'വാ കുഴിയെണ്ണാം' ഏഷ്യാനെറ്റ് ന്യൂസ് പരമ്പര സഭയില്‍; റോഡിലാകെ മുതലക്കുഴിയെന്ന് പ്രതിപക്ഷം

By Web TeamFirst Published Jul 19, 2022, 11:05 AM IST
Highlights

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവെന്ന് മന്ത്രി. മഴ മാറിയാല്‍ കുഴി അടക്കുമെന്നും മുഹമ്മദ് റിയാസ്. കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നുവെന്ന് പ്രതിപക്ഷം,

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് കാരണം റോഡുകളില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെടുകയും  ഗതാഗതയോഗ്യമല്ലാതാവുകയും ചെയ്ത ഗുരുതര സാഹചര്യം മൂലം ജനങ്ങള്‍ക്കുണ്ടായിട്ടുള്ള  ബുദ്ധിമുട്ട്  സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണം എന്നാവശ്യപ്പെട്ട് എല്‍ദോസ് കുന്നപ്പള്ളിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.മണിചിത്രത്താഴ് സിനിമയില്‍  കാട്ടുപറമ്പൻ നടക്കുന്ന പോലെയാണ് കേരളത്തിൽ ജനം നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

'കേരളത്തിൽ മാത്രമായി അമിത ഭാരം ഉള്ള വാഹനം ഉണ്ടോ?.കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നു.റോഡിലെ പരിതാപരകരമായ അവസ്ഥയെ ഹൈക്കോടതി പോലും വിമർശിച്ചു.പശവച്ച് ഒട്ടിച്ചാണോ റോഡ് നന്നാക്കുന്നത് എന്ന് പോലും ഹൈക്കോടതി പരിഹസിച്ചു.ഉത്തരവാദമില്ലാത്തത് കൊണ്ടാണ് കുഴി അടക്കാത്തത്.റോഡിലാകെ മുതലക്കുഴികൾ.അപകടത്തിൽ പെടാനുള്ളതല്ല റോഡിലെ കുഴികൾ എന്ന് കേന്ദ്ര സംസ്ഥാന സർക്കാറുകൾ മനസിലാക്കണം' എന്നും എം എല്‍ എ ആവശ്യപ്പെട്ടു

 

എന്നാല്‍ ആക്ഷേപം ഉന്നയിച്ച എം എല്‍ എയുടെ മണ്ഡലത്തില്‍ മാത്രം റോഡ് നവീകരണത്തിനായി 16 കോടിയിലേറെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.റോഡിലെ കുഴി അടക്കാൻ ആത്മാർത്ഥമായ ശ്രമമുണ്ടായി.കാലാവസ്ഥ അടക്കം പലവിധ പ്രശ്നങ്ങൾ നേരിടുന്നു. പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നത് വലിയ മാറ്റം ഉണ്ടാക്കി .റോഡ് നിലവാരം കൂടി മഴ മാറുമ്പോ താൽകാലിക കുഴിയടക്കൽനടക്കും. വകുപ്പ് തല ഏകോപനം ഉറപ്പാക്കും. ഒരു കുഴി പോലും ഇല്ലാത്ത വഴിയായി കേരളം മാറണം .കഴിഞ്ഞ വർഷത്തെ അത്ര കുഴിയില്ല, പ്രവര്‍ത്തന ഏകോപനത്തിന് മിഷൻ ടീം പ്രവർത്തിക്കുന്നു, നിരന്തര ഇടപെടൽ നടത്തുന്നു- മന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർക്കിടയിലെ തെറ്റായ പ്രവണത പരിഹരിക്കും. വീഴ്ച വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടിയുണ്ടാകും.കോൺഗ്രസിൽ നിൽകുമ്പോൾ തന്നെ പലരും ബിജെപി രാഷ്ട്രീയത്തെ പിന്തുണക്കുന്നു. അടിയന്തര പ്രമേയം അല്ല ഞങ്ങളുടെ അടിയന്തിരം നടത്തിയാലും ബിജെപിക്ക് എതിരെ പോരാട്ടം തുടരുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.

റോഡിലെ പ്രശ്‍നം ഉന്നയിക്കുമ്പോൾ മന്ത്രി ബിജെപിയെ പിന്തുണക്കുന്നു എന്ന് പറയുന്നുവെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. അനാവശ്യ രാഷ്ട്രീയം ഉന്നയിച്ച് എവിടേക്കാണ് മന്ത്രി  പോകുന്നത്.കഴിഞ്ഞ ജൂലായിലേക്കാൾ ഇപ്പോൾ കുഴി കുറവാണെങ്കിൽ ഞങ്ങൾ എണ്ണി നോക്കിയിട്ടില്ല.മന്ത്രി എണ്ണി നോക്കിയോ. എം എല്‍ എ  മാരുടെ മണ്ഡലത്തിലെ റോഡ് നന്നാക്കുന്നത് ഔദാര്യം അല്ല. നികുതിപ്പണം ഉപയോഗിച്ചല്ലേ അറ്റകുറ്റ പണിക്ക് തുക അനുവദിക്കുന്നത്.

തറവാട് വിറ്റ പണമല്ലല്ലോ? അനുവദിച്ച പണത്തിന്‍റെ കണക്ക് കുഴിക്കുള്ള മറുപടിയല്ല.മഴ തുടങ്ങിയപ്പോഴാണ് അറ്റകുറ്റ പണി തുടങ്ങിയത്. ടെണ്ടര്‍ അനുവദിക്കാൻ വൈകി. പൊതുമരാമത്ത് വകുപ്പും അറ്റകുറ്റ പണിക്ക് നിയോഗിച്ച പുതിയ വിഭാഗവും തമ്മിലുള്ള തർക്കമാണ് പണി വൈകിപ്പിച്ചത് .പുതിയ റോഡ് പണിയുമ്പോൾ അറ്റകുറ്റപ്പണിക്ക് പണം അനുവദിക്കാത്തത് ദേശീയ പാത അതോറിറ്റിയുടെ വീഴ്ച. അത് നേടിയെടുക്കാൻ ഒരുമിച്ച് നിൽക്കാമെന്നും വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

റോഡിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം; അപകടം നടന്നത് തൃശ്ശൂർ തളിക്കുളത്ത്

click me!