
കോട്ടയം: ഓർത്തഡോക്സ് സഭ വ്യക്തമായ ഓഡിറ്റിങ് ഉള്ള സഭയാണെന്ന് കോട്ടയം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത. സഭയുടെ അക്കൗണ്ടുകളെല്ലാം കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കുന്നതാണെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. നിലവിലെ ചട്ടഭേദഗതിയിൽ ഓർത്തഡോക്സ് സഭയ്ക്ക് ഭയപ്പെടേണ്ട കാര്യങ്ങൾ ഒന്നുമില്ല. നിലവിൽ ക്രൈസ്തവസഭകൾ നടത്തിവരുന്ന പരിപാടികളിൽ എല്ലാം കൈകടത്തുന്ന ചില പിരിമുറുക്കങ്ങൾ ഇതിലുണ്ട്. ഇതെല്ലാം ജനാധിപത്യ അവകാശങ്ങളിലുള്ള കൈകടത്തലാണ്. ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ടവരോട് ആലോചിക്കണമായിരുന്നു. ആരോടും ഒന്നും ചോദിക്കാതെ നടത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്നും മെത്രാപ്പോലീത്ത പറഞ്ഞു. എഫ്സിആർഎ വിഷയത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മെത്രോപ്പോലീത്ത.
ആതുരസേവനങ്ങളിൽ ധാർമികമായി മുന്നോട്ടുപോകുന്ന സമുദായങ്ങളുടെ കടക്കൽ കത്തി വെക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടന്നത്. എന്തിനാണ് ഇങ്ങനെ കൂച്ചുവിലങ്ങിട്ട് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. സഭകൾ എങ്ങനെ ചലിക്കണം എന്ന് പ്രസിദ്ധീകരണങ്ങൾ വിശകലനം ചെയ്യണം എന്നൊക്കെ പറയുന്നത് ഉൾക്കൊള്ളാൻ കഴിയില്ല. ക്രൈസ്തവ സഭകൾ നാടിന്റെ നന്മയ്ക്കു വേണ്ടി ചെയ്യുന്ന സംഭാവന അതുല്യമാണ്. അതിൽ അസൂയ കൊണ്ടിട്ടാണോ ഇങ്ങനെ ചെയ്യുന്നത് എന്ന് അറിയില്ല. നല്ല കാര്യങ്ങൾ ചെയ്യുന്നവരോട് നിങ്ങൾ ചെയ്യേണ്ട എന്ന് പറയുന്ന സമീപനമാണ് ഇപ്പോൾ കാണുന്നത്. സഭയ്ക്ക് വിദേശത്തുനിന്ന് വരുന്ന പണം വിദേശികളുടെ പണം അല്ല, വിദേശത്ത് ജോലി ചെയ്യുന്ന സഭയുടെ മക്കളുടെ പണം ആണ്. ഭീകരജീവികളോടുള്ള പെരുമാറ്റം പോലെയുള്ള രീതിയാണ് കാണുന്നത്. ചെറിയ ന്യൂനത കണ്ടാൽ പോലും ഭീമമായ പിഴ ഈടാക്കും എന്ന് പറയുന്നതിലൂടെ നിങ്ങളാരും മുന്നോട്ടുപോകണ്ട എന്ന സന്ദേശമാണ് നൽകുന്നത്. മറ്റ് ക്രൈസ്തവ സഭകളുമായി കൂടിയാലോചിച്ചു പ്രതിഷേധം സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെടുക്കുമെന്നും മെത്രോപ്പോലീത്ത പറഞ്ഞു.
ഈ വിഷയത്തിൽ രാഷ്ട്രീയക്കാരുടെ പ്രസ്താവനകളോട് പ്രതികരിക്കുന്നില്ല. രാഷ്ട്രീയക്കാർക്ക് അവരുടെ നേട്ടങ്ങൾക്ക് വേണ്ടിയായിരിക്കും പ്രതികരണങ്ങൾ നടത്തുക. സഭയ്ക്ക് വ്യക്തമായ നിലപാടുണ്ടെന്നും മെത്രോപ്പോലീത്ത കൂട്ടിച്ചേർത്തു. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിൽ സഭ നിലപാട് പറഞ്ഞിട്ടുണ്ട്. വിഷയം ചർച്ച ചെയ്യാൻ യുഡിഎഫിന് വിട്ടു വെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മാറ്റമായി കാണുന്നുവെന്നും മെത്രോപ്പോലീത്ത പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam