
കോഴിക്കോട്: കെ വി തോമസിനെ (K V Thomas) എൻസിപിയിലേക്ക് സ്വാഗതം ചെയ്ത് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ (P C Chacko). കെ വി തോമസിനെതിരെ നടപടിയെടുക്കാൻ സെമിനാർ ഒരു കാരണം മാത്രമാണ്. കോൺഗ്രസിൻ്റെ ചരിത്രത്തിന് തന്നെ ഇത് അപമാനമാണ്. തിരുത്തേണ്ട ഹൈക്കമാൻഡ് എല്ലാം അംഗീകരിക്കുന്നുവെന്നും പി സി ചാക്കോ വിമര്‍ശിച്ചു. എൻസിപിയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. എംഎൽഎയ്ക്ക് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തും. മുഖം തിരിച്ച് നിൽക്കില്ല. പുതിയ ആളുകൾ വരുമ്പോൾ പഴയ ആളുകൾക്ക് ഉത്കണ്ഠ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെ പി ജെ കുര്യനും കൈവിട്ടു. ഹൈക്കമാൻഡ് നിർദേശം ഉണ്ടെന്ന് അറിയാതെയാണ് കെ വി തോമസിനെ പിന്തുണച്ചതെന്ന് പി ജെ കുര്യൻ വിശദീകരിച്ചു. അച്ചടക്കത്തിന്റെ ലക്ഷമണരേഖ ആരും കടക്കാൻ പാടില്ല. ഹൈക്കമാൻഡ് വിലക്ക് ലംഘിച്ചത് ശരിയായില്ല. സോഷ്യൽ മീഡിയ ആക്രമണം ഏറ്റവും കൂടുതൽ നേരിട്ട ആളാണ് താൻ. സൈബർ ആക്രമണത്തിൽ നടപടി വേണമെന്നും കുര്യൻ ആവശ്യപ്പെട്ടു.
വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്ത കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ് എഐസിസി. ഒരാഴ്ചക്കകം മറുപടി നല്‍കണമെന്ന് എ കെ ആന്‍റണി അധ്യക്ഷനായ അച്ചടക്ക സമിതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. അച്ചടക്കം ലംഘിച്ചിട്ടില്ലെന്നും മറുപടിക്ക് 48 മണിക്കൂര്‍ മതിയെന്നും കെ വി തോമസ് പ്രതികരിച്ചു.
Also Read : 'സുധാകരനല്ല കോൺഗ്രസ്, അജണ്ട നടപ്പാക്കുകയാണ്' ; കെപിസിസി അധ്യക്ഷനെതിരെ വീണ്ടും കെ വി തോമസ്
കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന വാര്‍റൂമില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്ന് അച്ചടക്ക സമിതി വിലയിരുത്തി. പാര്‍ട്ടി ഭരണ ഘടന പ്രകാരം തന്നെ കാര്യങ്ങള്‍ നീങ്ങട്ടയെന്ന് എ കെ ആന്‍റണി നിര്‍ദ്ദേശിച്ചു. അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി തോമസ് പ്രതികരിച്ചത്.
Also Read : 'ചവിട്ടിപ്പുറത്താക്കാനാവില്ല,നടപടിക്രമങ്ങളുമായി സഹകരിക്കും'; ജാതി പറഞ്ഞ് സുധാകരന്‍ അവഹേളിച്ചെന്നും തോമസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam