
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്ത തീരുമാനം സ്വാഗതം ചെയ്ത് പി ജെ ജോസഫ്. സതീശന് എല്ലാ പിന്തുണയും പി ജെ ജോസഫ് വാഗ്ദാനം ചെയ്തു. രമേശ് ചെന്നിത്തലയ്ക്ക് കുറവുള്ളതുകൊണ്ടല്ല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയത്. കോൺഗ്രസിലെ തലമുറ മാറ്റമായി ഇതിനെ കണ്ടാൽ മതിയെന്നും പി ജെ ജോസഫ് പറഞ്ഞു. പുതിയ നേതൃത്വം എന്ന ചിന്ത പൊതുവേ ഉണ്ട്. നേതൃതലത്തിൽ ഇനിയും മാറ്റമുണ്ടാകും. ഘടകകക്ഷികളെ എല്ലാം ഒന്നിച്ച് കൊണ്ട് പോകാൻ സതീശന് കഴിയുമെന്നും പി ജെ ജോസഫ് പറഞ്ഞു.
പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനായിരിക്കും ഇനി പ്രതിപക്ഷത്തെ നയിക്കുക. ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്. സംസ്ഥാന കോണ്‍ഗ്രസിലെ തലമുറ മാറ്റത്തിനു കൂടി തുടക്കമിടുകയാണ് പ്രതിപക്ഷ നേതൃപദവിയിലേക്ക് വി ഡി സതീശനെ നിയമിച്ചതോടെ പാര്‍ട്ടി ഹൈക്കമാന്‍ഡ്. ഭരണത്തുടർച്ചയുമായി രാഷ്ട്രീയ വിജയത്തിന്‍റെ അത്യുന്നതിയിൽ നിൽക്കുന്ന പിണറായിയെ നേരിടുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ അതൃപ്തരെ അനുനയിപ്പിക്കലും പുതിയ പ്രതിപക്ഷ നേതാവിന് മുന്നിലെ വെല്ലുവിളിയാണ്.
മൂര്‍ച്ചയുളള നാവും തേച്ചു മിനുക്കിയ ചിന്തയുമാണ് സമകാലികരായ കോണ്‍ഗ്രസുകാര്‍ക്കിടയില്‍ വി ഡി സതീശനെ എന്നും വേറിട്ടു നിര്‍ത്തിയത്. സംസ്ഥാനമെമ്പാടും ഓടിനടന്ന് പ്രസംഗ മല്‍സരങ്ങളിലും ഡിബേറ്റുകളിലുമെല്ലാം സമ്മാനങ്ങള്‍ വാരിക്കൂട്ടിയൊരു വിദ്യാര്‍ഥി ജീവിതകാലത്തിന്‍റെ തുടര്‍ച്ചയാണ് കൊച്ചി നെട്ടൂര്‍ സ്വദേശിയായ ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam