മഴ: 'പല ജില്ലകളിലും പലതരം പ്രശ്നങ്ങള്‍', ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ല, ആരോപണവുമായി പ്രതിപക്ഷം

By Web TeamFirst Published Aug 30, 2022, 10:40 AM IST
Highlights

ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പ്രവചനങ്ങളില്‍ ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം നിയമസഭയില്‍. ദുരന്തനിവാരണ പദ്ധതി ഫലപ്രദമല്ലെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു. 'പല ജില്ലകളിലും പല പ്രശ്നമാണ്. കൃത്യമായ ജില്ലാതലത്തിലുള്ള ഫലപ്രദമായ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് പ്ലാന്‍ നിലവില്ല. ഇത് പ്രവര്‍ത്തനങ്ങളെ വല്ലാതെ ബാധിക്കുന്നുണ്ട്'. എന്നാല്‍ നാല് വിദേശകാലാവസ്ഥ പ്രവചന ഏജന്‍സികളുടെ മുന്നറിയിപ്പുകള്‍ കേരളം പണം നല്‍കി വാങ്ങി തുടങ്ങിയെന്ന് മന്ത്രി കെ രാജന്‍ സഭയില്‍ പറഞ്ഞു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍‌ കൂടുതല്‍ കാര്യക്ഷമമായ ദുരന്തനിവാരണ സംവിധാനം പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു. 

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാസർകോട് ഒഴികെയുള്ള പതിമൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാകാൻ കാരണം. ഒറ്റപ്പെട്ട മഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് മാറ്റമില്ല. കക്കി ആനത്തോട് ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് ദിവസത്തിൽ രണ്ട് ഉരുൾപൊട്ടലുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയതത്. 2019ന് ശേഷം തുടർച്ചയായ വർഷങ്ങളിൽ ഉരുൾപൊട്ടൽ നാശം വിതയ്ക്കുന്നു.കാലാവസ്ഥയിലും ഭൂപ്രകൃതിയിലും സംഭവിച്ച  മാറ്റങ്ങളാണ് ഈ മിന്നൽ പ്രളയങ്ങൾക്ക് കാരണമാകുന്നത്. കിഴക്കൻ മലയോരങ്ങൾ കഴിഞ്ഞ നാല് വർഷങ്ങളായി ഓരോ മഴയത്തും അപകട ഭീതിയിലാണ്. അപൂർവ പ്രതിഭാസമായിരുന്ന ഉരുൾപൊട്ടലുകൾ ഇപ്പോൾ വർഷാവർഷം റിപ്പോർട്ട് ചെയ്യപ്പെടുകയാണ്.മേഘ വിസ്ഫോടനം, ലഘുമേഘവിസ്ഫോടനം, നമ്മുടെ മലയോരങ്ങളിലെ ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, ഇവയാണ് പേമാരിക്കാലത്ത് നമ്മുടെ മലകളെടുക്കുന്നത്.

click me!