'നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടി ചുമക്കുന്നതെന്തിന്?', തുറന്നടിച്ച് പി ജയരാജൻ

By Web TeamFirst Published Sep 22, 2020, 11:23 AM IST
Highlights

സർക്കാരിന്റെ പ്രവർത്തനങ്ങളിലോ പാർട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കൾ അനധിക-ൃതമായി ഇടപെടുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സിപിഎം എന്നും കൈക്കൊണ്ടിട്ടുണ്ടെന്ന് 'മാതൃഭൂമി'ക്ക് നൽകിയ അഭിമുഖത്തിൽ പി ജയരാജൻ.

കണ്ണൂർ: നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ അത് ചുമക്കേണ്ട ഒരു ഉത്തരവാദിത്തവും പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജൻ. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെയും മന്ത്രി ഇ പി ജയരാജന്‍റെയും മക്കൾ തുടർച്ചയായി വിവാദങ്ങളിൽ പെട്ട കാലത്താണ് പി ജയരാജന്‍റെ തുറന്നുപറച്ചിൽ പുറത്തുവന്നതെന്നതാണ് ശ്രദ്ധേയം. സർക്കാരിന്റെ പ്രവർത്തനങ്ങളിലോ പാർട്ടി കാര്യങ്ങളിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നത് ശരിയല്ല. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സിപിഎം എന്നും കൈക്കൊണ്ടിട്ടുണ്ടെന്ന് 'മാതൃഭൂമി'ക്ക് നൽകിയ അഭിമുഖത്തിൽ പി ജയരാജൻ ആഞ്ഞടിക്കുന്നു. 

ഒരു ഘട്ടത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ശേഷം അദ്ദേഹം പാർട്ടിയിൽ സജീവമായിരുന്നില്ല. ഇപ്പോൾ, നിയമസഭാ, തദ്ദേശതെരഞ്ഞെടുപ്പുകൾ വരാനിരിക്കെയാണ്, നിർണായകമായ രാഷ്ട്രീയനിലപാട് സ്വീകരിച്ച് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ തിരികെയെത്തുന്നത്. 

മക്കളുടെ ഇടപെടലുകൾ പാർട്ടിയിലോ സർക്കാരിലോ ഉണ്ടാകുന്നത് ശരിയല്ല എന്നാണ് അദ്ദേഹം പറയുന്നത്. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നേതൃത്വത്തിനെതികെ നുണക്കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. മകൻ എന്തെങ്കിലും ഇടപാടിൽ പെട്ടിട്ടുണ്ടെങ്കിൽ അത് അവൻ തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടി പ്രതികരിക്കേണ്ടതുള്ളൂ. കുടുംബം ചെയ്യുന്ന തെറ്റ് പാർട്ടി വിശദീകരിക്കേണ്ട. അങ്ങനെ ആരുടെയെങ്കിലും മക്കൾ തെറ്റ് ചെയ്താൽ അവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ല - എന്ന് ജയരാജൻ പറയുമ്പോൾ, അതിന് രാഷ്ട്രീയാർത്ഥങ്ങളേറെ.

സിപിഎം നേതാക്കളെ രണ്ടു തട്ടിലാക്കി ചിത്രീകരിക്കരുത്. കോടിയേരിയും ഇപിയും എന്‍റെ സീനിയർ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യരുത്. നിയമവിധേയമായി ആരെങ്കിലും ബിസിനസ്സ് നടത്തി വരുമാനമുണ്ടാക്കുന്നത് തെറ്റല്ലെന്ന് പറയുമ്പോൾത്തന്നെ, അതിന്‍റെ ബാക്കിയായി ജയരാജൻ പറയുന്നതിങ്ങനെ. എന്‍റെ ഭാര്യ ടി പി യമുന കൂത്തുപറമ്പ് സഹകരണബാങ്ക് സെക്രട്ടറിയാണ്. രണ്ട് ആൺകുട്ടികൾ. മൂത്ത മകൻ ജെയിൻരാജ് ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു. കൊവിഡ് പ്രതിസന്ധി മൂലം വന്ദേഭാരത് സ്കീമിൽ നാട്ടിലെത്തി. രണ്ടാമത്തെ മകൻ ആശിഷ് പി രാജ് മാലദ്വീപിൽ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുന്നു. ആശിഷും വന്ദേഭാരത് സ്കീമിൽ കപ്പലിൽ നാട്ടിലെത്തി. 

സാധാരണക്കാരായ തന്‍റെ മക്കൾ, സാധാരണ ജോലികൾ ചെയ്ത് വരുമാനമുണ്ടാക്കുന്നവരാണെന്ന് പി ജയരാജൻ പറയാതെ പറയുകയും, നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടി സംരക്ഷിക്കില്ലെന്ന് പറയുന്നതും ചേർത്തു വായിക്കുമ്പോൾ, ശക്തമായ നിലപാട് പി ജയരാജൻ തുറന്നുപറയാൻ തയ്യാറാകുന്നു എന്ന് വ്യക്തമാണ്. 

തനിക്ക് വലിയ രാഷ്ട്രീയമോഹങ്ങളില്ലെന്നും, പാ‍ർട്ടി കാർ തിരിച്ചെടുത്തപ്പോൾ ഗൺമാന്‍റെ കാറിൽ സഞ്ചരിക്കേണ്ടി വന്നു എന്നതിൽ വലിയ കാര്യമൊന്നുമില്ലെന്നും ജയരാജൻ പറയുന്നു. ഒപ്പം അലൻ, താഹ വിഷയത്തിൽ അതേ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്നും ജയരാജൻ പറയുന്നു.

കടപ്പാട്: മാതൃഭൂമി ദിനപത്രത്തിൽ എം പി സൂര്യദാസിന് നൽകിയ അഭിമുഖം

click me!