
കോഴിക്കോട്: നിര്‍ണായക നേതൃസ്ഥാനങ്ങളില്‍ നിന്നും ഏറെ നാള്‍ അകറ്റി നിര്‍ത്തപ്പെട്ട ശേഷം സംസ്ഥാന സെക്രട്ടറിയേറ്റിലേക്കുള്ള അപ്രതീക്ഷിത വരവോടെ പാര്‍ട്ടിയില്‍ കരുത്തനാവുകയാണ്നി പി ജയരാജന്‍. സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് ജയരാജനത്തുമ്പോള്‍ അപ്രതീക്ഷിത തോല്‍വിയില്‍ ആടിയുലഞ്ഞ അണികളില്‍ ആവേശമേറ്റാനാകുമെന്ന് തന്നെയാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കണ്ണൂരിലെ പ്രവര്‍ത്തകര്‍ക്കിടയിലുള്ള സ്വാധീനവും സ്വീകാര്യതയും തന്നെയാണ് പി ജെയുടെ പ്ലസ് പോയിന്‍റ്. വ്യക്തി പൂജയെന്ന ആരോപണം നേരിട്ട് പാര്‍ട്ടിയിലെ നേതൃനിരയില്‍ നിന്നും തഴയപ്പെട്ട പി ജയരാജന് ഇത് സംഘടനാപരമായ പുനര്‍ജന്മമാണ്.
ഒപ്പമുള്ളവരും പിന്നാലെ വന്നവരുമെല്ലാം നേതൃപദവികളിലേക്കെത്തുമ്പോഴും പലവിധ കാരണങ്ങള്‍ കൊണ്ട് പാര്‍ട്ടി ഉന്നത പദവികളില്‍ നിന്നും മാറി നടക്കേണ്ടി വന്ന നേതാവ്. പ്രവര്‍ത്തകരുടെ പിന്തുണയില്‍ പകരം വെക്കാന്‍ മറ്റാരുമില്ലായിരുന്നെങ്കിലും, പി ജയരാജന്‍ ഒതുക്കപ്പെട്ടെന്ന വികാരമയായിരുന്നു അണികള്‍ക്ക്. രണ്ട് പതിറ്റാണ്ട് മുമ്പൊരു തിരുവോണ നാളില്‍ ആര്‍ എസ് എസ് അക്രമത്തില്‍ പാതിയറ്റ ജീവനില്‍ നിന്നും മടങ്ങിയെത്തിയ പോരാട്ടവീര്യമാണ് അണികള്‍ക്ക് പി ജെയെന്ന രണ്ടക്ഷരം. ചെറുത്തു നില്‍പ്പിന്‍റെ കാലത്ത് അണികളുടെ നെഞ്ചിലെ ആവശമായിരുന്നു ജയരാജന്‍. കണ്ണൂര്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യനായി വളര്‍ന്ന് 1998 ൽ സംസ്ഥാന കമ്മറ്റിയിലെത്തി. 2010 ല്‍ പി ശശിക്ക് പകരം കണ്ണൂര്‍ ജില്ലയുടെ ആക്ടിംഗ് സെക്രട്ടറി. ഒമ്പത് വര്‍ഷക്കാലം ജില്ലാ സെക്രട്ടറി പദത്തിലിരുന്ന പി ജെ, വടകര പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി നിശ്ചയിച്ചപ്പോളാണ് പദവിയൊഴിഞ്ഞത്. ഇതിനിടയില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലായ അക്രമ സംഭവങ്ങളില്‍ കരിനിഴല്‍ വീണത് ജയരാജന്‍റെ മേലായിരുന്നു എന്നതും ചരിത്രം. അരിയില്‍ ഷുക്കൂറിന്‍റെ കൊലപാതകവും കതിരൂര്‍ മനോജ് വധവുമെല്ലാം ഇക്കാലയളവിലായിരുന്നു. കതിരൂര്‍ മനോജ് വധക്കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്തപ്പോളുണ്ടായത് നാടകീയ സംഭവങ്ങള്‍. ടി പി ചന്ദ്രശേഖരന്‍റെ കൊലപാതകത്തിലും ജയരാജന്‍ ആരോപണം നേരിട്ടു. വിഭാഗീയതയുടെ കാലത്ത് പിണറായിക്ക് വേണ്ടി നിലയുറപ്പിച്ച ജയരാജന്‍ 2016 ല്‍ ഇടതു പക്ഷം അധികാരത്തിലെത്തിയ ശേഷം അതേ പിണറായിയില്‍ നിന്നും അകന്നതും കേരളം കണ്ടു. പാര്‍ട്ടി വേദികളില്‍ പി ജെ സൃഷ്ടിച്ച ആവശ തരംഗത്തില്‍ മറ്റു നേതാക്കളെല്ലാം പലപ്പോഴും നിഷ്പ്രഭരായി. മക്കളുടെ പേരില്‍ പഴി കേള്‍ക്കാത്ത പി ജെ, ആര്‍ എസ് എസിനെ പ്രതിരോധിക്കുന്നതിനും മുന്നില്‍ നിന്ന് പട നയിച്ച നേതാവാണ്. ഇതെല്ലാം അണികള്‍ക്കിടയിലുണ്ടാക്കിയ സ്നേഹം ചെറുതായിരുന്നില്ല. ശ്രീകൃഷ്ണജയന്തിക്ക് ബദല്‍ പരിപാടി സംഘടിപ്പിച്ചും, ആതുര ശുശ്രൂഷക്കായി സംഘടനയുണ്ടാക്കിയും പി ജെ കണ്ണൂര്‍ രാഷ്ട്രീയത്തെ പരീക്ഷണ ശാലയാക്കി. 2018 ലെ ശുഹൈബ് വധത്തിന് പിന്നാലെ ജയരാജനെതിരെ പാര്‍ട്ടിയിലും മുറുമുറുപ്പുണ്ടായി. പിറ്റേ വര്‍ഷം വടകര പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്നും തോല്‍വിയേറ്റു വാങ്ങിയെങ്കിലും ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ കിട്ടിയില്ല. സൈബറിടത്തില്‍ പാര്‍ട്ടിയുടെ കുന്തമുനയായ പി ജെ ആര്‍മിയെ റെഡ് ആര്‍മിയായി പരിണമിപ്പിച്ച പാര്‍ട്ടി, വ്യക്തി പൂജാ വിവാദത്തിലും പി ജെക്കെതിരെ വടിയെടുത്തു.
രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഖാദി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കൊണ്ടൊതുങ്ങേണ്ടി വന്നു ജയരാജന്. കഴിഞ്ഞ സമ്മേളനത്തിലെങ്കിലും സെക്രട്ടറിയേറ്റിലേക്കെത്തുമെന്ന് കരുത്തിയ ജയരാജന്‍ ഒതുക്കപ്പെട്ടത് എന്നെന്നേക്കുമാണെന്ന വികാരമായിരുന്നു അണികള്‍ക്ക്. നിയമസഭാ തെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ അണികള്‍ പി ജെക്കായി മുറവിളി കൂട്ടി. ഒടുവില്‍ ജയരാജനെന്ന അണികളുടെ നേതാവിനെ പാര്‍ട്ടിയുടെ നിര്‍ണായക നേതൃത്വ സംവിധാനത്തിലേക്ക് കൊണ്ടു വരുമ്പോള്‍ ലക്ഷ്യങ്ങള്‍ പലതാണ് പാര്‍ട്ടിക്ക്. പയ്യന്നൂരിലും തളിപ്പറമ്പിലും അടി തെറ്റിയ സംഘടനാ സംവിധാനങ്ങള്‍ പാര്‍ട്ടി വികാരമുയര്‍ത്തി തിരികെ പടുത്തുയര്‍ത്തണം. ശക്തമായ ജനകീയ അടിത്തറയുള്ള ഈ നേതാവ് ഉപരി കമ്മറ്റിയിലേക്ക് എത്തുന്നത് സി പി എമ്മിന്‍റെ ശാക്തി ചേരിയില്‍ തന്നെ നിർണായക മാറ്റമുണ്ടാക്കുമെന്നും ഉറപ്പാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam