
തിരുവനന്തപുരം: പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തോടെ ഓർത്തഡോക്സ്- യാക്കോബായ തർക്കം വീണ്ടും രൂക്ഷമായി. പാത്രിയാർക്കീസ് ബാവയുടെ മണർകാട് പള്ളി സന്ദർശനത്തിൽ സർക്കാരിനെതിരേയുള്ള അതൃപ്തി ഓർത്തഡോക്സ് സഭ വീണ്ടും പരസ്യമാക്കി. ബാവയുടെ മണർകാട് സന്ദർശനം സഭയ്ക്ക് വലിയ മുറിവുണ്ടാക്കിയെന്ന് ഓർത്തഡോക്സ് സഭയുടെ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത തുറന്നടിച്ചു. സർക്കാരിന് ലഭിച്ചത് വിചിത്രമായ നിയമോപദേശമാണെന്നും സഭയ്ക്കുണ്ടായത് വലിയ മുറിവാണെന്നും മുറിവുണ്ടാക്കിയവർ തന്നെ അത് ഉണക്കണമെന്നും അദ്ദേഹം പറഞ്ഞു. മൂലേടം പള്ളിയിൽ നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുത്ത പരിപാടിയിലായിരുന്നു അദ്ദേഹം പരസ്യമായ വിമർശനം ഉന്നയിച്ചത്.
''മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് വേണ്ടി, അതിന്റെ സത്യത്തിന് വേണ്ടി ചില കാര്യങ്ങൾ കൃത്യമായി പറയേണ്ടി വരുമ്പോൾ, അത്യാവശ്യം വേണ്ട രക്തസാക്ഷിത്വമാണ് വരുന്നതെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണ്. വളരെ വിചിത്രമായ ഒരു നിയമോപദേശം മൂലം മലങ്കര സഭയ്ക്ക് ലഭിച്ചതായ മുറിവ്, അത് ഉണക്കിയെടുക്കേണ്ടത് ആവശ്യമാണ്. അത് ഉണങ്ങണം. ഉണങ്ങാനായിട്ട്, ആരാണോ ആ മുറിവുണ്ടാക്കിയത്, അവർ തന്നെ ശ്രദ്ധിക്കണമെന്ന് ഏറ്റവും ആദരണീയനായ നിയമസഭ സ്പീക്കർ, ഞാൻ വ്യക്തിപരമായി ഹൃദയംതുറന്ന് സ്നേഹിക്കുന്ന ഏറ്റവും ബഹുമാന്യനായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സാറിന്റെ മുന്നിൽവെച്ച് പറയുകയാണ്. നല്ലത് മാത്രമേ ഏവരും പറയാവൂ, ലഡു കൊണ്ട് എറിഞ്ഞാലും ഏറ് ഏറാണെന്ന കാര്യം എല്ലാവരും മനസിലാക്കണം'' കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറോസ് പറഞ്ഞു.
താനോ ബാവയോ കോടതിയലക്ഷ്യം കാട്ടിയെന്ന് ആരോപിക്കുന്നവർക്ക് കോടതിയെ സമീപിക്കാമെന്ന് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവ പ്രതികരിച്ചു. ഇതിന്റെ പേരിൽ സർക്കാരിന്റെ പുറത്ത് കയറേണ്ട ആവശ്യമില്ല. സർക്കാർ ശരിയായ കാര്യങ്ങളേ ചെയ്തിട്ടുള്ളൂ. ഇതിന് മുൻപും ചെയ്ത കാര്യങ്ങൾ മാത്രമേ ചെയ്തിട്ടുള്ളൂ. പുതുതായി ഒന്നും പാത്രീയാർക്കീസ് ബാവ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഭയിലെ സമാധാനത്തിന് ആഹ്വാനം ചെയ്ത്കൊണ്ടാണ് പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തിയത്. മുളന്തുരുത്തി സുന്നഹദോസ് 150 ആം വാർഷിക ചടങ്ങിൽ മുഖ്യമന്ത്രിയും ഐക്യ ചർച്ചകൾക്ക് നേതൃത്വം കൊടുക്കാമെന്ന് പ്രഖ്യാപിച്ചു. ഐക്യ ആഹ്വാനത്തോട് അനുകൂലമായി പ്രതികരിച്ച ഓർത്തഡോകസ് സഭ ബാവയുടെ മണർകാട് പള്ളി സന്ദർശനത്തോടെ ഇടയുകയായിരുന്നു. പോലീസ് സംരക്ഷണത്തിൽ ബാവ എത്തിയതിലാണ് ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യുഹാനോൻ മാർ ദിയസ്കോറസ് പരസ്യവിമർശനമുന്നയിച്ചത്.
പാത്രിയാർക്കീസ് ബാവ കേരളത്തിലെത്തി ഒരു ചർച്ചയും നടത്താതെ ചർച്ച തുടരണമെന്ന് പറയുന്നതിൽ എന്ത് യുക്തി എന്നാണ് ഓർത്തഡോകസ് സഭയുടെ നിലപാട്. സമാധാന ചർച്ചകൾ വേണമെന്ന നിലപാടിൽ നിൽക്കുമ്പോഴും ബാവയുടെ സന്ദർശനുമായി ബന്ധപ്പെട്ട വിഷയം കോടതി കയറുമെന്നാണ് സൂചന. വിഷയത്തിൽ കോടതിയലക്ഷ്യവുമായി മുന്നോട്ട് പോകാനാണ് ഓർത്തഡോക്സ് വിഭാഗത്തിന്‍റെ നീക്കം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam