വ്യാപക മഴയ്ക്ക് സാധ്യത: അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒൻപത് ജില്ലയിൽ യെല്ലോ അലർട്ട്

By Web TeamFirst Published Jul 23, 2021, 7:27 AM IST
Highlights

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി,കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും അറബിക്കടലില്‍ കേരള തീരത്തോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദ്ദപാത്തിയുമാണ് മഴ ശക്തമാകാന്‍ വഴിയൊരുക്കുന്നത്. കേരള തീരത്ത് കാറ്റിന്‍റെ വേഗം 60 കി.മി, വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മലപ്പുറത്തെ മലയോര മേഖലയിൽ ഇന്നലെ മുതൽ കനത്ത മഴ തുടരുകയാണ്. ചാലിയാർ, പുന്നപുഴകളിൽ വെള്ളം കൂടി.പോത്ത്‌കല്ലിൽ പുഴയുടെ തീരത്ത് താമസിക്കുന്നവർ    ജാഗ്രത പാലിക്കണമെന്ന് ഗ്രാമപഞ്ചായത്തും പൊലീസും മുന്നറിയിപ്പ് നൽകി. വെള്ളം കയറിയതിനെ തുടർന്ന് മുപ്പിനി  പാലത്തിലുടെയുള്ള ഗതാഗതം തത്ക്കാലികമായി നിരോധിച്ചു.

തമിഴ്നാട് നീലഗിരി ജില്ലയിലും വയനാട്ടിലുമുള്ള ചാലിയാർ പുഴയുടെ വൃഷ്ടിപ്രദേശങ്ങളിലും കനത്ത മഴ തുടരുന്നുണ്ട് .ഇതും ചാലിയാർ പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായിട്ടുണ്ട്. നിലമ്പൂർ, ഏറനാട് , കൊണ്ടോട്ടി  തഹസിൽദാർമാരോടും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥരോടും  ജാഗ്രത പാലിക്കാനും ജലനിരപ്പ് നിരീക്ഷിക്കാനും ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!