നിയമസഭയിലും മുല്ലപ്പെരിയാര്‍; 'മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്നാട് ഉപയോഗിച്ചു', വിമര്‍ശനവുമായി പ്രതിപക്ഷം

By Web TeamFirst Published Oct 29, 2021, 1:22 PM IST
Highlights

സുപ്രീംകോടതിയിൽ കൃത്യമായി കേസ് നടത്തിയില്ലെന്ന് ആരോപിച്ച രമേശ് ചെന്നിത്തല ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായി എന്നും പറഞ്ഞു. 
 

തിരുവനന്തപുരം: മുല്ലപ്പെരിയാർ (Mullaperiyar)  പ്രശ്നം നിയമസഭയിലും നിറഞ്ഞു. മുല്ലപ്പെരിയാറിനെ ചൊല്ലി പുറത്തുയരുന്ന തർക്കങ്ങൾ നിയമനിർമ്മാണ ചർച്ചയ്ക്കിടെയാണ് പ്രതിപക്ഷം നിയമസഭയിൽ (kerala assembly) ആവർത്തിച്ച് സർക്കാരിനെ വിമർശിച്ചത്. ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തമിഴ്നാട് ഉപയോഗിച്ചു എന്നാരോപിച്ച് പ്രതിപക്ഷം സർക്കാരിനെതിരെ തിരിഞ്ഞു. സുപ്രീംകോടതിയിൽ കൃത്യമായി കേസ് നടത്തിയില്ലെന്ന് ആരോപിച്ച രമേശ് ചെന്നിത്തല ആശങ്ക വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് തിരിച്ചടിയായി എന്നും പറഞ്ഞു. 

സാമൂഹിക മാധ്യമങ്ങളിലൂടെ ആശങ്ക പടർത്തരുത് എന്ന് മാത്രമാണ് മുഖ്യമന്ത്രി ഉദ്ദേശിച്ചതെന്നായിരുന്നു മന്ത്രി പി രാജീവിൻ്റെ വിശദീകരണം. 142 അടി എന്ന പഴയ ഉത്തരവിൽ നിന്ന് 139 അടിയെന്ന അഭിപ്രായത്തിലേക്ക് സുപ്രീംകോടതി എത്തിയത് സർക്കാർ കോടതിയില്‍ സ്വീകരിച്ച നിലപാട് മൂലമാണെന്ന്  പി രാജീവ് പറഞ്ഞു.

136 അടിയെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട് പോയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും രാഷ്ട്രീയ പരിഹാരം കാണുന്നതിൽ പിണറായി സർക്കാർ പരാജയപ്പെട്ടെന്ന് കെ ബാബുവും ആരോപിച്ചു. നെയ്യാറിൽ നിന്ന് തമിഴ്നാടിന് വെള്ളം നൽകാനുള്ള സർക്കാർ തീരുമാനം നയതന്ത്ര പരാജയമാണെന്നും തിരുവഞ്ചൂർ പറഞ്ഞു. മുല്ലപ്പെരിയാറിൽ സംസ്ഥാന താൽപ്പര്യം സംരക്ഷിക്കാനാണ് സർക്കാർ എപ്പോഴും ശ്രമിച്ചതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ മറുപടി നൽകി.

 

 
click me!