
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വപ്ന സുരേഷ് ആണെന്ന ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്ഐ ദേശീയ വൈസ് പ്രസിഡന്‍റുമായ മുഹമ്മദ് റിയാസ്. ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടണമെന്ന് റിയാസ് ആവശ്യപ്പെട്ടു.
ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണം. വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയുണ്ടാകും, സിസിടിവി ഇല്ലാത്ത കടയാണെങ്കില്‍ ഞങ്ങളെ കണ്ടാല്‍ തിരിച്ചറിയുകയെങ്കിലും ചെയ്യും. ഇത്തരം ആരോപണങ്ങള്‍ അസംബന്ധം എന്നല്ലാതെ എന്ത് പറയാനാണെന്ന് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
മകളുടെ വിവാഹത്തിന് സമ്മാനമായി ഫർണിച്ചറുകൾ നൽകിയത് സ്വപ്ന സുരേഷാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും മുഖ്യമന്ത്രിയുടെ മകളെ മാത്രമല്ല മരുമകനേയും ചോദ്യം ചെയ്യണം സന്ദീപ് വാര്യര്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം
അസംബന്ധം എന്നല്ലാതെ എന്തു പറയാൻ .?
ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.
ചാനലിൽ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടൂ. തെളിവുകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചയാൾക്ക് ധാർമ്മികമായി ബാധ്യത ഉണ്ട്.
ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.?
വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ ...?
ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കിൽ,
ഞങ്ങളെ ഒക്കെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാൻ ആ കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ ?
ആരോപണം വസ്തുതാപരമാണെങ്കിൽ തെളിവു കിട്ടാൻ ആരോപണം ഉന്നയിച്ചയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.
മറുവശം പോലും തേടാതെ ചില നിഷ്പക്ഷർ ഇത്
തൊണ്ട തൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്നത് കൊണ്ടാണ്
ഇത്രയും എഴുതിയത്.
-പി എ മുഹമ്മദ് റിയാസ് -
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam