
ദില്ലി: സഭ തർക്കത്തില്‍ ഓർത്തഡോക്സ് വിഭാഗം പ്രതിനിധികൾ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തി. സഭ തർക്കം പരിഹരിക്കാനെന്ന പേരില്‍ കൊണ്ടുവരുന്ന നിയമ നിര്‍മാണത്തില്‍ നിന്ന് സർക്കാര്‍ പിൻമാറണമെന്ന് ഓർത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു. സുപ്രീംകോടതി ഉത്തരവ് മാനിക്കാതെയാണ് സർക്കാർ നടപടിയെന്നും ഇവർ ചൂണ്ടികാട്ടി. നിയമനിർമാണവുമായി മുന്നോട്ട് പോകുകയാണെങ്കില്‍ സർക്കാര്‍ ഓർത്തഡോക്സ് വിഭാഗവുമായി ചർച്ച നടത്തണമെന്നും ദില്ലി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രയോസ് ആവശ്യപ്പെട്ടു. കോടതി ഉത്തരവ് സമഗ്രമാണെന്നും നിയമനിർമ്മാണത്തിന്‍റെ ആവശ്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഓര്‍ത്തഡോക്‌സ് - യാക്കോബായ സഭ തര്‍ക്കവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസ് സുപ്രീംകോടതി നാലാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റിയിരുന്നു. 1934ലെ മലങ്കര ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിലൂടെ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ വിശദീകരിക്കുന്നതും ഇതിന് പരിഹാരമായുള്ള നിയമനിർമ്മാണം അടക്കം പ്രതിപാദിക്കുന്ന ഒരു റിപ്പോർട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. തർക്കം രമ്യമായി പരിഹരിക്കണമെന്ന ഹൈക്കോടതിയുടെ വാക്കാലുള്ള നിർദേശത്തിൽ നടപടി സ്വീകരിച്ച് വരുന്നതായിസംസ്ഥാന ചീഫ് സെക്രട്ടറിക്ക് വേണ്ടി സ്റ്റാൻഡിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. റിപ്പോർട്ട് സത്യവാങ്‌മൂലമായി സമർപ്പിക്കാനും ഇന്നലെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇരു വിഭാഗങ്ങളെയും പങ്കെടുപ്പിച്ച് കൊണ്ട് ഉന്നത തല യോഗം വിളിച്ച് ചേർക്കണമെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നതായും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഉന്നത തല യോഗത്തിൽ അഭിപ്രായ സമവായം ഉണ്ടായില്ലെന്നും റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്. സംസ്ഥാനം സമർപ്പിച്ച റിപ്പോർട്ടിന് മറുപടി നല്‍കാന്‍ നാലാഴ്ച സമയം വേണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗവും അറിയിച്ചതോടെയാണ് കേസ് മാറ്റിയത്.