
തിരുവനന്തപുരം: സ്വാതന്ത്രസമരസേനാനിയും പ്രമുഖ ഗാന്ധിയനുമായ പി.ഗോപിനാഥൻ നായര്‍ ഗുരുതരാവസ്ഥയിൽ. നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം നിലവിൽ വെൻ്റിലേറ്ററിലാണെന്നും ന്യൂമോണിയ ബാധിച്ചതായി പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്നും ആശുപത്രി പുറത്തു വിട്ട ബുള്ളറ്റിനിൽ വ്യക്തമാക്കി. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും വഷളാവുകയായിരുന്നു.
1922 ജൂലൈയിൽ നെയ്യാറ്റിൻകരയിൽ ജനിച്ച ഗോപിനാഥൻ നായര്‍ വളരെ ചെറിയ പ്രായത്തിൽ ഗാന്ധിമാർഗ്ഗത്തിൽ എത്തിയ ആളാണ്. കുട്ടിയായിരുന്നപ്പോൾ നെയ്യാറ്റിൻകരയിൽ വന്ന ഗാന്ധിജിയെ നേരിൽ കാണുകയും ചെയ്തു. കോളജ് വിദ്യാർഥിയായിരുന്നപ്പോൾ സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് ജയിലിലായിട്ടുണ്ട്.
ജീവിതത്തിൽ ശക്തമായ സ്വാധീനം ചെലുത്തിയത് ശാന്തിനികേതനിലെ പഠനമാണ്. 1946-48 കാലത്ത് ചീനാഭവനിൽ വിശ്വഭാരതി സർവകലാശാലയിൽ ഗവേഷണ വിദ്യാർഥിയായി. 1951ൽ കെ. കേളപ്പൻെറ അധ്യക്ഷതയിൽ രൂപംകൊണ്ട ഗാന്ധി സ്മാരകനിധിയിൽ പ്രവർത്തിച്ചുകൊണ്ടാണ് കേരളത്തിലെ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് അതിൻെറ അധ്യക്ഷ സ്ഥാനത്തത്തെി. സർവസേവാ സംഘത്തിൻെറ കർമസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡൻറായും സംഘത്തെ നയിച്ചിട്ടുണ്ട്.
ഭൂദാനയജ്ഞത്തിന് നേതൃത്വം നൽകിയ വിനോബാഭാവെയുടെ പദയാത്രയിൽ 13 വർഷവും ഗോപിനാഥൻനായർ പങ്കെടുത്തു. ജയപ്രകാശ് നാരായണൻ നയിച്ച സത്യഗ്രഹങ്ങളിൽ പ്രധാന പങ്കുവഹിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam