
കോട്ടയം: ഞായറാഴ്ച നിയന്ത്രണങ്ങളിൽ (Sunday Restriction) ഇളവ് വേണമെന്ന് ആവശ്യവുമായി ഓർത്തഡോക്സ് സഭ (Orthodox Church). ഞായറാഴ്ച ആരാധനയില്‍ വിശ്വാസികള്‍ക്ക് പങ്കെടുക്കുവാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിൽ ഉള്ളതെന്നും അതിനാൽ ഞായറാഴ്ച നിയന്ത്രണങ്ങളിൽ ഇളവ് നല്‍കണമെന്നും ഓർത്തഡോക്സ് സഭാ കത്തോലിക്ക ബാവ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണമെന്ന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ അഭ്യർത്ഥിച്ചു. സര്‍ക്കാരിന്റെ എല്ലാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഭയുടെ പൂര്‍ണ്ണമായ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ മാറ്റമില്ല, ഞായറാഴ്ച ലോക്ക്ഡൗൺ തുടരും
മൂന്നാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ അതേപടി തുടരാനാണ് യോഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകളോ ഇല്ല. ഞായറാഴ്ച ലോക്ക്ഡൗൺ മാറ്റമില്ലാതെ തുടരും.
സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ വലിയ മാറ്റമില്ലാത്ത സാഹചര്യത്തിലാണ് കൂടുതൽ ഇളവുകളിലേക്ക് കടക്കേണ്ട എന്ന് തീരുമാനിച്ചത്. അതേസമയം അതിരൂക്ഷ കൊവിഡ് വ്യാപനമുണ്ടായിരുന്ന തിരുവനന്തപുരത്ത് കേസുകൾ കുറഞ്ഞെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകനയോഗം വിലയിരുത്തി. എങ്കിലും തത്കാലം തിരുവനന്തപുരം സി കാറ്റഗറിയിൽ തന്നെ തുടരും. രാത്രിക്കാല കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങളൊന്നും വേണ്ടെന്നാണ് നിലവിലെ ധാരണ. സി കാറ്റഗറിയിൽപ്പെടുന്ന ജില്ലകളിൽ തീയേറ്ററുകളും ജിമ്മുകളും അടച്ച തീരുമാനം വലിയ വിമർശനങ്ങളുണ്ടായെങ്കിലും ആ നിയന്ത്രണങ്ങളും അതേപ്പടി തുടരാനാണ് തീരുമാനം.
അന്താരാഷ്ട്ര യാത്രാർക്കുള്ള റാൻഡം പരിശോധന ഇരുപത് ശതമാനമായിരുന്നത് രണ്ട് ശതമാനമാക്കി ചുരുക്കാൻ തീരുമാനിച്ചു. സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വ്യക്തമായസാഹചര്യത്തിൽ ഇനി വൈറസ് വകഭേദം കണ്ടെത്താനുള്ള പരിശോധന വേണ്ടെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡെൽറ്റയുമല്ലാതെ മറ്റേതെങ്കിലുംവകഭേദം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട് ശതമാനം പേർക്ക് റാൻഡം പരിശോധന നടത്താൻ തീരുമാനിച്ചത്.
അടുത്ത ആഴ്ചയോടെ സംസ്ഥാനത്തെ കൊവിഡ് കേസുകൾ കുറയുമെന്നും ഫെബ്രുവരി മൂന്നാം വാരത്തോടെ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് വരുമെന്നുമാണ് അവലോകനയോഗത്തിലെ പ്രതീക്ഷ. കൊവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികൾ നിറഞ്ഞു കവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോകനയോഗം വിലയിരുത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam