
തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി വിഭാഗത്തില്‍ നൂതന ചികിത്സാരീതി വിജയം. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിൽ വിദഗ്ധ ചികിത്സയ്ക്കായി നിര്‍ദേശിക്കപ്പെട്ട കൊല്ലം ചാരുംമൂട് സ്വദേശിയായ 54 വയസുള്ള നിര്‍ധന രോഗിയ്ക്കാണ് സൗജന്യമായി അത്യാധുനിക ചികിത്സ ലഭ്യമാക്കിയത്. സങ്കീര്‍ണമായ സര്‍ജറി ഒഴിവാക്കി നൂതന ചികിത്സാ മാര്‍ഗമായ ഓര്‍ബിറ്റല്‍ അതരക്ടമി ചികിത്സയിലൂടെയാണ് സുഖപ്പെടുത്തിയത്.
ഹൃദയത്തിൽ രക്തക്കുഴലിനുള്ളിൽ കാത്സ്യം അടിഞ്ഞു കൂടി മുഴപോലെ അകത്തേയ്ക്ക് തള്ളിനിൽക്കും. പാറ പോലെ ഉറപ്പുള്ള മുഴയുള്ളപ്പോൾ രക്തക്കുഴലിലെ തടസം നീക്കുന്നതിന് സാധാരണ ബലൂൺ ഉപയോഗിച്ചാൽ അതു പൊട്ടിപ്പോകും. ഓര്‍ബിറ്റല്‍ അതരക്ടമിഎക്യുപ്മെൻ്റ് എന്ന ഉപകരണം ഉപയോഗിച്ച് രക്തക്കുഴലിലെ ഈ കാഠിന്യമേറിയ മുഴ പൊട്ടിച്ചു കളയുന്ന ചികിത്സയാണ് ഓര്‍ബിറ്റല്‍ അതരക്ടമി. പ്രധാന ഹൃദയ ധമനികളായ എല്‍ എം സി എ, എല്‍ എ ഡി എല്‍ സി എക്‌സ് എന്നിവയില്‍ അടിഞ്ഞുകൂടിയ കാല്‍സ്യം പൊടിച്ചു മാറ്റി രക്തക്കുഴലുകളിലെ തടസം നീക്കിയാണ് രോഗിയെ രക്ഷിച്ചത്. വിജയകരമായ ചികിത്സയ്ക്ക് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാനും സാധിച്ചു.മികച്ച ചികിത്സ നല്‍കിയ മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗത്തിലെ മുഴുവന്‍ ടീം അംഗങ്ങളേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു.
സ്വകാര്യ കോര്‍പ്പറേറ്റ് ആശുപത്രികളില്‍ 10 ലക്ഷത്തിലധികം രൂപ ചെലവ് വരുന്ന ഈ ചികിത്സ മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം സര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗജന്യമായാണ് ചെയ്തുകൊടുത്തത്. കാര്‍ഡിയോളജി വിഭാഗം മേധാവി പ്രൊഫസര്‍ ഡോ ശിവപ്രസാദ്, പ്രൊഫസര്‍മാരായ ഡോ മാത്യു ഐപ്പ്, ഡോ സിബു മാത്യു, ഡോ പ്രവീണ്‍ വേലപ്പന്‍, ഡോ എസ് പ്രവീണ്‍, ഡോ അഞ്ജന, ഡോ ലക്ഷ്മി തമ്പി, കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജിസ്റ്റുമാരായ പ്രജീഷ്, കിഷോര്‍, അസീംഷാ, കൃഷ്ണപ്രിയ, നേഹ, അമല്‍, സുലഭ, നഴ്‌സിംഗ് ഓഫീസര്‍മാരായ കവിതകുമാരി, അനിത, പ്രിയ എന്നിവരടങ്ങിയ മെഡിക്കല്‍ ടീമാണ് ഈ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയത്.
Read More : ഇഷ്ടമുള്ള സ്‌ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം; സരിനോട് ശബരീനാഥൻ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam