നിനിത കണിച്ചേരിയുടെ നിയമനത്തിനെതിരെ ഇന്നും യുവജന സംഘടനകളുടെ പ്രതിഷേധം; കാലടി സർവകലാശാലയിൽ സംഘർഷം

By Web TeamFirst Published Feb 6, 2021, 2:00 PM IST
Highlights

കാലടി സര്‍വകലാശാലയിലേയ്ക്ക് കെഎസ്‍യു നടത്തിയ മാര്‍ച്ചിൽ ഇന്നും സംഘര്‍ഷമുണ്ടായി. വൈസ് ചാൻസലറുടെ മുറിക്ക് സമീപമെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി.

കൊച്ചി/തിരുവനന്തപുരം: എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിക്ക് നിയമനം നൽകിയതിനെതിരെ കാലടി സര്‍വകലാശാലയിലേയ്ക്ക് യുവജന സംഘടനകൾ നടത്തിയ മാര്‍ച്ചിൽ ഇന്നും സംഘര്‍ഷം. മതിലും ഗേറ്റും ചാടിക്കടന്ന് വിസിയുടെ മുറിക്ക് മുന്നിലെത്തിയ കെഎസ്‍യു പ്രവര്‍ത്തകരുടെ ലക്ഷ്യം വിസിയെ ഉപരോധിക്കുകയായിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് വൈസ് ചാൻസലർ പി എം ധർമ്മരാജിന് പോലീസ് പ്രത്യേകം സുരക്ഷ ഒരുക്കിയിരുന്നു. 

വൈസ് ചാൻസലറുടെ മുറിക്ക് സമീപമെത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. തുടർന്ന് പ്രവർത്തകർ ഏറെ നേരം യൂണിവേഴ്സിറ്റിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചാണ് പിരിഞ്ഞു പോവാൻ തയ്യാറായത്. സംഘർഷത്തിൽ കെഎസ്‍യു സംസ്ഥാന ജനറൽ സെക്രട്ടറി അജ്മലിനും ലിയ വിനോദിനും പരിക്കേറ്റു. 

നിയമന ക്രമക്കേടുകളിൽ പ്രതിഷേധിച്ച് തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. സെക്രട്ടേറിയറ്റിലേക്ക് മാർച്ച്
നടത്തിയ പ്രവർത്തകർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പൊലീസും സമരക്കാരും ഏറ്റുമുട്ടി.

ഇതിനിടെ രാജേഷിന്റെ ഭാര്യയെ നിയമിച്ചത് വഴി വിട്ടാണെന്ന് സാക്ഷ്യപ്പെടുത്തുന്ന വിഷയവിദഗ്ധരുടെ കത്ത് പുറത്തു വന്നു. ജനുവരി 31നാണ് മൂന്നംഗങ്ങളും ഒപ്പിട്ട കത്തയച്ചത്. രണ്ടോ അതിലധികമോ മികച്ച ഉദ്യോഗാർത്ഥികളെ മറികടന്നാണ് നിനിതയെ നിയമിച്ചെന്ന ഗുരുതരമായ ആരോപണം കത്തിലുണ്ട്. നിയമനം മരവിപ്പിച്ച് ഇൻ്റ‍ർവ്യൂബോ‌ർഡ് കൂട്ടായെടുത്ത തീരുമാനം നടപ്പിലാക്കണമെന്ന് പറഞ്ഞ് കൊണ്ടാണ് കത്ത് അവസാനിപ്പിക്കുന്നത്. 

ജനുവരി 31ന് അയച്ച ഈ കത്ത് അതേ ദിവസം രാജേഷിന്റെ ഭാര്യക്ക് ലഭിക്കുകയും രാത്രി ഒരു മണിക്ക് രജിസ്ടാർക്ക് ഇതേക്കറിച്ച് പരാതി അയക്കുകയും ചെയ്തിട്ടിണ്ട്. സർവ്വകലാശാലയിൽ നിന്നാണ് കത്ത് ചോർത്തി നൽകിയതെന്നാണ് സൂചന. ഇങ്ങനെയൊരു കത്തുള്ള കാര്യം സ്ഥീരികരിക്കാതെ ആരേപണം അസംബന്ധമാണെന്നാണ് വി സി ധർമ്മരാജ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

click me!