
തിരുവനന്തപുരം: പി സി ജോര്‍ജിനെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഉഷ ജോര്‍ജ്. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നില്‍. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടല്‍. മുഖ്യമന്ത്രിയെ വെടിവച്ചു കൊല്ലാനുള്ള ദേഷ്യം തനിക്കുണ്ട്. ഒരു കുടുംബം തകർക്കുന്ന പണിയാണ് അയാൾ ചെയ്‍തത്. എന്‍റെ കൊന്തയ്ക്ക് സത്യം ഉണ്ടങ്കിൽ ഈ ചെയ്തതിന് പിണറായി അനുഭവിക്കുമെന്നും ഉഷ ജോര്‍ജ് പറഞ്ഞു.
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തൻ്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ് പറഞ്ഞു. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൌസിൽ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് താൻ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നൽകി. ഇതിൻ്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ എൻ്റെ പേരിൽ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.
പീഡന കേസ്: പി സി ജോർജിനെ അറസ്റ്റ് ചെയ്യും
ജനപക്ഷം നേതാവ് പി സി ജോർജിനെ അറസ്റ്റ് ചെയ്യും. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസ് ജോർജിനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്താണ് ജോർജിനെതിരെ കേസെടുത്തത്. ഈ വർഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യ മൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിട്ടുണ്ട്.
ഈ കേസിൽ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കൽ പുരോഗമിക്കുകയാണ്. ചോദ്യം ചെയ്യൽ പൂർത്തിയായാൽ ഉടൻ പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുക്കാനാണ് നീക്കം. എന്നാല്‍ രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതെന്നാണ് പി സി ജോര്‍ജിന്‍റെ വാദം. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും താന്‍ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി സി ജോര്‍ജ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam