
ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചരണം ചൂടുപിടിക്കുമ്പോൾ ആലപ്പുഴയിലെ പി കൃഷ്ണപിള്ള സ്മാരകം തകർത്തത് സജീവ ചർച്ചയാക്കി ബിജെപിയും കോൺഗ്രസും. സിപിഎം അറിവോടെയാണ് സ്മാരകം തകർത്തതെന്നാണ് ജി സുധാകരനും കോൺഗ്രസ് നേതാക്കളും പ്രചരിപ്പിക്കുന്നത്. സ്മാരകം തകർത്ത കേസ് സജി ചെറിയാന് വേണ്ടി രമേശ് ചെന്നിത്തല അട്ടിമറിച്ചതാണെന്ന് ഹരിപ്പാട്ട് എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വാചസ്പതി പറഞ്ഞു. എന്നാൽ, രമേശ് ചെന്നിത്തല ഒരു നിൽക്കുന്ന ആളല്ല എന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോൾ ഗാലക്സിയിൽ മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ പ്രതികരണം. അതേസമയം, ആരോപണങ്ങള്‍ക്ക് മറുപടിയുമായി സജി ചെറിയാൻ രംഗത്തെത്തി. ഞങ്ങളായിരുന്നു കുറ്റക്കാരെങ്കിൽ അറസ്റ്റ് ചെയ്യാമായിരുന്നില്ലേയെന്നും അന്ന് പാർട്ടിയുടെ നേതാവ് ജി സുധാകരൻ ആയിരുന്നില്ലെയെന്നും സജി ചെറിയാൻ ചോദിച്ചു.
ജി സുധാകരൻ അറിയാതെ ഒന്നും നടക്കില്ല. കൃഷ്ണപിള്ള സ്മാരകം തകർത്തത് നാട്ടിലെ സാമൂഹ്യവിരുദ്ധരാണ്. നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു. അതിന് പിന്നിൽ കമ്മ്യൂണിസ്റ്റുകാരാണെന്ന് പ്രചരിപ്പിച്ചു. യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആഭ്യന്തരവകുപ്പ് ശ്രമിച്ചതെന്നും സജി ചെറിയാൻ ആരോപിച്ചു. അന്വേഷിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവന്നില്ല. കമ്മ്യൂണിസ്റ്റ് ആചാര്യന്റെ കേന്ദ്രം കത്തിച്ചപ്പോൾ കൂട്ടുനിന്നത് യുഡിഎഫാണ്. തിരുവഞ്ചൂർ രാധാകൃഷ്ണനും രമേശ് ചെന്നിത്തലയും അന്ന് അത് കണ്ടുപിടിക്കാതെ ഇന്ന് തെരഞ്ഞെടുപ്പ് കാലത്ത് ഞങ്ങളെ ആക്ഷേപിക്കുകയാണ്. കേസ് കോടതി തള്ളികളഞ്ഞതാണ്. ആദ്യഘട്ടത്തിലെ അന്വേഷണത്തിൽ വീഴ്ചയുണ്ടായി. അതോടെ പ്രോസിക്യൂഷൻ പരാജയപ്പെട്ടു. അവിടുത്തെ കോൺഗ്രസിനും ഇതിൽ പങ്കുണ്ട്. അവരെ സംരക്ഷിക്കാനാണ് വിടുപണി മുഴുവൻ ചെയ്തത്. ആ ശാസ്ത്രീയ തെളിവുകൾ ഒന്നും അന്ന് ശേഖരിച്ചില്ല. പിന്നെ ഇപ്പോൾ അപ്പീൽ നൽകിയിട്ട് കാര്യമില്ല. അന്ന് അത് ചെയ്യേണ്ടവർ ചെയ്തില്ല. രാത്രി രണ്ടുമണിക്ക് മൂന്നു മണിക്കോ വന്നു തീ വെച്ചാൽ പാർട്ടി എങ്ങനെ അറിയും. കേരളത്തിലെ മുഴുവൻ ക്രിമിനലുകളെയും അന്നത്തെ യുഡിഎഫ് സർക്കാർ സഹായിച്ചു. അതിന്റെ ഭാഗമായി കൃഷ്ണപിള്ള സ്മാരകം കത്തിച്ചവരെയും യുഡിഎഫ് സംരക്ഷിച്ചു. ഇപ്പോൾ അവരുടെ വാളായി ഒരാളെ കിട്ടിയപ്പോൾ അദ്ദേഹത്തെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചുവെന്നും സജി ചെറിയാൻ ആരോപിച്ചു.
യുഡിഎഫ് പാളയത്തിൽ എത്തിയ ജി സുധാകരൻ ആണ് കൃഷ്ണപിള്ള സ്മാരകം തകർത്തതിന് പിന്നിൽ സിപിഎം നേതാക്കൾക്ക് പങ്കുണ്ടെന്ന് ആരോപണം ആദ്യം ഉന്നയിച്ചത്. അന്ന് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയുടെ ചുമതലയിൽ ഉണ്ടായിരുന്ന സജി ചെറിയാനെയാണ് സുധാകരൻ ഉന്നം വെക്കുന്നത്. ശരിയായ പ്രതികൾ അല്ല നിയമത്തിനു മുന്നിൽ എത്തിയത് എന്ന സുധാകരന്‍റെ പ്രസ്താവന ഏറ്റുപിടിക്കുകയാണ് കോൺഗ്രസും ബിജെപിയും.2013 ഒക്ടോബർ 31ന് ആണ് കണ്ണർക്കാടുള്ള കൃഷ്ണപിള്ള സ്മാരകം തകർത്തത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ ജി സുധാകരൻ ഉന്നയിച്ച ആരോപണം ആവർത്തിച്ചു. വിഎസ് അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫ് ആയിരുന്ന ലതീഷ് ബി ചന്ദ്രനും അന്നത്തെ കണ്ണർകാട് ലോക്കൽ സെക്രട്ടറി പി സാബു അടക്കം അഞ്ചു പ്രതികളെയാണ് കൃഷ്ണപിള്ള സ്മാരകം തകർത്ത കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 2020 ഇവരെ കോടതി വെറുതെ വിട്ടു.കേസിന്റെ തുടക്കം മുതൽ അന്വേഷണ ഘട്ടത്തിൽ എല്ലാം സിപിഎം നേതൃത്വം മൃദുസമീപനമാണ് സ്വീകരിച്ചിരുന്നത്. സിപിഎമ്മിന്‍റെ ഈ നിലപാടാണ് കോൺഗ്രസിന്റെയും ബിജെപിയുടെയും രാഷ്ട്രീയ ആയുധം.
എന്നാൽ, വിഷയത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും ഒരേ പോലെ ആക്രമിക്കുകയാണ് ബിജെപി. സ്മാരകം തകർത്ത് സംഭവം നടന്ന മൂന്ന് മാസത്തിനപ്പുറം ആഭ്യന്തരമന്ത്രിയായ രമേശ് ചെന്നിത്തലയ്ക്ക് എതിരെയാണ് ബിജെപിയുടെ ആരോപണം. സജി ചെറിയാനെ രക്ഷിക്കാൻ കേസ് അട്ടിമറിച്ചത് രമേശ് ചെന്നിത്തല ആണെന്ന് ഹരിപ്പാട്ട് എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി ജില്ലാ പ്രസിഡണ്ടുമായ സന്ദീപ് വാചസ്പതി ആരോപിച്ചു.
ജി സുധാകരനെതിരെ സജി ചെറിയാൻ
കൃഷ്ണപിള്ള സ്മാരക തകര്‍ത്ത സംഭവത്തിലടക്കം ജി സുധാകരന്‍റെ ആരോപണവും സജി ചെറിയാൻ തള്ളി. ജി സുധാകരൻ പലതും പറയുമെന്നും അദ്ദേഹം പറയുന്നതിന് ഒരു വിലയുമില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അദ്ദേഹത്തിന്റെ കാര്യം കഴിഞ്ഞു. ആരും അംഗീകരിക്കില്ല. ജി സുധാകരൻ ജീവിതത്തിൽ ചെയ്യാവുന്ന ഏറ്റവും വലിയ പാതകം ചെയ്തു കഴിഞ്ഞു. ഞാൻ രണ്ടു മണിക്ക് അവിടെ എത്തിയെങ്കിൽ, അത് അന്വേഷിച്ചാൽ പോരെ. അന്ന് എന്തുകൊണ്ട് അന്വേഷിച്ചില്ല. തലേദിവസം വീട്ടിലേക്ക് പോയ താൻ രാവിലെ ആറുമണിക്ക് വിവരം അറിഞ്ഞു എട്ട് എട്ടരയ്ക്ക് അവിടെ എത്തി. ഇതൊക്കെ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ജി സുധാകരൻ ആളുകൾക്കിടയിൽ കൂടുതൽ ഒറ്റപ്പെടുകയാണ്. ഇങ്ങനെയൊക്കെ വിളിച്ചു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? ഞാൻ ജി സുധാകരനെ പോലെ രാഷ്ട്രീയ ജീർണത ബാധിച്ചവനല്ല. യഥാര്‍ത്ഥ കമ്യൂണിസ്റ്റാണ് താനെന്നും സകല സ്വത്തുക്കളും ഈ നാടിനെഴുതി വെച്ചവനാണെന്നും സജി ചെറിയാൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam