
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിൽ പ്രതിപക്ഷത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് പുതുമുഖങ്ങളെയും ചെറുപ്പക്കാരെയും സ്ത്രീകളെയും സ്ഥാനാർത്ഥികളാക്കും. സ്പീക്കർക്കെതിരെ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചരിത്രമാണെന്നും സിഎജിക്കെതിരായ പ്രമേയത്തിൽ കോടതിയെ സമീപിക്കണോയെന്ന് നിയമ വിദഗ്ദ്ധരുമായി ആലോചിച്ച് ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർക്കാരിന്റെ അഴിമതിക്കെതിരെ പോരാടാനും ക്രിയാത്മകമായി പ്രവർത്തിക്കാനും പ്രതിപക്ഷത്തിന് കഴിഞ്ഞു. പല കാര്യങ്ങളും സർക്കാരിനെ കൊണ്ട് തിരുത്തിക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ സഭക്കകത്തും പുറത്തും പ്രതിപക്ഷം പോരാടി. ഭരണഘടനയുടെ അടിസ്ഥാന തത്വത്തെ വെല്ലുവിളിക്കുന്ന സിഎജിക്കെതിരായ പ്രമേയത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു കൊണ്ടാണ് പ്രതിപക്ഷം സഭയിൽ പ്രവർത്തിച്ചത്.
പ്രളയം, നിപ്പ, കൊവിഡ് എന്നീ ഘട്ടത്തിൽ സർക്കാരിനെ പിന്തുണച്ചു. പൗരത്വ നിയമത്തിൽ സഭ വിളിച്ചു കൂട്ടണമെന്ന് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവാണ്. ലോക കേരള സഭ ധൂർത്തും പൊങ്ങച്ചവുമായപ്പോഴാണ് വിട്ടുനിന്നത്. സ്പീക്കറുടെ കസേര വലിച്ചിടാനോ തള്ളികയറാനോ പ്രതിപക്ഷം ശ്രമിച്ചിട്ടില്ല. സ്പീക്കർക്കെതിരായ പ്രമേയം ചരിത്രമാണ്. പ്രതിപക്ഷത്തിന്റേത് മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു.
കേരള യാത്രയിൽ ഷാഫി പറമ്പിലും ലതിക സുഭാഷും സ്ഥിരാംഗങ്ങളായിരിക്കും. ജനകീയ മാനിഫെസ്റ്റോ തയ്യാറാക്കും. ബെന്നി ബെഹന്നാന്റെ നേതൃത്വത്തിൽ അതിനായി ഒരു കമിറ്റി രൂപീകരിച്ചിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും പൊളിറ്റ് ബ്യുറോയുമെല്ലാം ഒരാളായതുകൊണ്ടാണ് പിണറായി വിജയന് കോൺഗ്രസിനെ മനസിലാകാത്തത്. നേരത്തെയും നിരീക്ഷകരും ഉന്നതാധികാര സമിതിയും കോൺഗ്രസ് നിയോഗിച്ചിട്ടുണ്ട്. ജനാധിപത്യ സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുണ്ട്. ഇത് നേരത്തെയും ഉന്നയിച്ച വിഷയമാണ്. എന്നുവെച്ച് അശോക് ഗെഹ്ലോട്ടിന്റെ പ്രസംഗം വളച്ചൊടിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ കെ.വി.തോമസ് കോൺഗ്രസിൽ തുടരും. അദ്ദേഹം ഉറച്ച കോൺഗ്രസുകാരനാണ്. അദ്ദേഹത്തിന് ചില പ്രശ്നങ്ങളുണ്ട്. അത് ചർച്ച ചെയ്യും. ജനാധിപത്യ പാർട്ടിയിൽ സ്വാഭാവികമാണ് ഇത്തരം കാര്യങ്ങളെന്നും ചെന്നിത്തല പറഞ്ഞു. നമ്മുടെ പാർട്ടി നേതാക്കളോട് മൈക്ക് നീട്ടുമ്പോൾ ചിലർ ചിലത് പറയുന്നു. സ്ഥാനാർത്ഥി നിർണയത്തെ കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. മാധ്യമങ്ങൾ ഓരോ ആൾക്കാരെ പറയുന്നു. പുതുമുഖങ്ങളും ചെറുപ്പക്കാരും സ്ത്രീകളും സ്ഥാനാർത്ഥികളാകും. എംഎം ഹസൻ പ്രമുഖ നേതാവാണ്. അദ്ദേഹത്തെ ഒരിടത്തും തഴഞ്ഞിട്ടില്ല.
പ്രകടനപത്രികയിൽ എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടതെന്ന് തീരുമാനിച്ചിട്ടില്ല. സിഎജിക്കെതിരായ പ്രമേയത്തിൽ കോടതിയെ സമീപിക്കണോയെന്ന കാര്യം നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമ വിദഗ്ദ്ധരുടെ അഭിപ്രായം കേട്ട ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam