
കോട്ടയം: സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ 52 പളളികളിൽ വീണ്ടും പ്രവേശിക്കാനൊരുങ്ങി യാക്കോബായ വിഭാഗം. ഇതനുസരിച്ച് പള്ളികളിലേക്ക് യാക്കോബായ വിഭാഗക്കാർ എത്തിത്തുടങ്ങി. മുളന്തുരുത്തി പഴയ പള്ളിയിലേക്ക് എത്തിയ യാക്കോബായ വിശ്വാസികൾ പള്ളിയിലേക്ക് പ്രവേശിക്കാനുള്ള തീരുമാനത്തിലുറച്ചു നിൽക്കുകയാണ്.
പള്ളിക്ക് പുറത്തായി സജ്ജീകരിച്ച യാക്കോബായ വിശ്വാസികളുടെ താത്കാലിക പ്രാർത്ഥന കേന്ദ്രത്തിൽ കുർബാന നടത്തിയ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ബിഷപ് ജോസഫ് മാർ ഗ്രിഗോറിയോസ് പള്ളിമുറ്റത്തെത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇവരെ തടയാനാണ് പൊലീസ് തീരുമാനം.
അതിനിടെ വടവുകോട് സെൻ്റ് മേരീസ് പള്ളിയിലും, കായംകുളം കട്ടച്ചിറ പള്ളിയിലും പ്രവേശിക്കാനുള്ള യാക്കോബായ സഭാ വിശ്വാസികളുടെ നീക്കം പൊലീസ് തടഞ്ഞു. പളളിക്ക് മുന്നിൽ യാക്കോബായ സഭാ വിശ്വാസികളുടെ പ്രതിഷേധിക്കുകയാണ്. കോടതി വിധി മറികടക്കാൻ അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേ സമയം വിശ്വാസികൾക്ക് പളളികളിലേക്ക് വരുന്നതിന് യാതൊരു തടസവും ഇല്ലെന്ന് ഓർത്തഡോക്സ് സഭ നിലപാട് അറിയിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് വരാമെങ്കിലും യാക്കോബായ സഭാ വൈദികരെയും ബിഷപ്പുമാരെയും പളളികളിൽ പ്രവേശിപ്പിക്കില്ലെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. മുളന്തുരുത്തി, പിറവം അടക്കമുളള 52 പളളികളിൽ പ്രവേശിക്കുമെന്നാണ് യാക്കോബായ വിഭാഗം അറിയിച്ചിരിക്കുന്നത്. പളളികൾ കൈമാറുന്നതിനെതിരെ യാക്കോബായ സഭ നടത്തുന്ന സമര പരിപാടികളുടെ ഭാഗമായാണ് പളളികളിൽ വീണ്ടും പ്രവേശിക്കാൻ ശ്രമിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam