മൃതദേഹത്തിൽ ആഭരണങ്ങളില്ല, പറമ്പിൽ നിന്ന് മാലയുടെ ഒരു ഭാഗം മകൾക്ക് ‘കിട്ടി’; പൊലീസിന് തോന്നിയ സംശയം, പുറത്തുവന്നത് മകളുടെയും കാമുകന്‍റെയും കൊടുംക്രൂരത

Published : Nov 26, 2025, 01:00 AM IST
 daughter kills mother for gold

Synopsis

മുണ്ടൂരിൽ 75കാരിയെ മകളും അയൽവാസിയായ കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സ്വാഭാവിക മരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെങ്കിലും, ആഭരണങ്ങൾ കാണാതായതിനെ തുടർന്നുണ്ടായ സംശയവും പൊലീസ് അന്വേഷണവുമാണ് പ്രതികളെ കുടുക്കിയത്.

തൃശൂർ: മുണ്ടൂരിൽ 75കാരിയെ മകളും അയൽവാസിയായ കാമുകനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊന്നു. സ്വർണം മോഷ്ടിക്കാൻ ലക്ഷ്യമിട്ടായിരുന്നു അരും കൊല. സ്വാഭാവിക മരണമെന്ന് തെറ്റിദ്ധരിപ്പിക്കാൻ ഇരുവരും ശ്രമിച്ചെങ്കിലും ആഭരണങ്ങൾ കാണാതായത് സംശയത്തിന് ഇടയാക്കി. തുടർന്നുള്ള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

45കാരിയായ മകൾ സന്ധ്യയുടെ വീട്ടിലായിരുന്നു തങ്കമണി താമസിച്ചിരുന്നത്. സന്ധ്യയുടെ ഭർത്താവും മക്കളും വീട്ടിലുണ്ടായിരുന്നു. സന്ധ്യയും അയൽവാസിയായ 27കാരൻ നിതിനും തമ്മിൽ മൂന്ന് വർഷമായി അടുപ്പത്തിലായിരുന്നു. സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്തിരുന്ന നിതിൻ കുറച്ചു നാളായി ജോലിക്ക് പോയിരുന്നില്ല. ഇതോടെ കടം കയറി. സാമ്പത്തിക ബാധ്യത തീർക്കാൻ സഹായിക്കണമെന്ന് നിതിൻ കാമുകി സന്ധ്യയോട് ആവശ്യപ്പെട്ടു.

അമ്മ തങ്കമണിയുടെ സ്വർണാഭരണങ്ങൾ ഊരി വാങ്ങാമെന്നും അത് വിറ്റ് പണം കണ്ടെത്താമെന്നും സന്ധ്യ മറുപടി നൽകി. അതിനുള്ള പ്ലാനിംഗിലായിരുന്നു പിന്നീട് നിതിനും സന്ധ്യയും. ശനിയാഴ്ച വൈകിട്ട് 4 മണിയോടെ സന്ധ്യ അമ്മയോട് ആഭരണങ്ങൾ ഊരിത്തരണമെന്ന് പറഞ്ഞെങ്കിലും അമ്മ സമ്മതിച്ചില്ല. ഇതോടെ വാക്ക് തർക്കമായി. അമ്മയെ കഴുത്തിനു കുത്തിപ്പിടിച്ച സന്ധ്യ ഭിത്തിയോട് ചേർത്ത് ഉയർത്തി നിലത്തടിച്ചു. മരിച്ചെന്ന സംശയത്തിൽ എടുത്ത് കട്ടിലിൽ കിടത്തി. നിതിനെ വിളിച്ചുവരുത്തി മീൻ വെട്ടുന്ന കത്രിക ഉപയോഗിച്ച് അമ്മയുടെ മാലയും ചെവിയിൽ കിടന്ന കമ്മലും അറുത്തെടുത്തു.

നിതിന്‍ ഇത് മുണ്ടൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയം വെച്ച് ഒരു ലക്ഷത്തി അറുപത്തി അയ്യായിരം രൂപ എടുത്തു. സ്ഥിരമായി ജിമ്മിൽ പോകുന്ന ആളായിരുന്നു സന്ധ്യ. വൈകിട്ട് ആറ് മണിയോടെ ജിമ്മിൽ പോകുന്നതിനു തൊട്ടുമുമ്പ് തങ്കമണിയുടെ മൃതദേഹം വീടിന് പുറത്ത് കൊണ്ടു ചെന്നിട്ടു. പിറ്റേന്ന് പുലർച്ചെ നിതിൻ ശബരിമലയ്ക്ക് പോകാനായി പുറത്തിറങ്ങിയപ്പോൾ വീടിന്റെ ഒരു വശത്ത് ഒരാൾ കിടക്കുന്ന കണ്ടു എന്ന് സന്ധ്യ ഉൾപ്പെടെയുള്ള വീട്ടുകാരെ അറിയിക്കുന്നു. അതിനുശേഷം ശബരിമലയ്ക്ക് പോയി. വീട്ടുകാരും നാട്ടുകാരും എത്തി നടത്തിയ പരിശോധനയിൽ തങ്കമണി മരിച്ചു കിടക്കുന്നതായി ബോധ്യപ്പെട്ടു. മൃതദേഹത്തിൽ ആഭരണങ്ങൾ ഇല്ലെന്ന് കണ്ടതിനെ തുടർന്നാണ് സംശയം തോന്നിയത്.

തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമാണ് നടന്നത് എന്ന് വ്യക്തമായത്. പോലീസ് പരിശോധന നടത്തുന്നതിനിടെ തങ്കമണിയുടെ മകൾ സന്ധ്യ പറമ്പിൽ നിന്ന് കിട്ടിയതെന്ന് പറഞ്ഞ് അമ്മയുടെ മാലയുടെ ഒരു കഷ്ണം പോലീസുകാരെ ഏൽപ്പിച്ചു. സംശയം തോന്നിയ പോലീസ് ഉദ്യോഗസ്ഥർ സന്ധ്യയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. അപ്പോഴേക്കും സന്ധ്യയും നിതിനും തമ്മിലുള്ള ചാറ്റുകളും ഫോൺ സംഭാഷണങ്ങളും പോലീസ് ശേഖരിച്ചിരുന്നു. സന്ധ്യയെ കസ്റ്റഡിയിലെടുത്തു. ശബരിമലയിൽ പോയി തിരിച്ച് എത്തിയ നിതിനെയും പിടികൂടി. തങ്കമണിയുടെ കൊലപാതകത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആദ്യ ഘട്ടത്തിൽ സന്ധ്യയും നിതിനും വാദിച്ചു. എന്നാൽ തെളിവുകൾ പൂർണമായും എതിരാണെന്ന് തിരിച്ചറിഞ്ഞ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

കോളേജിന്റെ സണ്‍ഷേഡ് ഇടിഞ്ഞുവീണ് വിദ്യാർത്ഥികൾക്ക് പരിക്ക്; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
ഡിജിപിക്ക് ബന്ധുക്കളുടെ പരാതി; പിന്നാലെ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തേയും ഡ്രൈവറേയും വിട്ടയച്ചു