
പത്തനംതിട്ട: പ്രകൃതിക്ഷോഭവും കാലാവസ്ഥ വ്യതിയാനവും മൂലം കൃഷി നശിക്കുന്ന കർഷകർക്ക് നിയമപരമായി ലഭിക്കേണ്ട നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നശിച്ചു പോയ നെല്ല് സർക്കാർ ഉടനടി സംഭരിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ ആത്മഹത്യ ചെയ്ത കർഷകൻ രാജീവ് സരസന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു സതീശൻ്റെ പ്രതികരണം. കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
രാജീവിന്റെ ആത്മഹത്യ യഥാർത്ഥത്തിൽ കൊലപാതകമാണെന്നും, കൃഷി നഷ്ടപ്പെട്ട കർഷകർക്ക് ഉടൻ നഷ്ടപരിഹാരം വിതരണം ചെയ്യണമെന്നും സതീശൻ പറഞ്ഞു. കേരളം മുഴുവൻ ജപ്തി നോട്ടീസ് വിതരണം ചെയ്യുകയാണ്. കേരള ബാങ്ക് നടപടിയും ഭിന്നമല്ലെന്നാണ് സതീശൻ്റെ ആക്ഷേപം.
വേനൽ മഴയിൽ സംസ്ഥാനത്ത് 261 കോടിയുടെ കൃഷി നാശമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മഴ കനത്താൽ സ്ഥിതി കൂടുതൽ സങ്കീർണമാകും. കുട്ടനാട്ടിൽ നശിച്ചു പോയ നെല്ല്, നഷ്ടപരിഹാരം നൽകി സർക്കാർ പൂർണമായും സംഭരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപെട്ടു.
വ്യാപക കൃഷി നാശം ഉണ്ടായ കുട്ടനാട്ടിൽ യുഡിഎഫ് പ്രതിനിധി സംഘം സന്ദർശിച്ചു. കാർഷിക പ്രശ്നങ്ങൾ ഏറ്റെടുത്ത് ശക്തമായ സമരം തുടങ്ങുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
അപ്പർ കുട്ടനാട്ടിലെ നിരണം സ്വദേശി രാജീവൻ പത്താം തീയതി രാത്രിയാണ് തൂങ്ങി മരിച്ചത്. വേനൽ മഴയിൽ വ്യാപകമായി കൃഷി നശിച്ചതും കട ബാധ്യതയുമാണ് ആത്മഹത്യക്ക് കാരണം.
കൃഷി നാശത്തിന് മതിയായ നഷ്ട്ടപരിഹാരം കിട്ടാത്തതിനെതിരെ രാജീവൻ അടക്കം 10 കർഷകർ ഹൈകോടതിയിൽ റിട്ട് നൽകിയിരുന്നു. ഇതിനൊരു തീരുമാനം ആകും മുൻപാണ് രാജീവിന്റെ വിയോഗം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam