അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകള്‍ ഇനി സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി ലഭ്യമാക്കും

Published : Aug 13, 2025, 07:58 PM ISTUpdated : Aug 13, 2025, 07:59 PM IST
Veena george

Synopsis

ഇതുവരെ 389 മരണാനന്തര അവയവദാനം കേരളത്തില്‍ നടന്നു. അതിന്റെ ഗുണഭോക്താക്കളായി 1120 പേര്‍ക്ക് പുതിയ ജീവിതം ലഭിച്ചു.

തിരുവനന്തപുരം: കാന്‍സര്‍ മരുന്നുകള്‍ പരമാവധി വിലകുറച്ച് നല്‍കാനായി 2024ല്‍ ആരംഭിച്ച കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് കൗണ്ടറുകള്‍ വഴി അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കഴിഞ്ഞവര്‍ക്കുള്ള മരുന്നുകളും വിലകുറച്ച് നല്‍കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ അവയവദാന രംഗത്ത് നിരവധി പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഇന്‍ഷുറന്‍സ് പരിരക്ഷയോടെ അവയവദാന ശസ്ത്രക്രിയകള്‍ ചെയ്തുകൊടുക്കുന്നു. മരണാനന്തര അവയവദാനം ചെയ്യുന്ന കുടുംബങ്ങളെ ആദരിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വൈകാതെ ഉത്തരവ് പുറത്തിറക്കും. അപ്രതീക്ഷിത ദുരന്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായി തീവ്ര ദു:ഖത്തില്‍ എടുക്കുന്ന ആ തീരുമാനം ലോകത്തിലെ മഹത്തായ തീരുമാനമായി കരുതുന്നതായും മന്ത്രി വ്യക്തമാക്കി.

മരണാനന്തര അവയവ ദാതാക്കളെ അനുസ്മരിക്കലും കുടുംബാംഗങ്ങളെ ആദരിക്കുകയും ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ടാഗോര്‍ തീയറ്ററില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 122 കുടുംബങ്ങളെയാണ് ആദരിച്ചത്. അവയവദാനവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും സുതാര്യമാക്കുന്നതിനായാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കെ സോട്ടോ രൂപീകരിച്ചത്. ഇതുവരെ 389 മരണാനന്തര അവയവദാനം കേരളത്തില്‍ നടന്നു. അതിന്റെ ഗുണഭോക്താക്കളായി 1120 പേര്‍ക്ക് പുതിയ ജീവിതം ലഭിച്ചു. അവയവം മാറ്റിവെച്ചാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന 2801 രോഗികള്‍ കേരളത്തിലുണ്ട്. അവയവദാനത്തില്‍ പലവിധ പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. കോടതി വ്യവഹാരങ്ങള്‍ കാരണം അവയവദാനം സര്‍ട്ടിഫൈ ചെയ്യുന്നതിന് പല ഡോക്ടര്‍മാരും മടിക്കുന്നുവന്ന് മന്ത്രി പറഞ്ഞു.

അതേസമയം കോടതികള്‍ അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് വലിയ പിന്തുണ നല്‍കി. ജീവിച്ചിരിക്കുന്നവര്‍ തമ്മിലുള്ള അവയവദാനത്തേക്കാള്‍ കൂടുതല്‍ മരണാനന്തര അവയവദാനം സമൂഹത്തില്‍ വര്‍ധിക്കേണ്ടതുണ്ട്. മസ്തിഷ്‌ക മരണാനന്തരം ഒരാള്‍ക്ക് എട്ടിലധികം പേര്‍ക്ക് ജീവന്‍ നല്‍കാന്‍ കഴിയുമെങ്കില്‍ അതില്‍പ്പരം മറ്റൊരു പുണ്യമില്ല. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതിന് വലിയ പ്രാധാന്യമുണ്ട്. ഇത് മുന്നില്‍ കണ്ടാണ് അവയവദാന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 'ജീവനേകാം ജീവനാകാം' എന്ന പേരില്‍ കെ-സോട്ടോ ക്യാമ്പയിന്‍ സംഘടിപ്പിച്ചു വരുന്നത്. അതിന്റെ ഫലവും കണ്ടു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരിയുടെ നേതൃത്വത്തില്‍ ജീവന്‍ ദാനം എന്ന പേരില്‍ ആരംഭിച്ച ക്യാമ്പയിന്‍ ഇപ്പോള്‍ കുടുംബശ്രീയുമായി സഹകരിച്ച് വിപുലമായിക്കൊണ്ടിരിക്കുന്നു. എറണാകുളം സെന്റ് തെരേസസ് കോളേജിലെ 1000-ത്തോളം വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ച് അവയവദാന രജിസ്‌ട്രേഷന്‍ ചെയ്തതുമെല്ലാം മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാതൃകകളാണ്. പല സംഘടനകളും ഇതേറ്റെടുത്തത് സന്തോഷമുള്ള കാര്യമാണ്- മന്ത്രി വ്യക്തമാക്കി.

കേരളത്തില്‍ ഈ സര്‍ക്കാര്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി ആരംഭിച്ചു. 10 കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ നടത്തി. ട്രാന്‍സ്പ്ലാന്റ് ശസ്ത്രക്രിയക്ക് മാത്രമായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് എന്ന സ്ഥാപനം കോഴിക്കോട് ആരംഭിക്കുന്നതിന് വേണ്ടി 643.88 കോടി രൂപയ്ക്കുള്ള ഭരണാനുമതി നല്‍കിക്കഴിഞ്ഞു. രാജ്യത്ത് ആദ്യമായി എറണാകുളം ജില്ലാ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സജ്ജമാകുകയാണ്. ജര്‍മനിയില്‍ നടക്കുന്ന വേള്‍ഡ് ട്രാന്‍സ്പ്ലാന്റ് ഗെയിംസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്ന മിഥുന്‍ അശോക് (വൃക്ക മാറ്റിവയ്ക്കല്‍), എസ്. സുജിത്ത് (കരള്‍ മാറ്റിവയ്ക്കല്‍) എന്നിവര്‍ക്ക് എല്ലാവിധ വിജയാശംസകളും മന്ത്രി നേര്‍ന്നു.

ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍ സ്വാഗതവും കെ സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് കൃതജ്ഞതയും പറഞ്ഞു. അവയവദാന മേഖലയില്‍ മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികളെ ആദരിക്കലും സ്ഥാപനങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണവും ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ നിര്‍വഹിച്ചു. അവയവദാന ബോധവല്‍ക്കരണ വീഡിയോ പ്രകാശനം ജില്ലാ കളക്ടര്‍ അനുകുമാരി നിര്‍വഹിച്ചു. കൗണ്‍സില്‍ രാഖി രവികുമാര്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസര്‍ ഡോമി ജെ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് റീജിയണല്‍ ഡയറക്ടര്‍ ഡോ. ഹരിതാ വി.എല്‍. എന്നിവര്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

വി സി നിയമന തർക്കത്തില്‍ അനുനയ നീക്കവുമായി സർക്കാർ; നിയമമന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഗവർണറെ നാളെ കാണും
കൊട്ടിക്കലാശത്തിനിടെ അപകടം; കോൺഗ്രസ് നേതാവ് ജയന്തിൻ്റെ വാരിയെല്ലിനും ശ്വാസകോശത്തിനും പരിക്ക്; പ്രചാരണ വാഹനത്തിൽ നിന്ന് വീണ് അപകടം