
കോട്ടയം: എഫ്സിആർഎ നിയമ ഭേദഗതിക്കെതിരെ ഓര്‍ത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. എഫ്‍സിആര്‍എ ഭേദഗതി ആശങ്കാജനകമാണെന്നും സഭകളുടെ പ്രവർത്തനങ്ങളെ തകിടം മറിക്കുന്ന വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. നിയമ ഭേദഗതി ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും ബാധിക്കും. ന്യൂനപക്ഷത്തെയാണ് കൂടുതലായി ബാധിക്കുന്നത്. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മോദിക്ക് ഇരട്ടത്താപ്പുണ്ടോയെന്ന് സംശയമുണ്ടെന്നും കാതോലിക്കാ ബാവാ മാധ്യമങ്ങളോട് പ്രതികരിച്ചു.
നിയമം പാലിച്ചാണ് സഭയുടെ പ്രവർത്തനമെന്ന് പറഞ്ഞ ഓർത്തോഡോക്സ് സഭാധ്യക്ഷൻ, എഫ്സിആർഎ നിയമ ഭേദഗതി സഭയെ വീർപ്പുമുട്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭകളുടെ സാമൂഹിക സേവനങ്ങളെ വിസ്മരിക്കരുത്. സഭാ മക്കൾ നൽകുന്ന നേർച്ചപ്പണത്തെ സംശയത്തോടെ കാണുന്നത് ശരിയല്ല. ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ മാറ്റമുണ്ടാകുന്നുണ്ടോ ആശങ്കയും കാതോലിക്കാ ബാവാ പ്രകടിപ്പിച്ചു. ബിജെപിക്ക് ഇരട്ടത്താപ്പ് ഉണ്ടോ എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷൻ പ്രവർത്തന രംഗങ്ങളെ പ്രയാസപ്പെടുത്തുന്നത് സങ്കടകരമാണ്. മലങ്കര സഭയുടെ 3 കാതോലിക്കാ ബാവാ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ടു. രേഖകളടക്കം രാജീവ് ചന്ദ്രശേഖറിന് കൈമാറിയെങ്കിലും നടപടിയുണ്ടായിട്ടില്ല. ബ്ലോക്ക് ചെയ്തതിൻ്റെ കാരണം വ്യക്തമാക്കുന്നില്ലെന്നും എല്ലാക്കാര്യങ്ങളും കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ഓർത്തഡോക്സ് സഭ അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.
അതേസമയം, എഫ്‍സിആര്‍എ ഭേദഗതി ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു. യുഡിഎഫും സിപിഎമ്മും നുണ പ്രചാരണം നിര്‍ത്തണമെന്നും കിരണ്‍ റിജിജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ടിഎംസി അതിക്രമം വ്യാപകമെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയശേഷം പ്രതികരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam