് വെള്ളം,കേരളത്തിന് സുരക്ഷ എന്നതാണ് നമ്മുടെ നിലപാട്. മേൽനോട്ട സമിതി തീരുമാനത്തിനെതിരെ നിലപാട് അറിയിച്ചിട്ടുണ്ട്. തമിഴ് നാട്ടുമായി അനാവശ്യ സ്പർദ്ധ ഉണ്ടാക്കരുത്. സമവായത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാനാകൂ. നിലവിൽ തമിഴ്നാടിന്റെ സമീപനം ശുഭപ്രതിക്ഷ നൽകുന്നതാണ്. ഇക്കാര്യത്തിൽ നമ്മൾ ഒന്നിച്ച് നീങ്ങണം. രണ്ട് ചേരിയെന്ന ധാരണ ഉണ്ടാക്കരുത്. അനാവശ്യ ഭീതി ഉണ്ടാക്കരുത്. ആ നിലപാടിൽ ഉറച്ച് നിൽക്കുന്നു. 

click me!