
പാലക്കാട്: കൊച്ചി അവയവ കടത്ത് കേസുമായി ബന്ധപ്പെട്ട് കാണാതായ ഷമീറിനെതിരെ പിതാവ്. തങ്ങളോട് വഴക്കിട്ടാണ് മകൻ വീട് വിട്ടുപോയതെന്നും ചതിച്ചിട്ട് പോയതിനാലാണ് തിരഞ്ഞുപോകാതിരുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് വര്‍ഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിര്‍ത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും പറഞ്ഞു.
ഒന്നര കൊല്ലമായി ഷമീര്‍ വീടുവിട്ട് പോയിട്ടെന്നാണ് പിതാവ് പറഞ്ഞത്. അവനെ കൂടെ നോക്കണം എന്ന് പറഞ്ഞതായിരുന്നു പ്രശ്നം. വാടകയും വീട്ടുചെലവും എല്ലാം നോക്കുമ്പോൾ അവനെ കൂടെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞത് അവന് ഇഷ്ടമായില്ല. എവിടെയാണെന്ന് അറിയില്ല. നമ്മളെ ചതിച്ചിട്ട് പോയതാണ്, അതുകൊണ്ട് അന്വേഷിച്ചില്ല. 2-3 കൊല്ലം മുൻപ് വൃക്ക വിൽക്കുന്ന കാര്യം പറഞ്ഞിരുന്നു. എന്താടാ പ്രാന്തായോ നിനക്കെന്ന് അന്ന് അവനോട് ചോദിച്ചു. കല്യാണമൊന്നും കഴിക്കേണ്ടേ എന്ന് ചോദിച്ചു. വേണ്ടാത്തേനൊന്നും നിൽക്കേണ്ടെന്ന് പറഞ്ഞ് എതിര്‍ത്തു. അന്ന് ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് വീട് വിട്ട് പോയി. ഇവിടെ അവന്റെ പാസ്പോര്‍ട്ടോ ആധാര്‍ കാര്‍ഡോ ഒന്നുമില്ല. എല്ലാം എടുത്തിട്ടാണ് ഷമീര്‍ പോയതെന്നും പിതാവ് പറഞ്ഞു.
അവയവം ദാനം ചെയ്യാൻ ഷമീർ മൂന്നു വർഷം മുമ്പ് ശ്രമം നടത്തിയിരുന്നതായി മാതാവ് ഷാഹിനയും പറഞ്ഞു. എന്നാൽ മാതാപിതാക്കൾ എതിർത്തതിനാൽ വേണ്ടെന്നു വെച്ചു. ഒരു വർഷം മുമ്പ് വീട് വിട്ട് പോയ മകനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നു ഷാഹിന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മൂന്ന് വര്‍ഷം മുൻപ് കൂട്ടുകാരൻ്റെ അമ്മയ്ക്ക് എന്ന് പറഞ്ഞാണ് വൃക്കദാനത്തിന് ശ്രമിച്ചതെന്നും ഷമീര്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാളാണെന്നും വാര്‍ഡ് കൗൺസിലര്‍ മൻസൂറും പറഞ്ഞു. കഴിഞ്ഞ 6 മാസമായി ഷമീര്‍ നാട്ടിലില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും പറഞ്ഞ മൻസൂര്‍, വീട്ടുകാരുമായി ഷമീറിന് ബന്ധമില്ലെന്നും പറഞ്ഞു.
കേസിൽ പിടിയിലായ പ്രതി സാബിത്ത് നാസര്‍ തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലേക്ക് കടത്തിയെന്ന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷമീറിനെ തിരഞ്ഞ് പൊലീസ് പാലക്കാട്ടെ വീട്ടിലെത്തിയത്. എന്നാൽ ഷമീറും കുടുംബവും ഇവിടെ നിന്ന് താമസം മാറി പോയെന്നാണ് കിട്ടിയ വിവരം. അവയവ മാഫിയയുടെ കെണിയിൽ പെട്ടിരിക്കാമെന്ന സാധ്യതയാണ് പ്രദേശവാസികളും പങ്കുവെക്കുന്നത്. അവയവ കടത്ത് ഇരകളിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്നും പ്രതി സാബിത്ത് നാസര്‍ പൊലീസിനോട് സമ്മതിച്ചു. രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. പ്രതിയെ അങ്കമാലി മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസര്‍ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതിൽ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നൽകാൻ തയ്യാറായി 2019ൽ ഹൈദാരാബദിലെത്തിയതായിരുന്നു സാബിത്ത് നാസർ. എന്നാൽ ആ നീക്കം പാളിയിരുന്നു. പക്ഷെ അവയവ മാഫിയ സംഘങ്ങളുമായി ഇയാൾ ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാൾ മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്‍റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവര്‍ക്ക് ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചിലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്‍റിന്‍റെ പോക്കറ്റിലാക്കുകയുമായിരുന്നു പതിവ്.
എത്ര പേരെ ഇയാൾ അവയവ കൈമാറ്റത്തിനായി സമീപിച്ചു, ഇവരുമായി നടത്തിയ സാമ്പത്തിക ഇടപാടുകൾ, ഇവരുടെ ആരോഗ്യസ്ഥിതി, ഇതിൽ എത്ര പേർ മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളിലാണ് അന്വേഷണം. ഇരകളായവരെ കണ്ടെത്തി പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. പ്രതിയുടെ ചാവക്കാട് സ്വദേശിയായ പങ്കാളിക്കായുള്ള തെരച്ചിലാണ് അന്വേഷണ സംഘം. കൊച്ചിയിലുള്ള മറ്റൊരു സുഹൃത്തിൽ നിന്നും മൊഴിയെടുത്തു. രാജ്യാന്തര മാഫിയ സംഘങ്ങളുടെ സാന്നിദ്ധ്യമുള്ള കേസിൽ എൻഐഎ ഉൾപ്പടെ കേന്ദ്ര അന്വേഷണ ഏജൻസികളും വിവരശേഖരണം തുടരുകയാണ്. കൂടുതൽ ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യമെന്ന തെളിവ് കിട്ടിയാൽ കേന്ദ്ര ഏജൻസികൾ കേസ് ഏറ്റെടുക്കാനും സാധ്യതയുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam