
തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചെന്ന വാർത്ത തള്ളാതെ സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ. ഇപി കേന്ദ്രകമ്മിറ്റിയംഗമാണ്, പാർട്ടിയുടെ ഭാഗമായി നിന്നതിന് ക്രൂരമായി ആക്രമിക്കപ്പെട്ട നേതാവാണ് എന്ന് പി ജയരാജൻ പറഞ്ഞു. ഇപി ജയരാജനെതിരായി സംസ്ഥാന കമ്മിറ്റിയിൽ സാമ്പത്തിക ആരോപണം ഉയർന്നത് വ്യാജവാർത്തയാണോയെന്ന ചോദ്യത്തിന്, പാർട്ടിക്ക് അകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
ഇപി ജയരാജൻ റിസോർട് നടത്തുന്നത് തന്റെ ശ്രദ്ധയിൽപെട്ടിട്ടില്ല. താൻ ആ സ്ഥലത്ത് പോയിട്ടില്ല. നാട്ടിൽ മതപരമായ വർഗീയത ശക്തിപ്പെടുന്നു, ലഹരി ഉപയോഗം വർധിപ്പിക്കുന്നു. ഇതൊക്കെയാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയിലെ തെറ്റ് തിരുത്തൽ രേഖ അംഗീകരിച്ചിരുന്നു. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധത്തിനും തീരുമാനം എടുത്തിരുന്നു.
പാർട്ടി വലതുപക്ഷ നയത്തിലേക്ക് പോകുന്നുവെന്ന യാതൊരു ചർച്ചയും സംസ്ഥാന കമ്മിറ്റിയിൽ ഉണ്ടായിരുന്നില്ലെന്നും പി ജയരാജൻ പറഞ്ഞു. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയിൽ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്ന് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് യോഗത്തിൽ പി.ജയരാജൻ പറഞ്ഞു. റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തിൽ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജൻ ആവശ്യപ്പെട്ടു. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam