'എല്ലാ ധാരണകളും ലംഘിക്കുന്നു'; ജോസ് കെ മാണിക്കെതിരെ നടപടിയെടുക്കണമെന്ന് പി ജെ ജോസഫ്

By Web TeamFirst Published Jun 20, 2020, 6:18 PM IST
Highlights

വാക്കുമാറ്റത്തിന്‍റെ നീണ്ട ചരിത്രമാണ് ജോസ് കെ മാണിക്കുള്ളതെന്നും എല്ലാ ധാരണകളും ലംഘിക്കുകയാണ് അദ്ദേഹമെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തി. 

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെക്കണമെന്ന യുഡിഎഫ് നിര്‍ദ്ദേശം കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം തള്ളിയതില്‍ രൂക്ഷ വിമര്‍ശനവുമായി പി ജെ ജോസഫ്. വാക്കുമാറ്റത്തിന്‍റെ നീണ്ട ചരിത്രമാണ് ജോസ് കെ മാണിക്കുള്ളതെന്നും എല്ലാ ധാരണകളും ലംഘിക്കുകയാണ് അദ്ദേഹമെന്നും പി ജെ ജോസഫ് കുറ്റപ്പെടുത്തി. മുന്നണി തീരുമാനം അംഗീകരിക്കാന്‍ കക്ഷികള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ജോസ് കെ മാണിക്കെതിരെ നടപടിയെടുക്കണമെന്നും പി ജെ ജോസഫ് ആവശ്യപ്പെട്ടു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം മുന്നണിയിലെ ധാരാണ പ്രകാരം ജോസഫ് വിഭാഗത്തിന് നല്‍കണമെന്നായിരുന്നു യുഡിഎഫിന്‍റെ നിര്‍ദ്ദേശം. തീരുമാനം അംഗീകരിക്കാത്ത ജോസ് കെ മാണിക്കെതിരെ മുന്നണി നേതൃത്വം നടപടി എടുക്കണമെന്ന് പിജെ ജോസഫും തിരിച്ചടിച്ചതോടെ കേരള കോണ്‍ഗ്രസ് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത മറ്റൊരു പൊട്ടിത്തെറിയുടെ വക്കിലെത്തിയിരിക്കുകയാണ്.

ഇരുവിഭാഗങ്ങളുമായി പലവട്ടം നടത്തിയ ചര്‍ച്ചയുടേയും പി ജെ കുഞ്ഞാലിക്കുട്ടിയുടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്കും ശേഷമാണ് യുഡിഎഫ്  ജോസ് വിഭാഗത്തോട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇനിയുള്ള മൂന്ന് മാസം പ്രസിഡന്‍റ് സ്ഥാനം ജോസഫ് വിഭാഗത്തിന് നല്‍കി മുന്നണി ധാരണ പാലിക്കണമെന്നാണ് യുഡിഎഫ് നിര്‍ദ്ദേശം. 

കെ എം മാണിയുടെ സാന്നിധ്യത്തിലുണ്ടാക്കിയ കരാറിന് ശേഷം ജോസഫ് വിഭാഗവുമായി പുതിയ ധാരണ ഉണ്ടായെന്നും അത് പാലിക്കണമെന്നുമാണ് യുഡിഎഫിന്‍റെ നിലപാട്. മുന്നണി ധാരണ പാലിക്കാനാകില്ലെങ്കില്‍ ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിടണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗത്തിന്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ  കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവരണമെന്ന് ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫ് നിര്‍ദ്ദേശം ജോസ് കെ മാണി തള്ളിയതിനെ  തുടര്‍ന്ന് ജോസഫ് വിഭാഗം നേതാക്കള്‍  തൊടുപുഴയില്‍ അടിയന്തിര യോഗം ചേര്‍ന്നു. 

മുന്നണിയില്‍ പൊട്ടിത്തെറി ഒഴിവാക്കി ജോസ് വിഭാഗത്തെ അനുനയിപ്പിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് തുടരുന്നുണ്ട്. കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥാനം രാജിവെക്കണമെങ്കില്‍  ഒക്ടോബറിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലേയും വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തിലും ഇപ്പോഴേ  ധാരണ വേണമെന്ന ആവശ്യവും ജോസ് വിഭാഗം മുന്നോട്ട് വെച്ചതായാണ് സൂചന. എന്നാല്‍ നിയമസഭ സീറ്റുകള്‍ പങ്കുവെക്കുന്ന ചര്‍ച്ച ഇപ്പോള്‍ പറ്റില്ലെന്ന ജോസഫ് വിഭാഗത്തിന്‍റെ കടുംപിടുത്തവും  ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ദുര്‍ബലമാക്കുന്നുണ്ട്.
 

click me!