
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്തുവരുന്ന 'വഴിയാധാരം' വാര്‍ത്താ പരമ്പര നിയമസഭയില്‍. കേരളത്തിലെ റോഡുകളുടെ ദുരവസ്ഥ തുറന്നുകാട്ടുന്ന പരമ്പര പ്രതിപക്ഷമാണ് സഭയില്‍ കൊണ്ടുവന്നത്. റോഡ് ദുരവസ്ഥ സംബന്ധിച്ച് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയ നോട്ടീസ് നല്‍കികൊണ്ടാണ് പ്രതിപക്ഷം ഏഷ്യാനെറ്റ് ന്യൂസിന്റെ പരമ്പരയെക്കുറിച്ച് പറഞ്ഞത്.
റോഡുകളുടെ ദുരവസ്ഥ സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയ നജീബ് കാന്തപുരം എംഎല്‍എ, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ എന്നിവരും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി രൂക്ഷമായ വാദപ്രതിവാദവും നടന്നു.
സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും വിവിധ പദ്ധതികളുടെ ഭാഗമായി കുഴിച്ച റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കാത്തതും കാരണം റോഡുകള്‍ ഗതാഗത യോഗ്യമല്ലാതാവുകയും അപകടങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഗുരുതര സാഹചര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ നജീബ് കാന്തപുരം എംഎല്‍എ ആവശ്യപ്പെട്ടത്. അതേസമയം, വെള്ളിയാഴ്ചകളില്‍ അടിയന്തര പ്രമേയങ്ങള്‍ ഒഴിവാക്കണമെന്ന് സ്പീക്കര്‍ ആവശ്യപ്പെട്ടു.
വഴി നടക്കാനുള്ള അവകാശം നിഷേധിച്ച സര്‍ക്കാരാണിതെന്നും എത്ര റോഡിലൂടെ എല്ലൊടിയാതെ യാത്ര ചെയ്യാനാകുമെന്നും നജീബ് കാന്തപുരം ചോദിച്ചു. മണിച്ചിത്രത്താഴ് സിനിമയില്‍ കുതിരവട്ടം പപ്പു ചെവിയില്‍ ചെമ്പരത്തി പൂ വെച്ച് ചാടി ചാടി പോകുന്നതുപോലെ പോകേണ്ട അവസ്ഥയല്ലേ ഉള്ളതെന്നും നജീബ് കാന്തപുരം ചോദിച്ചു. യുദ്ധഭൂമിയിലൂടെ പോകുന്നത് പോലെയാണ് നടു റോഡിലൂടെ പോകേണ്ടിവരുന്നത്. കുഴികള്‍ എണ്ണാനായിരുന്നു മന്ത്രി ആദ്യം പറഞ്ഞത്. എന്നാല്‍, ഇപ്പോള്‍ കുളങ്ങള്‍ എണ്ണിയാല്‍ തീരുമോ?. റോഡില്‍ വീണ് സ്ത്രീകള്‍ക്ക് ഗര്‍ഭം പോലും അലസുന്നുവെന്നും ജനിക്കാതെ പോയ ആ കുഞ്ഞിന്റെ കാലനാണ് പൊതുമരാമത്ത് വകുപ്പെന്നും നജീബ് കാന്തപുരം തുറന്നടിച്ചു.കുഴിയില്ലാത്ത റോഡിലൂടെ പോകാന്‍ മുഖ്യമന്ത്രി 16 കിലോമീറ്റര്‍ ആണ് ചുറ്റിയത്. സാധാരണക്കാര്‍ക്ക് ഇങ്ങനെ റൂട്ട് മാറാന്‍ പറ്റുമോയെന്നും നജീബ് കാന്തപുരം ചോദിച്ചു.
റോഡുകളുടെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ വഴിയാധാരം എന്ന പരമ്പരയെക്കുറിച്ചും നജീബ് കാന്തപുരം പരാമര്‍ശിച്ചു. തലസ്ഥാനത്തെ സ്മാര്‍ട്ട് റോഡിന് ഇപ്പോഴും ദുരവസ്ഥയാണെന്നും ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂട്ട അടിയാണെന്നും വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും നജീബ് കാന്തപുരം ആരോപിച്ചു. ചില റോഡുകളിലൂടെ പോയാല്‍ അഡ്വഞ്ചര്‍ പാര്‍ക്കിലൂടെ പോകും പോലെയാണ്. മഴക്കാല പൂര്‍വ ഓട്ടയടക്കല്‍ യജ്ഞമാണ് നടക്കുന്നത്. ശാസ്ത്രീയമായി റോഡിലെ കുഴിയടക്കാന്‍ അറിയില്ലെന്നും നജീബ് കാന്തപുരം പറഞ്ഞു.
റോഡുകള്‍ മികച്ച നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പിഡബ്ല്യുഡിക്കുള്ളതെന്നും റോഡ് നിര്‍മ്മാണത്തിനൊപ്പം പരിപാലനത്തിനും പരിഗണന നല്‍കുന്നുണ്ടെന്നും സംസ്ഥാനത്തെ റോഡുകളില്‍ ഭൂരിപക്ഷവും ഗതാഗത യോഗ്യമാണെന്നുമായിരുന്നു നജീബ് കാന്തപുരത്തിന് മന്ത്രി റിയാസിന്റെ മറുപടി. കോടതി വ്യവഹാരങ്ങള്‍ ഉള്‍പ്പെടെ നടക്കുന്ന റോഡുകളില്‍ ചില പ്രയാസം ഉണ്ട്. മന്ത്രിമാര്‍ തമ്മില്‍ നല്ല ഏകോപനമുണ്ടെന്നും റിയാസ് പറഞ്ഞു.
എന്നാല്‍, സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം റോഡുകളാണ് കേരളത്തിലെന്നും മന്ത്രി റിയാസിന്റെ മറുപടി യാഥാര്‍ഥ്യവുമായി ബന്ധം ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചു. ദേശീയ പാത 66-ന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെ കേരളത്തിലെ ജനങ്ങള്‍ ഈ ദുരിതം മുഴുവന്‍ അനുഭവിക്കണോയെന്നും വിഡി സതീശന്‍ ചോദിച്ചു. നജീബ് കാന്തപുരത്തെ വ്യക്തിപരമായി റിയാസ് ആക്ഷേപിച്ചുവെന്നും വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. മനസ്സില്‍ ഉള്ളത് തുറന്ന് പറയുന്നത് കുഴപ്പം ആയി കാണേണ്ടെന്നും ഇങ്ങോട്ട് നല്ല നിലയില്‍ എങ്കില്‍ അങ്ങോട്ടും നല്ല നിലക്കെന്നുമായിരുന്നു മന്ത്രി റിയാസിന്റെ മറുപടി.വിഷയം അവതരിപ്പിച്ച നജീബ് കാന്തപുരത്തെ ഗംഗയെന്നും നാഗവല്ലി എന്നുമെല്ലാം റിയാസ് പരിഹസിച്ചിരുന്നു. തുടര്‍ന്ന് അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. തുടര്‍ന്ന് പ്രതിപക്ഷ നേതാവിന്‍റെ മറുപടിക്ക് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി
'വഴിയാധാരം' വാര്‍ത്താ പരമ്പരയുടെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്താ സംഘം തയ്യാറാക്കിയ വിവിധ റോഡുകളുടെ ദുരവസ്ഥ പുറത്തുകാണിക്കുന്ന റിപ്പോര്‍ട്ടുകള്‍ കാണാം
v
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam