
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളണമെന്ന് സിപിഎം നേതാവ് പി. ജയരാജൻ. എപ്പോഴും ജനങ്ങൾക്കൊപ്പം നിൽക്കുക എന്ന പാഠം ഉൾക്കൊള്ളണം, ചരിത്രത്തെ ശരിയായി വിലയിരുത്തണം. എവിടെയെല്ലാം പോരായ്മകൾ സംഭവിച്ചു എന്ന് കൃത്യമായി പരിശോധിച്ച് മുന്നോട്ടുപോകണമെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ പാനൂരിൽ പി കെ കുഞ്ഞനന്ദൻ അനുസ്മരണ പരിപാടിയിലാണ് സിപിഎം നേതാവിന്‍റെ പരാമർശം.
അതേസമയം കേരളത്തിലെ പാർട്ടിയുടെ പ്രകടനത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ നിരാശ അറിയിച്ചിരുന്നു. ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലും നടക്കുമെന്ന് പിബി പ്രസ്താവനയിലൂടെ അറിയിച്ചു. ഇന്ന് ദില്ലിയിലെ സിപിഎം ആസ്ഥാനത്ത് ചേർന്ന പിബി തെരഞ്ഞെടുപ്പ് ഫലം വിലിയിരുത്തി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് വിശദമായ ചർച്ച യോഗത്തിൽ നടന്നു. ഇത്രയും വലിയ തിരിച്ചടിയുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് നടപടിയെടുക്കാനും, ബിജെപിയുടെ വളർച്ച തിരിച്ചറിയാനും സംസ്ഥാന ഘടകത്തിന് കഴിഞ്ഞില്ലെന്നും പിബി വിലയിരുത്തി. എല്ലാ സംസ്ഥാനങ്ങളോടും തെരഞ്ഞെടുപ്പ് ഫലം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനും പിബി നിർദേശിച്ചു. സംസ്ഥാന കമ്മറ്റികളിൽനിന്നുള്ള റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ വിലയിരുത്തൽ നടക്കും. എന്തൊക്കെ തിരുത്തൽ വേണമെന്ന് തുടർന്ന് തീരുമാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam