യുഡിഎഫില്‍ നിന്ന് പുറത്തേക്ക്; ഇടത് സഹകരണ നീക്കം ശക്തമാക്കി ജോസ് കെ. മാണി

By Web TeamFirst Published Aug 27, 2020, 1:47 PM IST
Highlights

യുഡിഎഫില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായതോടെ ഇടത് മുന്നണിയുമായി പ്രാദേശിക സഹകരണനീക്കം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം. 

കോട്ടയം: യുഡിഎഫില്‍ നിന്ന് പുറത്താകുമെന്ന് ഉറപ്പായതോടെ ഇടത് മുന്നണിയുമായി പ്രാദേശിക സഹകരണനീക്കം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് ജോസ് പക്ഷം. കോട്ടയം മരങ്ങാട്ട്പിള്ളി പഞ്ചായത്തില്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് യുഡിഎഫ് ഭരണസമിതിക്കെതിരെ ജോസ് പക്ഷത്തെ അഞ്ച് അംഗങ്ങള്‍ കത്ത് നല്‍കി.ജോസിനൊപ്പം സഹകരിച്ചാല്‍ നേട്ടമുണ്ടാകുന്ന തദ്ദേശസ്ഥാപനങ്ങളുടെ കണക്കെടുപ്പ് സിപിഎമ്മും തുടങ്ങി.
 
അവിശ്വാസ പ്രമേയത്തിലും രാജ്യസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫിനൊപ്പം നിൽക്കാത്ത ജോസ് പക്ഷത്തെ മുന്നണിയില്‍ നിന്ന് പുറത്താക്കണമെന്ന് എല്ലാ ഘടകക്ഷികളും ഒറ്റക്കെട്ടായി ആവശ്യപ്പെട്ട് കഴിഞ്ഞു. ഈ നീക്കം മുന്നില്‍ കണ്ട് ഇടത് പ്രവേശന സാധ്യതകള്‍ ശക്തമാക്കിയിരിക്കുകയാണ് ജോസ് പക്ഷം. പ്രാദേശിക തലത്തിലാണ് ചര്‍ച്ചകള്‍.

ചിഹ്ന തര്‍ക്കത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി അനുകൂലമാകുമെന്ന് ജോസും കൂട്ടരും കരുതുന്നു. വിധി വന്നാല്‍ ഒട്ടും താമസമില്ലാതെ ഇടത് മുന്നണി പ്രവേശനം എന്നതാണ് ലക്ഷ്യം. പുറത്താക്കിയാലും പാര്‍ട്ടിയില്‍ ഭിന്നിപ്പ് ഉണ്ടാക്കാൻ യുഡിഎഫ് നേതാക്കള്‍ ശ്രമിക്കാൻ സാധ്യതയുണ്ടെന്ന് ജോസ് കെ മാണി കരുതുന്നു. 

ഇടതിനൊപ്പം പോയാല്‍ ചില നിയമസഭാ സീറ്റുകള്‍ നഷ്ടടമാകുമെന്നും ജോസ് പക്ഷത്തെ നേതാക്കള്‍ക്ക് ആശങ്കയുണ്ട്. ജോസിനെതിരെ കടുത്ത നിലപാട് എടുത്തിരുന്ന സിപിഐ അയഞ്ഞതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്ന് സിപിഎമ്മും കരുതുന്നു. തദ്ദേശത്തെരഞ്ഞെടുപ്പില്‍ ജോസിനെ കൂട്ടിയാല്‍ കോട്ടയത്ത് ഉള്‍പ്പെടെ മികച്ച മുന്നേറ്റമുണ്ടാകാനകുമെന്നും സിപിഎം വിലയിരുത്തുന്നു.

ഇതിനിടെയാണ് മരങ്ങാട്ട്പിള്ളിയില്‍ ജോസിന്‍റെ എല്‍ഡിഎഫ് സഹകരണം. പഞ്ചായത്തിലെ അഴിമതി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് ഭരണസമിതിക്കെതിരെ കത്ത് നല്‍കി. യുഡിഎഫില്‍ കോണ്‍ഗ്രസാണ് പഞ്ചായത്ത് ഭരിക്കുന്നത്.  കോട്ടയത്ത് 44 പഞ്ചായത്തുകളില്‍  കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്‍റെ സഹകരണത്തില്‍ നിലവില്‍ യുഡിഎഫ് ഭരണം നടത്തുന്നുണ്ട്. 27 ഇടത്താണ് എല്‍ഡിഎഫിന് സ്വാധീനം.

click me!