തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വിളയാതെ ഞെളിയരുതെന്നാണ് വെള്ളാപ്പള്ളിയുടെ വിമർശനം. ആര്യയ്ക്ക് ധാർഷ്ട്യവും അഹങ്കാരവുമാണ്. അധികാരത്തിൽ ഇരുന്ന് ഞെളിയരുതെന്ന് പറഞ്ഞ വെള്ളാപ്പള്ളി പണ്ടത്തെ കാലമല്ല, നന്നായി പെരുമാറണമെന്നും കൂട്ടിച്ചേർത്തു. ആര്യാ രാജേന്ദ്രന്റെ പെരുമാറ്റദൂഷ്യം തിരുവനന്തപുരത്ത് തിരിച്ചടിയായി എന്നാണ് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടത്.
ബിഡിജെഎസിന്റെ സീറ്റുകളിൽ സവർണർ വോട്ട് ചെയ്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. നടന്നു കാല് തേഞ്ഞതല്ലാതെ ഒന്നും കിട്ടിയില്ല. ഇടത് പക്ഷത്തുള്ളവർക്ക് എന്തൊക്കെ കിട്ടി. എൻഡിഎയിൽ ഒന്നുമില്ല. പത്ത് വർഷം നടന്നു കാല് തളർന്നതല്ലാതെ എന്ത് കിട്ടി എന്ന് അവർ ചിന്തിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. മുന്നണി മാറ്റം അവർ ആലോചിക്കുന്നുണ്ട്. അവർ ആലോചിക്കട്ടെയെന്നും എസ്എൻഡി പി ഇടപെടില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ബിഡിജെഎസ് ഇടത് പക്ഷത്തേക്ക് പോകണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ട്. അവർ തീരുമാനിക്കട്ടെ.
പാട്ടിന്റെ പുറകെ പോയിട്ട് കാര്യമില്ലെന്നാണ് പാട്ട് വിവാദത്തിൽ വെള്ളാപ്പള്ളി പ്രതികരിച്ചത്. യാഥാർഥ്യബോധത്തോടെ എല്ലാം കാണണം. എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ ക്ഷീണം ഉണ്ടായി എന്ന് കരുതി മുങ്ങി പോയെന്നല്ലെന്നും മൂന്നാം പിണറായി സര്‍ക്കാര്‍ വരുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.



