'ബോംബുണ്ട് സൂക്ഷിക്കുക'; 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനങ്ങള്‍

By Web TeamFirst Published Jul 10, 2022, 9:41 AM IST
Highlights

തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മമാർ, പറമ്പിൽ കളിക്കുന്ന കുട്ടികൾ ഇങ്ങനെ നിസ്സഹയരായ മനുഷ്യരാണ് ബോംബ് സ്ഫോടനത്തിന് ഇരകളാക്കപ്പെടുന്നത്. അയൽവീട്ടിൽ ബോംബാക്രമണം കണ്ട് അങ്ങോട്ടേക്ക് ഓടിയെത്തിയ ഇരിട്ടി പടിക്കച്ചാലിലെ ശ്രീധരന് നഷ്ടമായത് വലതുകാലാണ്.

കണ്ണൂര്‍: ബോംബ് നിർമ്മിച്ചതും പൊട്ടിത്തെറിയിൽ കൈകാലുകൾ നഷ്ടപ്പെട്ടതും ഉൾപെടെ കഴിഞ്ഞ 10 വർഷത്തിനിടെ കണ്ണൂരിൽ മാത്രം രജിസ്റ്റർ ചെയ്തത് നൂറിലധികം സ്ഫോടനക്കേസുകള്‍. തൊഴിലുറപ്പ് ജോലി ചെയ്യുന്ന അമ്മമാർ, പറമ്പിൽ കളിക്കുന്ന കുട്ടികൾ ഇങ്ങനെ നിസ്സഹയരായ മനുഷ്യരാണ് ബോംബ് സ്ഫോടനത്തിന് ഇരകളാക്കപ്പെടുന്നത്. അയൽവീട്ടിൽ ബോംബാക്രമണം കണ്ട് അങ്ങോട്ടേക്ക് ഓടിയെത്തിയ ഇരിട്ടി പടിക്കച്ചാലിലെ ശ്രീധരന് നഷ്ടമായത് വലതുകാലാണ്.

കഴിഞ്ഞ ദിവസമാണ് പത്തൊന്‍പതാംമൈല്‍ കാശിമുക്കില്‍ സ്‌ഫോടനത്തില്‍ മറുനാടന്‍ തൊഴിലാളികളായ അച്ഛനും മകനും മരിച്ചത്. ആക്രി പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ പാത്രത്തിൽ നിധിയാണെന്ന് കരുതിയാണ് അസംകാരൻ ഷഹീദുൾ സ്ഫോടന വസ്കു വീട്ടിലേക്ക് കൊണ്ടുവന്നത്. അച്ഛൻ ഫസൽ ഹഖിനോടൊപ്പം പാത്രം തുറന്നപ്പോഴുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേരും ചിതറിപ്പോയി. സ്ഫോടനം നടന്ന വീട്ടിൽ പിറ്റേന്ന് രാവിലെ എത്തിയ ഏഷ്യാനെറ്റ് ന്യൂസ് സംഘം അവിടെ കണ്ടത് ഒരു കൗമാരക്കാരനെയാണ്. പുറത്തെ മഴയിലേക്ക് കണ്ണുനട്ട് കരച്ചിലടക്കാൻ പാടുപെടുന്ന ഫസൽ ഹഖിന്റെ ഇളയ മകന്‍. ഒരു ജോലിയും ജീവിതവും സ്വപ്നം കണ്ട് മൈലുകൾ താണ്ടിയെത്തിയ ഈ 19കാരൻ അസമിലേക്ക് മടങ്ങിയത് പിതാവിന്റെയും ജ്യേഷ്ഠന്റെയും മൃതദേഹവും കൊണ്ടാണ്.

സ്വന്തം പിതാവും സഹോദരനും ഇല്ലാതെയായത് വിശ്വാസിക്കാനാകാതെ വിറങ്ങലിച്ച് നില്‍ക്കുന്ന 19 കാരന്‍റെ മുഖം കണ്ടിട്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ഈ അന്വേഷണ പരമ്പര ആരംഭിക്കുന്നത്. ഓരോ പൊട്ടിത്തെറിയിലും പൊലിഞ്ഞ് പോകുന്ന നിസഹായരായ മനുഷ്യരെ കുറിച്ച്, സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി ബോംബുണ്ടാക്കുന്ന കണ്ണൂരിലെ മനുഷ്യരെ കുറിച്ച്, ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ കുറിച്ച്, മുക്കിന് തുമ്പത്ത് ഓരോ പൊട്ടിത്തെറി ഉണ്ടാവുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയാതെ പൊലീസുകാരെ കുറിച്ചാണ് ഈ അന്വേഷണം.

സ്ഫോടനത്തില്‍ വികലാംഗരായവരും നിരവധി

58കാരനായ ശ്രീധരൻ്റെ ജീവിതം മാറിമറിഞ്ഞത് 2011 ഫെബ്രുവരിയിലാണ്. അയൽപക്കത്തെ വീട്ടിൽ ബോംബ് പൊട്ടുന്നത് കേട്ട് രക്ഷിക്കാൻ ഓടിച്ചെന്നതാണ് ശ്രീധരന്‍. അക്രമികൾ ശ്രീധരന്റെ നേർക്കും ബോംബെറിഞ്ഞ് ഓടി മറഞ്ഞു. അറ്റുപോയ കാലുമായി ശ്രീധരന്‍ ആശുപത്രിക്കിടക്കയിൽ കിടന്നത് മാസങ്ങളാണ്. ജീവിതം അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് അയാൾ തീർച്ഛപ്പെടുത്തി. പൊയ്ക്കാലുമായി പാടത്തേക്കിറങ്ങി. രാവേറുവോളം അധ്വാനിച്ചു. ഭീരുക്കളായ രാഷ്ട്രീയ ക്രിമിനലുകൾ നാണം കെട്ട് തോറ്റുപോകുന്നത് ശ്രീധരന്‍റെ ഈ നിശ്ചയ ധാർഢ്യത്തിന് മുന്നിലാണ്.

click me!